കൊച്ചി: രാജ്യത്തെ ട്രെയിൻ സർവീസുകൾ സാധാരണനിലയിലേക്ക മാറുമ്പോൾ കേരളത്തിലെ 200 സ്റ്റോപ്പുക്കൾ റയിൽവെ പിൻവലിക്കും എന്ന് റിപ്പോർട്ടുകൾ. ടൈംടേബിൾ പരിഷ്കരണത്തിന്റെ ഭാ​ഗമായി കേരളത്തിലെ 200 സ്റ്റോപ്പുകൾ ഉൾപ്പെടെ ദക്ഷിണ റെയിൽവേയിലെ 800 സ്റ്റോപ്പുകൾ പിൻവലിക്കാൻ സാധ്യതയെന്നാണ് പുറത്ത് വരുന്ന വിവരം. അസമയത്ത് യാത്രക്കാർ കുറവുള്ള സ്റ്റേപ്പുകൾ റദ്ദാക്കുന്നതിനൊപ്പം നഷ്ടത്തിലോടുന്ന സർവീസുകൾ നിർത്തലാക്കുന്നതും റയിൽവെയുടെ പരി​ഗണനയിലുണ്ട്.

രാജ്യത്താകമാനം 500 ട്രെയിനുകളും 10,000 സ്റ്റോപ്പുകളുമാണു റെയിൽവേ പിൻവലിക്കാൻ ഒരുങ്ങുന്നത്. രാത്രി 12നും പുലർച്ചെ നാലിനുമിടയിൽ വരുന്ന സ്റ്റോപ്പുകൾ, തീരെ യാത്രക്കാരില്ലാത്ത സ്റ്റോപ്പുകൾ, പാസഞ്ചറുകൾ എക്സ്പ്രസുകളായി മാറ്റുമ്പോൾ ഒഴിവാക്കേണ്ടവ എന്നിങ്ങനെ 3 വിഭാഗങ്ങളായി തിരിച്ചാണു സ്റ്റോപ്പുകൾ പിൻവലിക്കുന്നത്. അസമയത്തെ സ്റ്റോപ്പുകൾ പിൻവലിക്കണമെന്നു നിർദ്ദേശമുയർന്നെങ്കിലും യാത്രക്കാർ കൂടുതലുള്ളതും ജില്ലാ ആസ്ഥാനങ്ങളിലെയും സ്റ്റോപ്പുകൾ നിലനിർത്താമെന്ന ധാരണയാണിപ്പോൾ. അമൃത, രാജ്യറാണി, മലബാർ, മാവേലി എന്നിവയുടെ അസമയത്തെ സ്റ്റോപ്പുകൾ കുറയ്ക്കുന്നതു പ്രായോഗികമല്ലെന്ന നിലപാടാണു ദക്ഷിണ റെയിൽവേ സ്വീകരിച്ചതെങ്കിലും അന്തിമ തീരുമാനം ബോർഡിന്റെയാകും.

വേണാട് എക്സ്പ്രസിന്റെ മയ്യനാട്, ഡിവൈൻ നഗർ സ്റ്റോപ്പുകൾ ഒഴിവാക്കുമെന്നാണു സൂചന. പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസാകുമ്പോൾ നഷ്ടമാകുന്ന സ്റ്റോപ്പുകളാണു കേരളത്തിൽ കൂടുതൽ. 3 മുതൽ 7 വരെ സ്റ്റോപ്പുകൾ ഇത്തരം ട്രെയിനുകൾക്കു കുറയും. പുനലൂർ–മധുര, ഗുരുവായൂർ–പുനലൂർ, കോയമ്പത്തൂർ–മംഗളൂരു എന്നീ പാസഞ്ചറുകളാണ് എക്സ്പ്രസാക്കുന്നത്. ഇവയുടെ ഹാൾട്ട് സ്റ്റേഷനുകളിലെ സ്റ്റോപ്പുകൾ ഇല്ലാതാകും. കൊല്ലം–പുനലൂർ, തൃശൂർ–ഗുരുവായൂർ, ഷൊർണൂർ–നിലമ്പൂർ, എറണാകുളം–കൊല്ലം സെക്‌ഷനുകളിലെ നഷ്ടത്തിലോടുന്ന പാസഞ്ചറുകൾ റദ്ദാക്കും. ചിലതു പുനഃക്രമീകരിക്കും. 10.15 കൊല്ലം–ചെങ്കോട്ട, 2.10 ചെങ്കോട്ട– കൊല്ലം, 12.20 എറണാകുളം– കോട്ടയം, 1.00 കായംകുളം– എറണാകുളം, 5.10 കായംകുളം– എറണാകുളം, രാത്രി 9.00 കൊല്ലം– എറണാകുളം എന്നിവയാണു തെക്കൻ കേരളത്തിൽ റദ്ദാക്കാൻ സാധ്യതയുള്ള പാസഞ്ചറുകൾ.

