ചെന്നൈ: രജനിയുടെ രാഷ്ട്രീയത്തിന് അവസാനമാകുന്നു. ഇനി ഒരിക്കലും താൻ രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനി പ്രവചിച്ചതോടെ അണികളും സൂപ്പർ താരത്തെ ഉപേക്ഷിക്കുകാണ്. രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത് പ്രഖ്യാപിച്ചതിനു പിന്നാലെ രജനി മക്കൾ മൻട്രത്തിന്റെ 3 ജില്ലാ സെക്രട്ടറിമാർ ഡിഎംകെയിൽ ചേർന്നു. അതായത് രജനീ പിന്മാറ്റത്തിന്റെ ആദ്യ ലാഭം കരുണാനിധിയുടെ മകൻ സ്റ്റാലിന് കിട്ടുന്നു. എന്നാൽ അവസരം മുതലെടുക്കാൻ എല്ലാവരും സജീവമായി രംഗത്തുണ്ട്.

രാഷ്ട്രീയ പാർട്ടിയാകാൻ തയ്യാറെടുത്തിരുന്ന മൻട്രം ഭാരവാഹികളെയും പ്രവർത്തകരെയും തങ്ങൾക്കൊപ്പം എത്തിക്കാനുള്ള കരുനീക്കം ബിജെപിയും കോൺഗ്രസും സജീവമാക്കി. എ.ജോസഫ് സ്റ്റാലിൻ (തൂത്തുക്കുടി), കെ.സെന്തിൽ സെൽവാനന്ത് (രാമനാഥപുരം), ആർ.ഗണേശൻ (തേനി) എന്നിവരാണു ഡിഎംകെ അധ്യക്ഷൻ എം.െക.സ്റ്റാലിന്റെ സാന്നിധ്യത്തിൽ പാർട്ടി അംഗത്വമെടുത്തത്. രജനിയുടെ അതിവിശ്വസ്തനായണ് ജോസഫ് സ്റ്റാലിൻ.

ജോസഫ് സ്റ്റാലിൻ നേരത്തേ മക്കൾ സേവാ കക്ഷിയെന്ന പേരിൽ തിരഞ്ഞെടുപ്പു കമ്മിഷനിൽ രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്തിരുന്നു.ഓട്ടോറിക്ഷാ ചിഹ്നമായ ഈ പാർട്ടി രജനിക്കു വേണ്ടി രജിസ്റ്റർ ചെയ്തതാണെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. അങ്ങനെ രജനിക്ക് വേണ്ടി അടുത്തു നിന്ന് പ്രവർത്തിച്ചവരാണ് ഇവർ. അസുഖ കാരണങ്ങളാൽ രജനി രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിൽ നിന്ന് പിന്മാറിയത് ഏവരേയും ഞെട്ടിച്ചു. പാർട്ടി രൂപീകരിച്ചില്ലെങ്കിലും രാഷ്ട്രീയ നിലപാട് സൂപ്പർ താരം പറയുമെന്ന് കരുതുന്നവരുണ്ട്.

രജനിയുടെ ആ വാക്കുകൾക്കൊപ്പം ഇനി ഫാൻസുകാരുണ്ടാകില്ലെന്നതിന്റെ സൂചനയായി ഇവരുടെ രാഷ്ട്രീയ പ്രവേശനത്തെ കാണുന്നവരുണ്ട്. അതുകൊണ്ട് തന്നെ കൂടുതൽ മൻട്രം നേതാക്കൾ പല പാർട്ടികളിൽ ചേക്കാറാനും സാധ്യതയുണ്ട്. രജനിയുടെ ആത്മീയത്തിലൂന്നിയ രാഷ്ട്രീയ നിലപാടുകൾക്ക് ഇനി പ്രസക്തി ഇല്ലെന്ന് ഏവരും കരുതുന്നു. രജനിയെ സമ്മർദ്ദത്തിലാക്കി രാഷ്ട്രീയ പാർട്ടി രൂപീകരണത്തിനും ശ്രമിച്ചു. അതും രജനി കണ്ടില്ലെന്ന് നടിച്ചു.

ആരോഗ്യം മുൻനിർത്തി രജനീകാന്തെടുത്ത തീരുമാനത്തെ മാനിക്കുന്നുവെന്നും സാമൂഹിക സേവനത്തിനുള്ള വഴിയെന്ന നിലയിലാണു ഡിഎംകെയിൽ ചേർന്നതെന്നും ജില്ലാ സെക്രട്ടറിമാർ പറഞ്ഞു. മൻട്രത്തിന്റെ ഐടി വിങ് നേതാവ് കെ.ശരവണൻ, രാമനാഥപുരം ജില്ലാ ഡപ്യൂട്ടി സെക്രട്ടറി എ.സെന്തിൽവേൽ, ട്രേഡേഴ്‌സ് യൂണിയൻ സെക്രട്ടറി എസ്.മുരുഗാനന്ദം എന്നിവരും ഡിഎംകെയിൽ ചേർന്നു.

ബൂത്ത് കമ്മിറ്റി രൂപീകരണമുൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം രജനി പിന്മാറിയത് ഒരു വിഭാഗം മൻട്രം ഭാരവാഹികളിൽ അതൃപ്തിയുണ്ടാക്കിയിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ പേർ മൻട്രം വിട്ടേക്കും.