അഹമ്മദാബാദ്: മുൻ സൗരാഷ്ട്ര ക്രിക്കറ്റ് താരവും ബി.സി.സിഐ മുൻ മാച്ച് റഫറിയുമായിരുന്ന രാജേന്ദ്രസിങ് ജഡേജ (66) കോവിഡ് ബാധിച്ച് മരിച്ചു. ഞായറാഴ്ച സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനാണ് മരണ വിവരം അറിയിച്ചത്.

ശ്രദ്ധേയനായ വലംകൈയൻ പേസറായിരുന്ന രാജേന്ദ്രസിങ് ബാറ്റിംഗിലും മികവ് തെളിയിച്ചിട്ടുണ്ട്. 50 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 11 ലിസ്റ്റ് എ മത്സരങ്ങളും കളിച്ച അദ്ദേഹം ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി 134 വിക്കറ്റുകളും 1,536 റൺസും നേടിയിട്ടുണ്ട്. ലിസ്റ്റ് എ മത്സരങ്ങളിൽ നിന്നായി 14 വിക്കറ്റുകളും 104 റൺസും നേടി.

സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്റെ സെലക്ടർ, കോച്ച്, ടീം മാനേജർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച രാജേന്ദ്രസിങ് ജഡേജ 53 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും 18 ലിസ്റ്റ് എ മത്സരങ്ങളിലും 34 ട്വന്റി 20-കളിലും ബി.സി.സിഐയുടെ ഔദ്യോഗിക റഫറിയായിരുന്നു.