വഡോദര: രാജ്യത്തെ ആദ്യ വനിതാ നിയന്ത്രിത ചരക്ക് തീവണ്ടി സർവീസ് (ഗുഡ്സ് ട്രെയിൻ നടത്തി പശ്ചിമ റെയിൽവെ. മഹാരാഷ്ട്രയിലെ വസായ് റോഡ് റെയിൽവെ സ്റ്റേഷനിൽ നിന്നും ഗുജറാത്തിലെ വഡോദരയിലേക്കായിരുന്നു സർവീസ്. ജനുവരി 5ന് നടത്തിയ സർവീസിനെ കുറിച്ചുള്ള വാർത്ത ട്വിറ്ററിലൂടെ പശ്ചിമ റെയിൽവെ ഷെയർ ചെയ്തതിന് പിറകെ റെയിൽവെ മന്ത്രി പിയൂഷ് ഗോയൽ വനിതാ ജീവനക്കാരെ അഭിനന്ദിച്ചു.

കുംകും ഡോങ്ക്റെ, ഉദിതാ വെർമ, ആകാൻശ റായി എന്നിവരടങ്ങിയ മൂന്നംഗ ടീമാണ് ട്രെയിൻ സർവീസ് നിയന്ത്രിച്ചത്. പരമ്പരാഗത വിശ്വാസങ്ങളെ പശ്ചിമ റെയിൽവെ മറികടന്നെന്നും വനിതകൾക്ക് ചെയ്യാവുന്നതല്ലാതെ ഒരു ജോലിയുമില്ലെന്ന് തെളിയിച്ചെന്നും പശ്ചിമ റെയിൽവെ അധികൃതർ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.

സ്ത്രീ ശാക്തീകരണത്തിന് മികച്ച ഉദാഹരണമാണ് റെയിൽവെ കുറിച്ചതെന്ന് പിയൂഷ് ഗോയൽ അഭിപ്രായപ്പെട്ടു. ചരക്ക് ട്രെയിൻ സർവീസ് നടത്തിയ വനിതാ ജീവനക്കാർക്ക് സമൂഹമാധ്യമങ്ങളിലൂടെ വലിയ പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.