ന്യൂഡൽഹി: രാജ്യത്തെ കാത്തിരിക്കുന്നത് ​ഗുരുതരമായ തൊഴിലില്ലായ്മയെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. യുവാക്കൾക്ക് തൊഴിൽ നൽകാൻ ഇന്ത്യക്ക് കഴിയില്ലെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു. "കോവിഡ് -19 മൂലം കനത്ത നഷ്ടമുണ്ടാകുമെന്ന് ഞാൻ മുന്നറിയിപ്പ് നൽകിയപ്പോൾ മാധ്യമങ്ങൾ എന്നെ പരിഹസിച്ചു. ഇന്ന് ഞാൻ പറയുന്നു നമ്മുടെ രാജ്യത്തിന് ജോലി നൽകാൻ സാധിക്കില്ല. നിങ്ങൾ എന്റെ അഭിപ്രായത്തെ അനുകൂലിക്കുന്നില്ലെങ്കിൽ ആറ് ഏഴ് മാസം കാത്തിരിക്കുക." - രാഹുൽ ഗാന്ധി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.

കൊറോണ വൈറസ് പകർച്ചവ്യാധിയെത്തുടർന്ന് കഴിഞ്ഞ നാല് മാസത്തിനിടെ രണ്ട് കോടി ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടുവെന്ന് രാഹുൽ നേരത്തേ ആരോപിച്ചിരുന്നു. "തൊഴിലില്ലായ്മയെക്കുറിച്ചുള്ള സത്യം" രാജ്യത്ത് നിന്ന് മറച്ചുവെക്കാനാവില്ലെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. "കഴിഞ്ഞ 4 മാസത്തിനിടെ ഏകദേശം രണ്ട് കോടി ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. രണ്ട് കോടി കുടുംബങ്ങളുടെ ഭാവി ഇരുട്ടിലാണ്.  ഒരു മാധ്യമ റിപ്പോർട്ട് ഉദ്ധരിച്ച് അദ്ദേഹം ട്വീറ്ററിൽ പറഞ്ഞു, കൊറോണ വൈറസ് പാൻഡെമിക് മൂലം ഏപ്രിൽ മുതൽ 1.89 കോടി തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടതായി രാഹുൽ ഗാന്ധി ഉദ്ധരിച്ച വാർത്താ റിപ്പോർട്ടിൽ പറയുന്നു.