ന്യൂഡൽഹി: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷകർക്കു നേരേ വാഹനം ഓടിച്ചു കയറ്റി നാലു പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപകമായി ട്രെയിൻ തടയൽ സമരവുമായി സംയുക്ത കിസാൻ മോർച്ച.

യുപി, ഹരിയാന, പഞ്ചാബ്, ബിഹാർ, കൂടാതെ മഹാരാഷ്ട്രയിലെ ചില പ്രദേശങ്ങളിലും സമരം ശക്തമായിരുന്നു. പഞ്ചാബിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി കർഷക സംഘങ്ങൾ ട്രെയിൻ തടഞ്ഞു. ഉത്തർപ്രദേശിലെ ലഖ്നൗവിൽ 144 പ്രഖ്യാപിച്ചു. പൊലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം തുടരുന്ന കർഷക സംയുക്ത സംഘടനയായ എസ്.കെ.എം, ലഖിംപൂർ ഖേരി കേസിൽ നീതി ഉറപ്പാക്കും വരെ മാത്രമേ പ്രതിഷേധം ശക്തമാക്കുമെന്ന് അറിയിച്ചു. കർഷകരുടെ റെയിൽ റോക്കോ പ്രതിഷേധം വൈകുന്നേരം 4 മണി വരെ തുടർന്നു.

ലഖിംപൂർ ഖേരിയിലെ അക്രമവുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്ര മന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് സംയുക്ത കിസാൻ മോർച്ചയുടെ ആറ് മണിക്കൂർ 'റെയിൽ തടയൽ സമരം നടത്തിയത്. പ്രതിഷേധത്തിന്റെ ഭാഗമായി പഞ്ചാബിലെ കർഷകർ റെയിൽവേ ട്രാക്കിൽ കുത്തിയിരിക്കുന്നതിനാൽ യുപി പഞ്ചാബ് മേഖലകളിൽ പലയിടത്തും റെയിൽ ഗതാഗതം തടസ്സപ്പെട്ടു.

ഫിറോസ്പുർ ഡിവിഷന്റെ നാല് ഭാഗങ്ങൾ പ്രതിഷേധക്കാർ തടഞ്ഞതായി ഒരു റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു. ഫിറോസ്പുർ നഗരത്തിലെ ഫിറോസ്പുർ-ഫാസിൽക്ക വിഭാഗവും മോഗയിലെ അജിത്വാളിലെ ഫിറോസ്പുർ-ലുധിയാന വിഭാഗത്തേയും സമരം ബാധിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. 30ലേറെ സ്ഥലങ്ങളെ ഇതുവരെ സമരം ബാധിച്ചതായും പത്തോളം ട്രെയിനുകൾ നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ടെന്ന് റെയിൽ റോക്കോ സമരത്തെക്കുറിച്ച് വടക്കൻ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ പറഞ്ഞു.

പഞ്ചാബിൽ റെയിൽവേ ട്രാക്കുകളിൽ കർഷകർ കൂട്ടംകൂടിനിൽക്കുകയാണ്. ഫിറോസ്പുർ ഡിവിഷന്റെ നാല് ഭാഗങ്ങൾ പ്രതിഷേധക്കാർ തടഞ്ഞതായി റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. ഫിറോസ്പുർ നഗരത്തിലെ ഫിറോസ്പുർ-ഫാസിൽക്ക വിഭാഗവും മോഗയിലെ അജിത്വാളിലെ ഫിറോസ്പൂർ-ലുധിയാന വിഭാഗവും ബാധിക്കപ്പെട്ടു.

വിവിധ ജില്ലകളിൽ പ്രതിഷേധങ്ങൾ വ്യത്യസ്തമായിരിക്കുമെന്ന് കർഷക നേതാവ് രാകേഷ് ടികായത് പറഞ്ഞു. കേന്ദ്രം സംസാരിക്കാൻ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി അക്രമത്തിൽ പ്രതിഷേധിച്ച് സംയുക്ത കിസാൻ മോർച്ചയുടെ 'റെയിൽ റോക്കോ' ആഹ്വാനത്തെത്തുടർന്ന് ഹരിയാനയിലെ സോണിപത് റെയിൽവേ സ്റ്റേഷനിൽ ദ്രുതകർമ സേനയെ വിന്യസിച്ചിരുന്നു.

അതേസമയം, ലഖിംപുർ ഖേരി കർഷക കൂട്ടക്കൊലക്കേസിൽ അറസ്റ്റിലായ അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ വീണ്ടും കസ്റ്റഡിയിൽ കിട്ടാൻ പ്രത്യേകാന്വേഷണ സംഘം അപേക്ഷ നൽകിയേക്കും. മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ട ആശിഷ് മിശ്രയും അങ്കിത് ദാസ്, ഡ്രൈവർ ശേഖർ ഭാരതി, ഗൺമാൻ ലത്തീഫ് (കാല) എന്നിവരുമായി കഴിഞ്ഞ ദിവസം പ്രത്യേകാന്വേഷണ സംഘം ടികുനിയയിലെത്തി ബൻവീർപുർ റോഡിൽ നടന്ന കൊലപാതകം പുനരാവിഷ്‌കരിച്ചിരുന്നു. മരിച്ചവരുടെ ഡമ്മി റോഡിൽ നിർത്തി പഴയ ജീപ്പും എസ്യുവിയും മറ്റും ഉപയോഗിച്ചാണ് പുനരാവിഷ്‌കരണം നടത്തിയത്.