നെയ്യാറ്റിൻകര: ഇന്ന് ഗ്ലാമറസാണ് ചെങ്കൽ രാജശേഖരൻ നായരുടെ ജീവിതം. തെന്നിന്ത്യയിലെ സൂപ്പർ സിനിമാ താരമായിരുന്ന ഭാര്യ രാധ. മകൾ കാർത്തികയും നടി. ശതകോടികളുടെ ബിസിനസും. എന്നാൽ ഈ പത്താംക്ലാസുകാരന്റെ പഴയ കാല ഓർമ്മകൾ അത്ര സുന്ദരമല്ല. ജീവിത ദുഃഖത്തിന്റെ ഇരുണ്ട ദിനങ്ങളെ മറികടന്നായിരുന്നു യാത്ര. ഇന്ന് നെയ്യാറ്റിൻകരയിൽ സ്ഥാനാർത്ഥിയാണ് ഈ വ്യവസായ പ്രമുഖൻ. സിനിമയും ബിസിനസ്സുമായി ചേർന്ന് നിൽക്കുന്ന ജീവിതം.

പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന കല്ലറ സരസമ്മയുടെ മകളാണ് ഭാര്യയും മുൻകാല നടിയുമായ രാധ. രാധയുടെ സഹോദരിയാണ് അംബിക. അങ്ങനെ മലയാളികൾ അറിയുന്ന കുടുംബത്തിലെ മരുമകനാണ് രാജശേഖരൻ നായർ. കഷ്ടപാടുകളിലൂടെ സഞ്ചരിച്ച് വ്യവസായിയായ രാജശേഖരൻ നായരുടെ വരവ് നെയ്യാറ്റിൻകരയ്ക്ക് ത്രികോണ പോരിന്റെ ചൂടും നൽകുന്നു. കോൺഗ്രസിനായി ആർ സെൽവരാജും സിപിഎമ്മിനായി ആൻസലനും ഇഞ്ചോടിഞ്ഞ് പോരാടുന്ന നെയ്യാറ്റിൻകരയിൽ വിജയത്തിലാണ് രാജശേഖരൻ നായരും കണ്ണു വയ്ക്കുന്നത്.

പത്താം ക്ലാസു കഴിഞ്ഞ് മുംബൈയിലേക്ക് ട്രെയിൻ കയറി ഹോട്ടലിലെ എല്ലാ ജോലിയും ചെയ്തു നടന്ന സാധാരണക്കാരനായിരുന്നു രാജശേഖരനും. തെക്കേ ഇന്ത്യയിലെ പ്രമുഖ ഹോട്ടൽ വ്യവസായിയായി വളർന്ന രാജശേഖരൻ നായർ ജീവിതം കെട്ടിപ്പെടുത്തത് മുണ്ടു മുറുക്കി ഉടുത്താണ്. നാലു പതിറ്റാണ്ടിലേറെ നീണ്ട മുംബൈ ജീവിതത്തിൽ 20 മണിക്കൂർ വരെ അധ്വാനിച്ച ദിവസങ്ങളുണ്ട്. ഏറ്റെടുത്ത ജോലികൾ തീർക്കാൻ അത്താഴം പോലും കഴിക്കാൻ മറന്ന ദിനങ്ങൾ.

പത്താംക്ലാസ് കഴിഞ്ഞ്, പതിനാറാം വയസ്സിൽ മുംബൈ മഹാനഗരത്തിൽ തൊഴിൽ തേടിയെത്തുമ്പോൾ അവിടെ ഭരിച്ചിരുന്നത് അധോലോകവും ലോക്കൽ ഗുണ്ടകളുമൊക്കെയായിരുന്നു. വീട്ടിലെ ദുരിതമാണ് രാജശേഖരൻ നായാരെ ചെങ്കൽ വിടാൻ പ്രേരിപ്പിച്ചത്. തമിഴ്‌നാട്ടിലെ തൃശിനാപ്പള്ളിയിൽ ഒരു പഴക്കടയിൽ ജോലിക്കാരനായി. അവിടെ പരിചയപ്പെട്ട ഒരു സുഹൃത്തിനൊപ്പം മൂന്നു മാസത്തിനു ശേഷം സമീപത്തൊരു ചെറിയ പഴക്കട തുടങ്ങി. അതോടെ അവിടുത്തെ മറ്റു പഴക്കടക്കാരുടെ അസൂയയും പകയും നേരിടേണ്ടി വന്നു. പിന്നെ നേരെ മുംബൈയിലേക്ക്. അവിടെ കേൾക്കേണ്ടി വന്നത് മദ്രാസിയെന്ന കളിയാക്കലും.

വീട്ടിൽ കൃഷിയും മറ്റുമുണ്ടായിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകാതെ വന്നപ്പോൾ ഒരു ബന്ധുവിന്റെ വീട്ടിൽത്തന്നെ ചെറിയ ജോലികൾക്കു പോകാനൊരുങ്ങി. അത് അപമാനമാണെന്ന് ചിലർ പറഞ്ഞപ്പോൾ കലഹിച്ചു. അങ്ങനെയാണ് തമിഴ്‌നാടു വഴി മുംബൈയിൽ എത്തിയത്. മുംബൈയിൽ ഹോട്ടലുകളിൽ സപ്ലയർ മുതൽ മാനേജർ വരെയായി ജോലി ചെയ്തു. ഇതിനിടെ ശരീര സംരക്ഷണത്തിനും ജിമ്മിൽ പോകാനും പുതിയ ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സും ഇലക്ട്രോണിക് ഉപകരണങ്ങൾ നന്നാക്കുന്ന കോഴ്‌സുമെല്ലാം പഠിച്ചു. പിന്നെ നല്ലകാലം എത്തി.

