ബംഗളുരു: കന്നഡ ചലച്ചിത്ര താരം പുനീത് രാജ്കുമാറിന്റെ വിയോഗത്തിന് പിന്നാലെ രാജ്യത്തെയാകെ ഞെട്ടിച്ച കന്നഡ സൂപ്പർ സ്റ്റാർ രാജ്കുമാറിന്റെ തട്ടിക്കൊണ്ടുപോകൽ വീണ്ടും ചർച്ചയാകുന്നു.

2000, ജൂലായ് 30-ാം തീയതിയാണ് നടൻ രാജ്കുമാർ, മരുമകൻ ഗോവിന്ദ് രാജ്, ബന്ധുവായ നാഗേഷ്, സഹസംവിധായകനായ നാഗപ്പ എന്നിവരെ വീരപ്പനും സംഘവും തട്ടിക്കൊണ്ടുപോയത്. തമിഴ്‌നാട്ടിലെ ഈറോഡ് ഗജനൂരിൽനിന്നാണ് വീരപ്പനും സംഘവും രാജ്കുമാറിനെ ഉൾവനത്തിലേക്ക് കടത്തിക്കൊണ്ടുപോയത്.

വീരപ്പൻ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ മകൻ പുനീത് രാജ്കുമാറും കുടുംബവും കടന്നുപോയത് ആശങ്കയും ദുഃഖവും നിറഞ്ഞ ദിവസങ്ങളിലൂടെയാണ്. അശ്വിനി രേവനാഥുമായുള്ള പുനിതീന്റെ വിവാഹം കഴിഞ്ഞ് എട്ട് മാസങ്ങൾ തികയുമ്പോഴായിരുന്നു അപ്രതീക്ഷിതമായി കുടുംബത്തെ കടുത്ത ദുഃഖത്തിലാഴ്‌ത്തുന്ന സംഭവം അരങ്ങേറിയത്. ജീവിതത്തിൽ പിന്നീടൊരിക്കലും പുനീതും കുടുംബവും ഓർക്കാനിഷ്ടപ്പെടാത്ത ദിവസങ്ങളാണ് അന്ന് കടന്നുപോയത്.

വിവരം പുറത്തറിഞ്ഞതോടെ രാജ്യത്തിന്റെ ശ്രദ്ധയൊന്നാകെ തമിഴ്‌നാട്ടിലേക്കായി. രാജ്കുമാറിന്റെ മോചനം നീണ്ടുപോയതോടെ സുപ്രീം കോടതി ഉൾപ്പെടെ വിഷയത്തിൽ ഇടപെട്ടു. കരുണാനിധി സർക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു.



വീരപ്പനിൽനിന്ന് രാജ്കുമാറിന് നേരത്തെ ഭീഷണിയുണ്ടായിട്ടും ഗജനൂരിലെ വീടിന് പൊലീസ് കാവൽ ഏർപ്പെടുത്താതിരുന്നത് തമിഴ്‌നാട് സർക്കാരിന്റെ വീഴ്ചയാണെന്നായിരുന്നു സുപ്രീം കോടതിയുടെ വിലയിരുത്തൽ. ഒരിക്കലും മാപ്പ് നൽകാൻ കഴിയാത്ത വീഴ്ചയാണിതെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു.

1999-ൽ തന്നെ വീരപ്പനെ പിടികൂടാനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. അന്നാണ് രാജ്കുമാറിനെ വീരപ്പൻ നോട്ടമിട്ടതായുള്ള ഇന്റലിജൻസ് വിവരങ്ങൾ പുറത്തുവന്നത്. ഇതിനുപിന്നാലെ 2000 ജൂലായിൽ രാജ്കുമാറിനെ വീരപ്പനും സംഘവും നടനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. രാജ്കുമാറിനെ വീരപ്പൻ ലക്ഷ്യമിട്ടതായുള്ള കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടും തമിഴ്‌നാട് സർക്കാർ ഒരുനടപടിയും സ്വീകരിച്ചില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് അന്ന് പറഞ്ഞത്.

