തിരുവനന്തപുരം: കപുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന്റെ വീട്ടിൽ താനും പോയിരുന്നെന്ന് രാഹുൽ ഈശ്വർ. ശബരിമലയുമായി ബന്ധപ്പെട്ട ചെമ്പോല ഉണ്ടെന്നറിഞ്ഞാണ് പോയത്. ലഭിച്ചാൽ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ഉപയോഗപ്പെടുത്താമല്ലോ എന്നും കരുതി. പക്ഷെ ചെമ്പോല കണ്ടപ്പോൾ തോന്നിയ സംശയം അന്നു തന്നെ ചോദിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

'അദ്ദേഹത്തിന്റെ കൈയിൽ ഒരു ചെമ്പോലയുണ്ടെന്നും അതിന് 350 വർഷത്തിലേറെ പഴക്കമുണ്ടെന്നും പറഞ്ഞാണ് സിനിമാ മേഖലയിലുള്ളവർ വഴി എന്നെ ബന്ധപ്പെട്ടത്. 2017 ലോ 18 ലോ ആണ് പോയത്. അന്ന് കേരളത്തിലെ രണ്ട് പ്രമുഖ മാധ്യമങ്ങൾ മോൻസന്റെ വീട്ടിലെ മ്യൂസിയം സംബന്ധിച്ച് വാർത്തയും ചെയ്തിരുന്നു,' രാഹുൽ പറഞ്ഞു.ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് കേസിന് ഉപകരിക്കുന്ന എന്തെങ്കിലും പഴയ രേഖകൾ കിട്ടുമോ എന്ന് കരുതിയാണ് പോയതെന്നും എന്നാൽ തന്നെ കാണിച്ച തകിടുകളിൽ സംശയം തോന്നിയിരുന്നെന്നും അപ്പോൾ തന്നെ ഇക്കാര്യം പറഞ്ഞിരുന്നെന്നും രാഹുൽ ഈശ്വർ രാഹുൽ കൂട്ടിച്ചേർത്തു.

പുരാവസ്തു വിൽപ്പനയുടെ ഭാഗമായി തനിക്ക് രണ്ട് ലക്ഷത്തി അറുപതിനായിരം കോടി രൂപ രാജകുടുംബത്തിൽ നിന്നടക്കം എത്തിയെന്ന് വിശ്വസിപ്പിച്ച് വിവിധ ആളുകളിൽ നിന്ന് കോടികൾ കടം വാങ്ങിയായിരുന്നു മോൻസന്റെ തട്ടിപ്പ്.ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത യൂദാസിന് ലഭിച്ച വെള്ളി നാണയങ്ങളും, മോശയുടെ അംശവടിയും കണ്ട മറ്റൊരു ഐ.പി.എസ് ഉദ്യോഗസ്ഥന് തോന്നിയ സംശയമാണ് ഇയാളെ കുടുക്കിയത്.