മുംബൈ ജീവിതത്തിന്റെ തുടക്ക ദിവസങ്ങളിൽ ഉറങ്ങിയത് റോഡരികിലെ ഷെഡിലായിരുന്നു. ഗൾഫിലേക്ക് പോകാൻ മലയാളിസമാജം പ്രവർത്തകർ സഹായിക്കുമെന്നറിഞ്ഞ് അവിടെച്ചെന്നപ്പോഴാണ് നിമിത്തമെന്നപോലെ ദിനേശ് അഗർവാൾ എന്ന മാർവാഡി ബിസിനസുകാരനെ പരിചയപ്പെടുന്നത്. ഗൾഫിലേക്ക് പോകേണ്ടെന്നും തന്റെ ഹോട്ടലിൽ അക്കൗണ്ടിലൊക്കെ സഹായിയായി കൂടാനും അഗർവാൾ നിർദ്ദേശിച്ചു. അക്കൗണ്ടിലെ കാര്യങ്ങൾ മുഴുവൻ നോക്കിയ രാജശേഖരനെ പിന്നീട് മാനേജരാക്കി. മുംബൈയിൽ സ്‌നേഹത്തോടെ മണി അണ്ണൻ ആയി അറിയപ്പെട്ടു.

പഴയ ആർഎസ്എസ് ബന്ധങ്ങളുടെ പശ്ചാലത്തിൽ അവിടെ ജനതാപാർട്ടിയുടെ പ്രവർത്തനങ്ങളിൽ സഹായിച്ചു. അടിയന്തരവസ്ഥക്കാലത്തു നടന്ന തിരഞ്ഞെടുപ്പിൽ, പിന്നീട് ഗവർണർ പദവിയിൽ വരെയെത്തിയ രാം നായികിനെ ജനതാപാർട്ടി സ്ഥാനാർത്ഥിയാക്കി. അന്ന് ആരും പരസ്യമായി പ്രവർത്തിക്കില്ല. പൊലീസ് അറസ്റ്റ് ചെയ്യും അല്ലെങ്കിൽ ഗുണ്ടകൾ കൊല്ലും. അന്ന് രാംനായികിനു വേണ്ടി ധൈര്യത്തോടെ രാത്രിയും പകലും പ്രവർത്തിച്ചു. രാംനായിക് ജയിച്ചു. പീന്നീട് രാഷ്ട്രീയം മാറ്റിവച്ചു ബിസിനസിൽ ശ്രദ്ധിച്ചു. ജോലി ചെയ്ത ഹോട്ടലുകൾ സ്വന്തം എന്ന പോലെ നോക്കി നടത്തി. 10 വർഷം ദിനേശ് അഗർവാളിനൊപ്പം ജോലി ചെയ്ത ശേഷം അതുവരെ സൂക്ഷിച്ചുവച്ച പണവുമായി ഒരു റസ്റ്ററന്റ് തുടങ്ങി.

രാജശേഖരന്റെ ജീവിതത്തിൽ ഐശ്വര്യത്തിന്റെ തുടക്കം ഭാര്യയുടെ വരവോടെയാണ്. മൂന്ന് മക്കളാണ് ഇവർക്ക്. കാർത്തിക, വിഘ്‌നേഷ്, തുളസി. മക്കളുടെ ഡിഗ്രി പഠനം വരെ മുംബൈയിൽ തുടർന്നു. മൂന്നു പേരും വിദേശത്തുനിന്ന് എംബിഎയും ഹോട്ടൽ മാനേജ്‌മെന്റും കഴിഞ്ഞ് ഇപ്പോൾ അച്ഛന്റെ ബിസിനസ് നോക്കി നടത്തുന്നു. കാർത്തികയും തുളസിയും സിനിമാരംഗത്തേക്കു വന്നെങ്കിലും കാർത്തിക മാത്രമാണ് സിനിമയിൽ തുടർന്നത്. ഹിന്ദിയിലും തെലുങ്കിലുമായി 11 വൻസിനിമകളിൽ അഭിനയിച്ച ശേഷം കാർത്തിക അമേരിക്കയിൽ പഠനത്തിനു പോയി.

മുംബൈയിൽ കാര്യമായി ബിസിനസ് മുന്നേറുമ്പോഴാണ് സ്വന്തം നാട്ടിലേക്ക് മടങ്ങണമെന്നും നാട്ടിൽ കുറേ പേർക്കെങ്കിലും ജോലി നൽകാൻ ബിസിനസ് തുടങ്ങണമെന്നും വിചാരിക്കുന്നത്. അങ്ങനെയാണ് ഇപ്പോൾ കോവളത്ത് സൗന്ദര്യത്തിന്റെ തലയെടുപ്പോടെ നിൽക്കുന്ന ഉദയ് സമുദ്ര എന്ന പഞ്ചനക്ഷത്ര ഹോട്ടലുണ്ടാകുന്നത്. പിന്നീട് ശംഖുമുഖത്ത് ഉദയാസ്യൂട്‌സ്.

ആലപ്പുഴയിൽ ഉദയ് ബാക്ക് വാട്ടർ എന്നൊരു പഞ്ചനക്ഷത്ര റിസോർട്ടും രാജശേഖരൻ നായർക്കുണ്ട്. വാഗമണിൽ 20 ഏക്കറിൽ മറ്റൊരു റിസോർട്ട് നിർമ്മാണവും തുടങ്ങുന്നു. മുംബൈയിൽ 2 ഫോർ സ്റ്റാർ ഹോട്ടലുകളുമുണ്ട്. മാത്രമല്ല, സ്വന്തം നാടായ ചെങ്കലിൽ ഒരു ഇന്റർനാഷനൽ സ്‌കൂളും.