ജയ്പൂർ: രാജസ്ഥാനിൽ ഇന്ന് മന്ത്രിസഭാ അഴിച്ചുപണി. 15 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിസഭാ അഴിച്ചുപണിയുടെ ഭാഗമായി 11 ക്യാബിനറ്റ് മന്ത്രിമാരും 4 സഹമന്ത്രിമാരുമാണ് സത്യപ്രതിഞ്ജ ചെയ്യുന്നത്. വൈകിട്ട് നാല് മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്.

പുനഃസംഘടനയുടെ മുന്നോടിയായി എല്ലാ മന്ത്രിമാരും ശനിയാഴ്ച രാജിവെച്ചിരുന്നു. ഹൈക്കമാൻഡിൽ സച്ചിൻ പൈലറ്റ് നടത്തിയ സമ്മർദ്ദമാണ് മന്ത്രിമാരുടെ രാജിക്ക് വഴിവെച്ചതെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ മന്ത്രിമാരിൽ ഒരു വിഭാഗം തുടരുമ്പോൾ പൈലറ്റിനോട് ഒപ്പമുള്ളവരെയും ബിഎസ്‌പിയിൽ നിന്നെത്തിയ എംഎൽഎമാരിൽ ചിലരെയും പുതിയതായി മന്ത്രിസഭയിൽ ഉൾപ്പെടുത്തിക്കൊണ്ടാണ് പുനഃസംഘടന.

സച്ചിൻ പൈലറ്റ് ക്യാമ്പിൽ നിന്ന് മൂന്ന് പേർ ക്യാബിനെറ്റ് പദവിയിലുണ്ടാകും. രണ്ട് പേർക്ക് സഹമന്ത്രി സ്ഥാനവും നൽകും. പുതിയ മന്ത്രിസഭയിൽ നാല് ദളിത് മന്ത്രിമാർ ഉണ്ടാകും. പൈലറ്റിന്റെ വിശ്വസ്തരായ ഹേമരം ചൗധരി, വിശ്വേന്ദ്ര സിങ്, രമേഷ് മീണ എന്നിവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. ബ്രിജേന്ദ്ര സിങ് ഓലയും മുരാരി ലാൽ മീണയും സഹമന്ത്രിമാരാകും.

സച്ചിനൊപ്പം കഴിഞ്ഞ വർഷം ജൂലൈയിൽ ഖലോട്ട് മന്ത്രിസഭയിൽനിന്നും പുറത്താക്കിയ വിശ്വേന്ദ്ര സിങ്, രമേഷ് മീണ എന്നിവരുടെ തിരിച്ചുവരവിനും പു നഃസംഘടന വഴിയൊരുക്കി. പുതിയ മന്ത്രിസഭയിൽ വിശ്വേന്ദ്ര സിങ് ടൂറിസവും ദേവസ്വവും കൈകാര്യം ചെയ്യും. മീണയ്ക്കു ഭക്ഷ്യവകുപ്പാണ് നൽകുക.

മഹേന്ദ്രജിത് സിങ് മാളവ്യ, രാംലാൽ ജാട്ട്, മഹേഷ് ജോഷി, മമത ഭൂപേഷ്, ടിക്കാറാം ജൂലി, ഭജൻ ലാൽ യാദവ്, ഗോവിന്ദ് റാം മേഘ്വാൾ, ശകുന്തള റാവത്ത് എന്നിവരാണ് മറ്റ് പുതുമുഖങ്ങൾ. സാഹിദ ഖാനും രാജേന്ദ്ര സിങ് ഗുധ്വയും സഹമന്ത്രിമാരാകും.

പഞ്ചാബിലെ നേതൃമാറ്റത്തിനു പിന്നാലെ ഖലോട്ടിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് സച്ചിൻ പൈലറ്റ് വിഭാഗം രംഗത്തെത്തിയിരുന്നു. കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി സച്ചിൻ പൈലറ്റ് കൂടിക്കാഴ്ച നടത്തുകയും ചെയ്തു. പഞ്ചാബിൽനിന്ന് വ്യത്യസ്തമായി രാജസ്ഥാനിൽ കൂടുതൽ എംഎൽഎമാരുടെ പിന്തുണ മുഖ്യമന്ത്രിക്കുണ്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സച്ചിൻ പൈലറ്റിന്റെ ആവശ്യം മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട് അംഗീകരിച്ചതോടെയാണ് മന്ത്രിമാരുടെ രാജിയുണ്ടായതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.