തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായ പി ടി തോമസിന്റെ നിര്യാണത്തിൽ അനുശോചിച്ച് രാഹുൽ ഗാന്ധി വേദനിപ്പിക്കുന്ന വിയോഗമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. അടുത്ത സുഹൃത്തിനെയാണ് തനിക്ക് നഷ്ടമായത്. പി ടി തോമസിന്റെ വേർപാട് വ്യക്തിപരമായും സംഘടനാപരമായും അത്യന്തം ദുഃഖമുണ്ടാക്കുന്നതാണ്. വിവിധ വിഭാഗം ജനങ്ങളെ ഒന്നിപ്പിക്കാൻ പിടി തോമസിന് കഴിഞ്ഞിരുന്നു. കോൺഗ്രസ് നിലപാടുകളുമായി ഏറ്റവും അടുത്ത നേതാവാണ് പി ടി തോമസെന്നും രാഹുൽ ഗാന്ധി ഓർമ്മിച്ചു. വയനാട് മണ്ഡലത്തിലെ പരിപാടികൾ റദ്ദുചെയ്തു രാഹുൽ ഗാന്ധി കൊച്ചിയിലേക്ക് തിരിച്ചു.

വ്യക്തിപരമായും കേരളത്തിലെ യുവജനപ്രസ്ഥാനത്തിനും കോൺഗ്രസ് പാർട്ടിക്കും പൊതുസമൂഹത്തിനും തീരാനഷ്ടമെന്നാണ് എന്റെ സുഹൃത്തും സഹോദരനുമായ പി.ടിയെ കുറിച്ച് പറയാനുള്ളതെന്ന് എ കെ ആന്റണി അനുസ്മരിച്ചു. കഴിഞ്ഞ രണ്ടുമാസമായി അദ്ദേഹം ചികിത്സയിലായിരുന്നു. ആരോഗ്യനില സംബന്ധിച്ച് വിവരങ്ങളറിയാൻ അദ്ദേഹത്തിന്റെ കുടുംബവുമായിട്ടാണ് ഇക്കാലയളവിൽ ബന്ധപ്പെട്ടിരുന്നത്.

അസാധാരണ വ്യക്തിത്വം എന്നാണ് പി.ടിയെ കുറിച്ച് പറയാനുള്ളത്. ഇന്നത്തെ രാഷ്ട്രീയ കേരളത്തിൽ പകരക്കാരനില്ലാത്ത വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. തനിക്ക് ശരി എന്ന് തോന്നുന്ന കാര്യങ്ങൾക്കായി ഏത് സ്ഥാനം നഷ്ടപ്പെടുത്താനും പി.ടിക്ക് മടിയില്ല. തുറന്ന നിലപാടുകൾ കാരണം അദ്ദേഹത്തിന് നിരവധി നഷ്ടങ്ങളുണ്ടായിട്ടുണ്ട്.എന്നാൽ അതൊന്നും അദ്ദേഹത്തെ ഒട്ടും അലട്ടിയിരുന്നില്ല.പരിസ്ഥിതി സംരക്ഷണത്തിനായി ഒട്ടേറെ പ്രവർത്തനങ്ങൾ അദ്ദേഹം നടത്തി. രാഷ്ട്രീയക്കാരനെക്കാൾ ഉപരി കേരളത്തിന്റെ പൊതുവായ പ്രശ്നങ്ങളിൽ അദ്ദേഹം എന്നും ഇടപെട്ടിരുന്നുവെന്നും എ കെ ആന്റണി ഓർമ്മിച്ചു