ന്യൂഡൽഹി: മോദി നിർമ്മിത ദുരന്തങ്ങളിലൂടെ ഇന്ത്യ നിയന്ത്രണംവിട്ട് ഓടുന്നുവെന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. നരേന്ദ്ര മോദി സർക്കാറിനെതിരെ ട്വീറ്റിലൂടെയാണ് രാഹുൽ വിമർശനം നടത്തിയത്.

മൊത്തം ആഭ്യന്തര ഉൽപാദനം 23.9 ശതമാനമായി ചരിത്ര ഏറ്റവും വലിയ താഴ്ചയിലെത്തി. തൊഴിലില്ലായ്മ തോത് 45 വർഷത്തിനിടയിൽ ഏറ്റവും കൂടുതലാണ്. 12 കോടി പേർ തൊഴിൽ രഹിതരാണ്. ചരക്കുസേവന നികുതി (ജി.എസ്.ടി) കുടിശിക സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകുന്നില്ല.

കോവിഡ് കേസുകളുടെയും മരണങ്ങളുടെയും എണ്ണം ആഗോള തലത്തിൽ ഉയർന്നതാണ്. നമ്മുടെ അതിർത്തികളിൽ പുറത്തു നിന്നുള്ള കടന്നുകയറ്റങ്ങൾ ഉണ്ടാകുന്നുവെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യൻ സമ്പദ് വ്യവസ്ഥ കനത്ത തിരിച്ചടി നേരിടുമെന്നും വരുന്ന മൂന്നു പാദത്തിൽ വൻ താഴ്ചയിലേക്ക് പോകുമെന്നും ചൂണ്ടിക്കാട്ടിയുള്ള എസ്.ബി.ഐയുടെ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാറിനെ കടന്നാക്രമിച്ച് രംഗത്തെത്തിയത്. കൂടാതെ, ലഡാക്ക് അതിർത്തിയിൽ ചൈന കടന്നുകയറാൻ വീണ്ടും ശ്രമം നടത്തിയതും രാഹുലിന്റെ പ്രതികരണത്തിന് വഴിവെച്ചു.