കുവൈറ്റ്സിറ്റി: കുവൈറ്റിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന മദ്യനിർമ്മാണ കേന്ദ്രത്തിൽ റെയ്ഡ്. വലിയ ടാങ്ക് നിറയെ മദ്യവും മൂന്ന് വലിയ ഡിസ്റ്റിലേഷൻ യൂണിറ്റുകളും ഉൾപ്പെടെ സജ്ജമാക്കിയിരുന്നത് ഫ്ലാറ്റിലായിരുന്നു. റെയ്ഡിനെ തുടർന്ന് മദ്യനിർമ്മാണ കേന്ദ്രം അധികൃതർ പൂട്ടിച്ചു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വഫ്റയിലെ ഫ്ലാറ്റിൽ അഹ്‍മദി സെക്യൂരിറ്റി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.

മേജർ ജനറൽ സലാഹ് മതാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധനയിൽ കണ്ടെത്തിയതാവട്ടെ വിപുലമായ സന്നാഹങ്ങളോടെ പ്രവർത്തിച്ചിരുന്ന ഏറ്റവും വലിയ മദ്യ നിർമ്മാണ കേന്ദ്രങ്ങളിലൊന്നും. മദ്യം നിറച്ച് വിൽപനയ്ക്ക് തയ്യാറാക്കി വെച്ചിരുന്ന നിരവധി കുപ്പികളും പിടിച്ചെടുത്തു. ജനവാസ മേഖലയിലെ അപ്പാർട്ട്മെന്റ് മദ്യ നിർമ്മാണത്തിനായി ദുരുപയോഗം ചെയ്യുന്നുവെന്ന വിവരമാണ് അഹ്‍മദി സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. തുടർന്ന് അനുമതി വാങ്ങിയ ശേഷം ഉദ്യോഗസ്ഥർ ഇവിടെ പരിശോധനയ്ക്കെത്തുകയായിരുന്നു.