ജയ്പുർ: പെട്രോളിന്റെയും ഡീസലിന്റെയും മൂല്യ വർധിത നികുതി (വാറ്റ്) കുറയ്ക്കുന്നതായി രാജസ്ഥാൻ സർക്കാർ പ്രഖ്യാപിച്ചു. നികുതി രണ്ടു ശതമാനമാണ് കുറയ്ക്കുന്നതെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു.

ഇന്ധന വില വർധിക്കുന്ന പശ്ചാത്തലത്തിൽ ജനങ്ങൾക്ക് ആശ്വാസം നൽകാനാണ് നടപടിയെന്ന് അശോക് ഗെഹ്ലോട്ട് ട്വീറ്റ് ചെയ്തു. കേന്ദ്ര സർക്കാരും സമാനമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനങ്ങൾക്കു മേലുള്ള അധിക സാമ്പത്തിക ഭാരം കുറയ്ക്കാൻ അതുപകരിക്കുമെന്ന് ഗെഹ്ലോട്ട് അഭിപ്രായപ്പെട്ടു.

ജയ്പുരിൽ നിലവിൽ ഒരു ലിറ്റർ പെട്രോളിന് 93.94 രൂപയാണ് വില. ഡീസൽ വില ലിറ്ററിന് 86.02 രൂപ. സംസ്ഥാന സർക്കാർ വാറ്റ് കുറച്ചതോടെ ഇതിൽ കുറവു വരും.