ട്രെയിനുകളുടെയും സ്റ്റോപ്പുകളുടെയും ലാഭനഷ്ടക്കണക്കുകൾ എല്ലാ വർഷവും പരിശോധിച്ചു നഷ്ടത്തിലുള്ളവ നിർത്തലാക്കണമെന്ന നിർദ്ദേശവും റെയിൽവേക്കു മുന്നിലുണ്ട്. മുംബൈ ഐഐടിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണു നടപടികൾ. ഒരു വർഷം 50 ശതമാനത്തിൽ താഴെ യാത്രക്കാരുമായി മാത്രം സർവീസ് നടത്തുന്ന ട്രെയിനുകൾ ഇനി നിലനിർത്തില്ലെന്നാണ് റയിൽവെയുടെ തീരുമാനം. അവശ്യമെങ്കിൽ മാത്രം ഇത്തരം ട്രെയിനുകളെ മറ്റേതെങ്കിലും ട്രെയിനുമായി സംയോജിപ്പിച്ച് സർവീസ് നടത്താനാണ് തീരുമാനം.

ദീർഘദൂര സർവീസുകളിലെ സ്റ്റോപ്പുകളിലും മാറ്റം വരും. ദീർഘദൂര ട്രെയിനുകളിൽ 200 കിലോമീറ്റർ പരിധിക്കുള്ളിൽ സ്റ്റോപ്പുകൾ ഉണ്ടാകില്ല. സ്റ്റോപ്പുകൾ റദ്ദാക്കുന്നതിനായി വിവിധ സർവീസുകളിലെ പതിനായിരം സ്റ്റോപ്പുകളുടെ പട്ടിക ഇന്ത്യൻ റെയിൽവേ തയ്യാറാക്കി കഴിഞ്ഞു. എന്നാൽ 200 കിലോമീറ്റർ പരിധിക്കുള്ളിൽ സുപ്രധാന നഗരങ്ങൾ ഉണ്ടെങ്കിൽ സ്റ്റോപ്പുകൾ അനുവദിക്കും. അതേസമയം ചില ട്രെയിനുകളിൽ മാത്രമേ ഇത് ബാധകമാകു എന്നാണ് റെയിൽവേ വൃത്തങ്ങൾ പറയുന്നത്. സബർബൻ സർവീസുകൾക്ക് ഈ മാാറ്റങ്ങൾ ബാധകമായിരിക്കില്ല.

അതേസമയം, രാജ്യത്ത് ട്രെയിൻ സർവീസുകൾ എന്ന് സാധാരണ നിലയിലാകും എന്നത് സംബന്ധിച്ച് ഇനിയും കൃത്യമായ തീരുമാനം കേന്ദ്ര സർക്കാർ കൈക്കൊണ്ടിട്ടില്ല. രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനൊപ്പമാണ് ട്രെയിൻ സർവീസുകൾ നിർത്തിവച്ചത്. പിന്നീട് മെയ്‌ ആദ്യം ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായുള്ള ട്രെയിൻ സർവീസുകൾ ആരംഭിച്ചു. മെയ് 12 മുതൽ ടൈംടേബിൾ പ്രകാരമുള്ള 12 ജോഡി പ്രത്യേക ട്രെയിൻ സർവീസുകളും ആരംഭിച്ചു. രാജധാനി ട്രെയിനുകളുടെ റൂട്ടുകളിൽ രാജ്യ തലസ്ഥാനമായ ഡൽഹിയിൽ നിന്ന് തിരുവനന്തപുരം അടക്കമുള്ള നഗരങ്ങളിലേക്കായിരുന്നു ഈ ട്രെയിൻ സർവീസുകൾ.

തുടർന്ന് ജൂൺ ഒന്ന് മുതൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലൂടെയുള്ള റൂട്ടുകളിൽ ഇരു ദിശകളിലേക്കുമായി 200 പ്രത്യേക ട്രെയിൻ സർവീസുകളും റെയിൽവേ ആരംഭിച്ചിരുന്നു. ഈ ട്രെയിനുകളും രാജധാനി റൂട്ടുകളിലെ ട്രെയിനുകളും സർവീസ് തുടരുന്നുണ്ട്. മുംബൈ നഗരത്തിൽ അവശ്യ സേവനങ്ങൾക്കുള്ള ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും യാത്രക്കായി പ്രത്യേക സബർബൻ ട്രെയിൻ സർവീസുകളും റെയിൽവേ ആരംഭിച്ചിരുന്നു. പ്രാദേശിക ഭരണ അധികൃതർ അംഗീകരിച്ച ജീവനക്കാർക്ക് മാത്രമാണ് ഈ ട്രെയിനുകളിൽ യാത്രാ അനുമതി. ഈ ട്രെയിനുകളും സർവീസ് തുടരുമെന്ന് റെയിൽവേ അറിയിച്ചു. യാത്രാ ട്രെയിനുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചതോടെ ഇന്ത്യൻ റെയിൽ‌വേയ്ക്ക് ഈ സാമ്പത്തിക വർഷം 40,000 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.