തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിലേക്കുള്ള മെട്രോ റെയിൽ നിർമ്മാണത്തിന്റെ രൂപരേഖ അശാസ്ത്രീയമാണന്ന് സമീപവാസികൾ ആരോപിച്ചു. ഇതു സംബന്ധിച്ചു നിവേദനം കൊച്ചി മെട്രോ അധികൃതർക്കു നൽകി.വീടുകളെ ബാധിക്കാതെ റെയിൽവേ സ്റ്റേഷൻ വരെ മെട്രോ എത്തിക്കുന്നതിനായി ഡി.എം.ആർ.സി തയ്യാറാക്കിയിരുന്ന രൂപരേഖയിൽ മാറ്റം വരുത്തിക്കൊണ്ടാണ് കെ.എം.ആർ.എൽ. പദ്ധതിയുമായി മുന്നോട്ടു പോകുന്നത്. ധാരാളം തുറസ്സായ സ്ഥലങ്ങൾ പദ്ധതി പ്രദേശത്തുള്ളപ്പോൾ ഇരുപതോളം വീടുകൾ പൊളിച്ചുമാറ്റിക്കൊണ്ടുള്ള മെട്രോ നിർമ്മാണം തീർത്തും അപലപനീയമാണ്. ആലുവ മുതൽ തൃപ്പൂണിത്തുറ എസ്.എൻ. ജംഗ്ഷൻ വരെ വിരലിലെണ്ണാവുന്ന വീടുകളെ മാത്രം ബാധിക്കുന്ന രീതിയിൽ നടത്തിയ നിർമ്മാണ പ്രവർത്തികൾ റെയിൽവേ സ്റ്റേഷനിലക്ക് നീട്ടുമ്പോൾ പൊളിച്ചു മാറ്റപ്പെടുന്നത് ഇരുപ തോളം വീടുകളാണ്. ഇത്രയധികം വീടുകൾ പൊളിച്ചു മാറ്റി ജനങ്ങളെ തെരുവിലിറക്കുന്നത് യാതൊരു കാരണവശാലും അംഗീകരിക്കാനാവാത്തതും, സർക്കാരിന് അധിക സാമ്പത്തികബാധ്യത വരുത്തി വെക്കുന്നതുമാണ്. വീടുകളെ ബാധിക്കാതെ മെട്രോ റെയിൽവേ സ്റ്റേഷനിലേക്ക് എത്തിക്കാനുള്ള സ്ഥലം പദ്ധതി പ്രദേശത്തുള്ളപ്പോൾ അത് പരിഗണിക്കാതെ മുന്നോട്ടു പോവുന്നതിൽനിന്നും അധികൃതർ പിന്മാറണമെന്നും താമസക്കാർ ആവശ്യപ്പെട്ടു.