ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണങ്ങളാൽനിർത്തിവച്ചിരുന്ന ട്രെയിനുകളിലെ ഭക്ഷണ വിൽപന പുനരാരംഭിക്കാൻ റെയിൽവേയുടെ തീരുമാനം. ഇനി ദീർഘദൂര യാത്രകൾക്കായി ട്രെയിനുകളെ ആശ്രയിക്കുന്നവർക്ക് ഭക്ഷണത്തെ കുറിച്ച് ആശങ്കപ്പെടേണ്ടി വരില്ല. പാകം ചെയ്ത ഭക്ഷണ വിൽപ്പന ഉടൻ പുനരാരംഭിക്കാൻ തീരുമാനിച്ചതായി അറിയിച്ച് റെയിൽവേ ഐആർസിടിസിക്കു കത്തയച്ചു.

രാജ്യത്തെ ട്രെയിൻ സർവീസുകൾ സാധാരണ നിലയിലായതിനാലും ഭക്ഷണശാലകൾ പ്രവർത്തിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ നീക്കിയതിനാലുമാണു തീരുമാനമെന്ന് റെയിൽവേ ഐആർസിടിസിക്ക് അയച്ച കത്തിൽ അറിയിച്ചു.

മെയിൽ, എക്സ്പ്രസ് ട്രെയിനുകൾക്ക് സ്പെഷൽ ടാഗുകൾ ഒഴിവാക്കാനും കോവിഡ് മുൻപത്തെ ടിക്കറ്റ് നിരക്കുകൾ പുനഃസ്ഥാപിക്കാനും തീരുമാനമെടുത്ത് ദിവസങ്ങൾക്കകമാണ് റെയിൽവേ പുതിയ തീരുമാനവും പ്രഖ്യാപിച്ചിരിക്കുന്നത്.

രാജ്യത്താകമാനം കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവുകൾ വരുത്തിയതിനെ തുടർന്ന് ട്രെയിൻ ഗതാഗതം പൂർവസ്ഥിതിയിൽ എത്തിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ ആദ്യഘട്ടമായി ദീർഘദൂര ട്രെയിനുകൾ പുനഃസ്ഥാപിക്കുകയും ഹ്രസ്വദൂര ട്രെയിനുകൾ കൂടിയ നിരക്കിൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തിരുന്നു.

കോവിഡ് കേസുകൾ കുറഞ്ഞതിനെ തുടർന്ന് യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ ടിക്കറ്റ് നിരക്കുകൾ കുറയ്ക്കണമെന്ന ആവശ്യം ശക്തമായിരുന്നു. തുടർന്ന് കഴിഞ്ഞ ശനിയാഴ്ച സ്പെഷൽ ടാഗുകൾ പിൻവലിക്കാനും പഴയ നിരക്ക് പുനഃസ്ഥാപിക്കാനും റെയിൽവേ തീരുമാനിക്കുകയായിരുന്നു.

ആഭ്യന്തര വിമാന സർവീസുകളിൽ ഭക്ഷണം വിതരണം ചെയ്യാൻ വ്യോമയാന മന്ത്രാലയം തീരുമാനമെടുത്ത് ദിവസങ്ങൾക്കകമാണ് റെയിൽവേയും സമാനമായ നടപടി സ്വീകരിച്ചിരിക്കുന്നത്.