തിരുവനന്തപുരം: കേരളത്തിന്റെ പ്രതിഷേധത്തെ തുടർന്ന് റദ്ദാക്കിയ ജനശതാബ്ദി-വേണാട് ട്രെയിനുകൾ പുനഃസ്ഥാപിച്ചു. തിരുവനന്തപുരം കോഴിക്കോട്, തിരുവനന്തപുരം കണ്ണൂർ ജനശതാബ്ദികൾ സർവീസ് തുടരും. തിരുവനന്തപുരം എറണാകുളം വേണാട് സ്‌പെഷൽ ട്രെയിനും പുനഃസ്ഥാപിച്ചു.

അതേസമയം ജനശതാബ്ദിക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചിട്ടില്ല. തലശേരി, വടകര, ചങ്ങനാശേരി, കായംകുളം, വർക്കല, ആലുവ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണമെന്നു സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്ന മുറയ്ക്കു അവ അനുവദിക്കുമെന്നു അധികൃതർ പറഞ്ഞു. ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ മറുപടി കത്ത് ഇതു വരെ റെയിൽവേയ്ക്കു ലഭിച്ചിട്ടില്ല. അൺലോക് 4ന്റെ ഭാഗമായി കേരളത്തിനു സ്‌പെഷൽ ട്രെയിനുകൾ ലഭിച്ചിട്ടില്ലെങ്കിലും അടുത്ത പട്ടികയിൽ ട്രെയിൻ ലഭിക്കണമെങ്കിൽ കേരളം ആവശ്യപ്പെടണം.

25 ശതമാനത്തിൽ കുറവ് യാത്രക്കാരുള്ള ട്രെയിനുകൾ റദ്ദാക്കിയ കൂട്ടത്തിലാണ് റെയിൽവേ ഈ ട്രെയിനുകളെ ഉൾപെടുത്തിയത്. എന്നാൽ, കോഴിക്കോട് ജനശതാബ്ദി ട്രെയിൻ 50 ശതമാനം വരെ യാത്രക്കാരെയുമായാണ് കഴിഞ്ഞ ദിവസങ്ങളിൽ ഓടിയത്. ഓണത്തിന് മുമ്പുള്ള കണക്കുപ്രകാരമാണ് റെയിൽവേ ട്രെയിൻ റദ്ദാക്കിയത്.

ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രാബല്യത്തിലായതോടെ ട്രെയിൻ യാത്രക്കാരുടെ എണ്ണം കൂടിവരുന്നതായി റെയിൽവേ വൃത്തങ്ങൾ അറിയിച്ചിരുന്നു.റെയിൽവേയുടെ തീരുമാനത്തിൽ യാത്രക്കാരുടെ ഭാഗത്തുനിന്ന് കടുത്ത പ്രതിഷേധമുയർന്നിരുന്നു. അതേസമയം, ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് സർവിസ് നടത്തുന്ന നേത്രാവതി, മംഗള, തുരന്തോ ട്രെയിനുകൾ സെപ്റ്റംബർ 15 മുതൽ കേരളത്തിലൂടെ ഓടും. നിലവിൽ കൊങ്കണിൽ മണ്ണിടിച്ചിൽ മൂലമാണ് ട്രെയിനുകൾ വഴിമാറി ഓടുന്നത്.