മുംബൈ: നീലച്ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ വ്യവസായിയും നടി ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്ര അറസ്റ്റിലായതിന് പിന്നാലെ പഴയ ട്വിറ്റുകൾ 'കുത്തിപ്പൊക്കി' സാമൂഹ്യമാധ്യമങ്ങളിൽ ട്രോളർമാർ. രാജ് കുന്ദ്രയ്ക്കും ശിൽപ്പയ്ക്കുമെതിരേ കടുത്ത വിമർശനങ്ങൾ ഉയരുന്ന വേളയിൽ സൈബർ ആക്രമണങ്ങളും ട്രോളുകളും വ്യാപകമായി പ്രചരിക്കുകയാണ്.

രാജ് കുന്ദ്രയുടെ പഴയ ട്വീറ്റുകളും സോഷ്യൽ മീഡിയയിൽ പങ്കുവച്ച വാചകങ്ങളുമെല്ലാം ട്രോളുകളിൽ നിറയുകയാണ്. 2012 ൽ കുന്ദ്ര പങ്കുവച്ച മറ്റൊരു ട്വീറ്റ് ചർച്ചയാവുകയാണ്. നീലച്ചിത്രങ്ങളും ലൈംഗികത്തൊഴിലും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചാണ് കുന്ദ്രയുടെ ട്വീറ്റ്. 'നീലച്ചിത്രങ്ങളും ലൈംഗികത്തൊഴിലും. ക്യാമറയിലൂടെയുള്ള ലൈംഗികതയ്ക്ക് പണം നൽകുന്നത് നിയമപരമാവുന്നത് എന്തുകൊണ്ട്? ഒരെണ്ണം മറ്റൊന്നിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?'



മറ്റൊരു ട്വീറ്റ് ഇത്തരത്തിലാണ്.. 'ഇന്ത്യയിൽ സിനിമ താരങ്ങൾ ക്രിക്കറ്റ് കളിക്കുന്നു, ക്രിക്കറ്റ് താരങ്ങൾ രാഷ്ട്രീയം കളിക്കുന്നു, രാഷ്ട്രീയക്കാർ നീലച്ചിത്രങ്ങൾ കാണുന്നു, നീലച്ചിത്ര താരങ്ങൾ സിനിമാ താരങ്ങളുമാകുന്നു..'

 'ശരിയായ തീരുമാനങ്ങൾ എടുക്കുക എന്നതാണ് ജീവിതം' എന്നാണ് കുന്ദ്രയുടെ ട്വിറ്റർ ബയോയിൽ പറയുന്ന സന്ദേശം. നീലച്ചിത്രങ്ങൾ നിർമ്മിക്കുക എന്നതാണോ കുന്ദ്ര പറയുന്ന ആ ശരിയായ തീരുമാനമെന്ന് ട്രോളുകൾ ചോദിക്കുന്നു. ആ തീരുമാനത്തിന് ഇപ്പോൾ വില കൊടുക്കാറായില്ലേയെന്നും ട്രോളുകളിൽ പറയുന്നു.

മുംബൈ പൊലീസാണ് കുന്ദ്രയെ അറസ്റ്റു ചെയ്തത്. കുന്ദ്രയ്ക്കെതിരെ മതിയായ തെളിവുകൾ ഉണ്ടെന്നും കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും മുംബൈ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. നീലച്ചിത്ര നിർമ്മാണവും ആപ്പുകളിലൂടെ അവ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് കുന്ദ്ര അറസ്റ്റിലായത്.

രാജ്കുന്ദ്രയെ പൊലിസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ നീലച്ചിത്ര നിർമ്മാണത്തിൽ കോടികൾ മുടക്കിയതായി പൊലീസ് കണ്ടെത്തി. രാജകുന്ദ്രയുടെ ബന്ധുവും ബിസിനസ് പാർട്ട്ണറുമായ പ്രദീപ് ബക്ഷിക്കും നീലച്ചിത്രനിർമ്മാണത്തിൽ നിർണായക പങ്കുണ്ടെന്ന് ഡിജിറ്റൽ തെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചു. രാജ് കുന്ദ്രയും പാർട്ണർമാരും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളടക്കം ക്രൈംബ്രാഞ്ചിന് ലഭിച്ചു. പാർട്ട്ണർമാരിൽ പ്രധാനിയാണ് പ്രദീപ് ബക്ഷി.

ഇദ്ദേഹമാണ് യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രൊഡക്ഷൻ കമ്പനിയുടെ ചെയർമാൻ. രാജ്കുന്ദ്ര ഈ കമ്പനിയിൽ നേരിട്ടല്ലാതെ കോടികൾ നിക്ഷേപിച്ചതായും ക്രൈ്ംബ്രാഞ്ച് പറയുന്നു. ഇവർ തമ്മിൽ പണമിടപാട് നടത്തിയതുൾപ്പെടെയുള്ള രേഖകളാണ് പുറത്തുവന്നത്. ഇതെല്ലാം കേസിലെ പ്രധാന തെളിവുകളാണെന്നാണ പൊലീസ് നൽകുന്ന വിവരം.

ഫെബ്രുവരിയിൽ മുംബൈ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ കൂടുതൽ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു രാജ്കുന്ദ്രയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. നീലച്ചിത്ര നിർമ്മാണത്തിന്റെ മുഖ്യആസൂത്രകൻ രാജ് കുന്ദ്രയാണെന്നും പൊലീസ് അറിയിച്ചു. കുന്ദ്രയ്‌ക്കെതിരെ മതിയായ തെളിവുകൾ ഉണ്ടെന്നും കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും മുംബൈ പൊലീസ് പ്രസ്താവനയിൽ വ്യക്തമാക്കി.

പ്രൊഡക്ഷൻ ഹൗസിന്റെ എക്സിക്യൂട്ടിവ് ഉമേഷ് കാമത്തിനെ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഉമേഷ് കാമത്ത് കുന്ദ്രയുടെ ഓഫീസിൽനിന്ന് നീലച്ചിത്രങ്ങൾ അപ് ലോഡ് ചെയ്തതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. നടി ഗെഹനയുടെ ജിവി പ്രൊഡക്ഷൻസ് എന്ന നിർമ്മാണ കമ്പനി ചിത്രീകരിക്കുന്ന അശ്ലീല വിഡിയോ വി ട്രാൻസ്ഫർ വഴി വിദേശത്തേക്ക് അയച്ചു കൊടുത്തിരുന്നത് ഉമേഷ് ആണെന്ന് പൊലീസ് പറഞ്ഞു. ഹോട്ട് ഷോട്ട് എന്ന ആപ്പിലാണ് വിഡിയോകൾ പോസ്റ്റ് ചെയ്തിരുന്നത്.

ഇയാൾ വിദേശ സ്ഥാപനങ്ങൾക്ക് അയച്ചുകൊടുത്ത 15 അശ്ലീലചിത്രങ്ങളുടെ വിശദാംശങ്ങൾ പൊലീസ് കണ്ടെത്തി. വെബ് സീരിസിൽ അഭിനയിക്കാനെന്ന പേരിൽ പെൺകുട്ടികളെ കൊണ്ടുവന്ന ശേഷം അശ്ലീല വിഡിയോകൾ ചിത്രീകരിക്കുകയായിരുന്നു. ബോളിവുഡ് നടി റോയ ഖാനും അറസ്റ്റിലായിരുന്നു. ഗോവയിൽ വച്ച് അശ്ലീല വിഡിയോ ചിത്രീകരിച്ചതിന് കഴിഞ്ഞ വർഷം നടി പൂനം പാണ്ഡെയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.