ന്യൂഡൽഹി: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 37ാം രക്തസാക്ഷിത്വ വാർഷികത്തിൽ ഇന്ദിരയെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ഇന്ദിരാ ഗാന്ധിയെക്കുറിച്ചുള്ള വിഡിയോയും രാഹുൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

1984 ഒക്ടോബർ 31നാണ് ഡൽഹിയിൽവച്ച് ഇന്ദിരാ ഗാന്ധി അംഗരക്ഷകരുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. ഇന്ദിരയുടെ മരണ സമയത്ത് രാഹുലിന് 14 വയസ്സായിരുന്നു പ്രായം. ഇന്ദിര ഗാന്ധിയുടെ സംസ്‌കാര ചടങ്ങിൽ നിന്നുള്ള ഏതാനും ദൃശ്യങ്ങളാണ് രാഹുൽ പങ്കുവെച്ചിരിക്കുന്നത്. മരണാനന്തര ചടങ്ങുകളിൽ ഇന്ദിരാ ഗാന്ധിയുടെ മൃതദേഹത്തിനരികെനിന്ന് വിതുമ്പുന്ന രാഹുലിനെയും വിഡിയോയിൽ കാണാം.

ദാദിയെ(മുത്തശ്ശി)കുറിച്ചുള്ള ഓർമകളും അവർക്കൊപ്പമുള്ള അനുഭവങ്ങളും വീണ്ടും ഓർത്തെടുത്തുകൊണ്ട് ഏറെ വികാരാധീനനായാണ് മൂന്ന് മിനുട്ട് ദൈർഘ്യമുള്ള വീഡിയോയിൽ രാഹുൽ സംസാരിക്കുന്നത്.

1984ലെ ഈ ദിവസമാണ് എന്റെ പ്രിയപ്പെട്ട ദാദി, ഇന്ദിരാജി കൊല്ലപ്പെട്ടത്. എന്നെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്ത എന്റെ അമ്മയെപ്പോലെയായിരുന്നു അവർ. അവരുടെ മരണം എന്റെ ജീവിതത്തിൽ വലിയൊരു ശൂന്യത സൃഷ്ടിച്ചു. രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച രക്തസാക്ഷിയായിരുന്നു ഇന്ദിര. അവർ ഒരിക്കലും മറക്കപ്പെടില്ലെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് രാഹുൽ കുറിച്ചു.



വീഡിയോയിൽ രാഹുൽ പറയുന്നത് ഇങ്ങനെ..
ഇതെന്റെ ദാദിയുടെ മരണാനന്തര ചടങ്ങാണ്. ജീവിതത്തിലെ തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ രണ്ടാമത്തെ ദിവസം. 'തനിക്കെന്തെങ്കിലും സംഭവിച്ചാൽ കരയരുതെന്ന് അവർ മരിക്കുന്നതിന് മുൻപ് എന്നോട് പറഞ്ഞിരുന്നു. പക്ഷെ എന്താണ് ദാദി ഉദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. രണ്ട് മൂന്ന് മണിക്കൂറിന് ശേഷം ദാദി മരിച്ചു. കൊല്ലപ്പെടുമെന്ന സൂചന അവർക്ക് ഉണ്ടായിരിക്കണം. കുടുംബത്തിലെ എല്ലാവർക്കും അത്തരമൊരു തോന്നൽ ഉണ്ടായിരുന്നുവെന്ന് തോന്നി. ഒരിക്കൽ ഭക്ഷണമേശയിൽ ഇരിക്കുന്നതിനിടെ ദാദി പറഞ്ഞത്, രോഗം മൂലം മരിക്കുന്നതാണ് ഏറ്റവും ശപിക്കപ്പെട്ട അവസ്ഥ എന്നാണ്. ദാദിയുടെ ആ ഒരു കാഴ്ചപ്പാടിൽ ഇതാണ് ഏറ്റവും മികച്ച മരണം, രാജ്യത്തിന് വേണ്ടി, താൻ സ്നേഹിക്കുന്ന ആശയങ്ങൾക്ക് വേണ്ടി.. അത് ഇന്നെനിക്ക് മനസ്സിലാവുന്നു. രാഹുൽ പറഞ്ഞു. എന്റെ വീട്ടിൽ പിതാവ് വളരെ കണിശക്കാരനായിരുന്നു. എനിക്ക് രണ്ട് അമ്മമാരുണ്ടായിരുന്നു. പിതാവ് ദേഷ്യപ്പെടുമ്പോൾ എന്നെ സംരക്ഷിക്കുന്നത് എന്റെ ദാദി ആയിരുന്നുവെന്നും രാഹുൽ വീഡിയോയിൽ പറയുന്നുണ്ട്.

1984 ഒക്ടോബർ 31നാണ് ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി സ്വന്തം അംഗരക്ഷകരാൽ വധിക്കപ്പെട്ടത്. മരണത്തിനു ശേഷം ഇന്ദിരാഗാന്ധിയുടെ വസതി മ്യൂസിയമാക്കി മാറ്റുകയായിരുന്നു. ഇന്ദിരാഗാന്ധിയുടേയും കുടുംബത്തിന്റേയും നിരവധി ഓർമചിത്രങ്ങളും മറ്റുമാണ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നത്.

ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ രണ്ടാമത്തെ ദിവസമെന്നാണ് ആ ദിവസത്തെ രാഹുൽ വിശേഷിപ്പിക്കുന്നത്. ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദിവസം എന്റെ പിതാവിന്റെ സംസ്‌കാരച്ചടങ്ങുകൾ നടന്ന അന്നാണ്. രണ്ടാമത്തെ ദിവസം മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങ് നടന്ന ദിവസമാണെന്നും രാഹുൽ പറഞ്ഞു. കരയരുതെന്നാണ് എന്നോട് അവർ പറഞ്ഞത്. സംസ്‌കാരചടങ്ങുകളിൽ ഞാൻ മുഖം ഒളിപ്പിക്കുന്നതായി നിങ്ങൾക്കു കാണാം. വിഡിയോയിൽ രാഹുൽ പറയുന്നു.

രാഹുൽ ഗാന്ധിയുടെ സഹോദരി പ്രിയങ്കാ ഗാന്ധിയും ഇന്ദിരയെക്കുറിച്ചുള്ള ഓർമകൾ ട്വിറ്ററിൽ കുറിച്ചു. ഇന്ദിരാ ഗാന്ധിക്കൊപ്പം കളിക്കുന്ന പഴയ ചിത്രവും പ്രിയങ്ക പങ്കുവച്ചു. മനഃശക്തി, നിർഭയത്വം, ദേശഭക്തി എന്നിവയുടെ സന്ദേശമായിരുന്നു ഇന്ദിരാ ഗാന്ധിയുടെ ജീവിതമെന്നു പ്രിയങ്ക പ്രതികരിച്ചു.