കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത് പൊതുബോധത്തിന് മുകളിൽ നീതിബോധം നേടിയ വിജയമാണെന്ന് രാഹുൽ ഈശ്വർ. നിയമം നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരുടെയും വിജയമാണിതെന്നും ഫേസ്‌ബുക്ക് ലൈവിലൂടെ രാഹുൽ ഈശ്വർ അഭിപ്രായപ്പെട്ടു.

'ഇത് ദിലീപിന്റെ വിജയം മാത്രമല്ല.ദിലീപിന് മുൻകൂർ ജാമ്യം ലഭിക്കുന്നത് ഓരോ വ്യക്തിയുടെയും, നിയമം നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരുടെയും വിജയമാണ്. ഇത് പൊതുബോധത്തിന് മുകളിൽ നീതി ബോധം നേടിയ വിജയമാണ്.പൊതുബോധത്തിന്റെ പേരിൽ ഇത്രയും കാലം ഒരു വ്യക്തിയെ വളഞ്ഞിട്ട് വേട്ടയാടുകയായിരുന്നു. ഒരു സൈഡിൽ പൊലീസുകാർ, വെറൊരു സൈഡിൽ പ്രോസിക്യൂഷൻ, വേറൊരു സൈഡിൽ പത്രക്കാർ...അങ്ങനെ എല്ലാ വശത്തുനിന്നും കുറേ ഗൂഢാലോചനക്കാർ ദിലീപിനെ വളഞ്ഞിട്ട് വേട്ടയാടുന്നതായിരുന്നു നമ്മൾ കണ്ടത്.

ഇന്നത്തെ കോടതി വിധിയോടെ അവർ പറഞ്ഞ പല വാദങ്ങളും ദുർബലമാണെന്ന് തെളിഞ്ഞു. ഇതിനർത്ഥം ദിലീപ് നിരപരാധിയാണെന്ന് പ്രഖ്യാപിച്ചെന്നല്ല, പക്ഷേ കോടതി നിരപരാധിയാണെന്ന് പ്രഖ്യാപിക്കുന്നതിന്റെ ഒരു പടികൂടി ദിലീപ് അടുത്തെത്തിയെന്നുവേണം കരുതാൻ.

ദിലീപിന് ജാമ്യം ലഭിക്കുന്നത് എന്റെയും നിങ്ങളുടെയും കൂടി വിജയമാണ്. കാരണം നാളെ ഞാനോ നിങ്ങളോ ആരോടെങ്കിലും ദേഷ്യത്തിൽ ഫോണിൽ സംസാരിച്ചാൽ, ആ രണ്ടര സെക്കന്റോ മൂന്ന് സെക്കന്റോ എടുത്ത് കോടതിയിൽ പോയാൽ, ഞാനും നിങ്ങളുമടക്കം കൊലപാതക കുറ്റത്തിനും കൊലപാതക ഗൂഢാലോചനയ്ക്കും ജയിലിൽ കിടക്കേണ്ടിവരും.

ഇതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയാത്തതാണ്. ഒരു കാര്യം ആലോചിക്കുക, നമ്മളെല്ലാം നടിയോടൊപ്പമാണ്, ആ അഭിനേത്രിക്കൊപ്പമാണ്. നടിയോടൊപ്പം എന്ന് പറഞ്ഞാൽ ദിലീപിനെ ഏത് രീതിയിലും കുടുക്കണം എന്നല്ല അർത്ഥം. നടിയോടൊപ്പം എന്ന് പറഞ്ഞാൽ നടിയെ ആക്രമിച്ചവരെയും അതിന് കൂട്ടുനിന്നവരെയും ശക്തമായി ശിക്ഷിക്കണമെന്നാണ്.'-രാഹുൽ ഈശ്വർ പറഞ്ഞു.