രാജ്കുമാറിന്റെ മോചനം നീണ്ടതോടെ വലിയ രീതിയിലുള്ള വിവാദങ്ങൾക്കാണ് തുടക്കം കുറിച്ചത്. നടന്റെ ആരാധകർ വൻ പ്രതിഷേധങ്ങളുമായി രംഗത്തെത്തി. ഇതോടെ പ്രത്യേക ദൂതന്മാർ വഴി സർക്കാർ വീരപ്പനുമായി ചർച്ചകൾ നടത്തി. നക്കീരൻ മാഗസിൻ എഡിറ്റർ ആർ.ആർ. ഗോപാൽ ഉൾപ്പെടെയുള്ളവരാണ് രാജ്കുമാറിന്റെ മോചനത്തിനായുള്ള ചർച്ചകൾക്ക് ഇടനിലക്കാരായത്. ഈ ചർച്ചകളൊന്നും ഫലം കണ്ടില്ല.

രാജ്കുമാറിന്റെ തടങ്കൽജീവിതം ദിവസങ്ങൾ നീണ്ടുപോയതോടെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും നിരാശരായി. ഒടുവിൽ തട്ടിക്കൊണ്ടുപോയി 108 ദിവസത്തിന് ശേഷമാണ് വീരപ്പൻ രാജ്കുമാറിനെ വിട്ടയച്ചത്. എന്നാൽ എങ്ങനെയാണ് നടന്റെ മോചനം സാധ്യമായതെന്ന കാര്യം ഇന്നും നിഗൂഢമായി തുടരുകയാണ്. കോടിക്കണക്കിന് രൂപ വീരപ്പന് മോചനദ്രവ്യമായി നൽകിയെന്ന് പിന്നീട് വെളിപ്പെടുത്തലുകളുണ്ടായെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗികമായി സ്ഥിരീകരണമില്ല. രാജ്കുമാറിന്റെ കുടുംബവും ഇതെല്ലാം നിഷേധിച്ചിരുന്നു.



രാജ്കുമാറിനെ വീരപ്പൻ മോചിപ്പിച്ചെങ്കിലും തട്ടിക്കൊണ്ടുപോയ കേസ് നിലനിന്നിരുന്നു. തമിഴ്‌നാട്ടിലെ കോടതിയിൽ ഈ കേസിന്റെ വിചാരണ വർഷങ്ങളോളം നടക്കുകയും ചെയ്തു. എന്നാൽ രാജ്കുമാറിന്റെ കുടുംബത്തിൽനിന്ന് ഒരാൾപോലും ഈ കേസിൽ സാക്ഷി പറയാനായി കോടതിയിൽ എത്തിയില്ല. രാജ്കുമാറിന്റെ കുടുംബത്തിന്റെ കൂട്ടായ തീരുമാനമായിരുന്നു അത്. ഒടുവിൽ 2018 സെപ്റ്റംബറിൽ രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒമ്പത് പ്രതികളെയും കോടതി വെറുതെ വിടുകയും ചെയ്തു.



രാജ്കുമാറിന്റെ കുടുംബം സാക്ഷിപറയാതിരുന്നതാണ് പ്രതികളെ വെറുതെ വിടാനിടയായ കാരണങ്ങളിലൊന്ന്. അതേസമയം, കേസിന്റെ വിചാരണയ്ക്കിടെ രാജ്കുമാറിന്റെയും വീരപ്പന്റെയും വിയോഗത്തിനും രാജ്യം സാക്ഷിയായി. 2004-ൽ പ്രത്യേക അന്വേഷണസംഘം വീരപ്പനെ ഏറ്റുമുട്ടലിൽ വധിക്കുകയായിരരുന്നു. രണ്ട് വർഷങ്ങൾക്ക് ശേഷം 2006-ൽ രാജ്കുമാറും അന്തരിച്ചു.

അപ്രതീക്ഷിതമായി പുനീത് രാജ് കുമാറിന്റെ വിയോഗ വാർത്ത നാടിനെ ഒന്നാകെ കണ്ണീരിലാഴ്‌ത്തുമ്പോൾ പഴയ സംഭവങ്ങൾ വീണ്ടും ആരാധകരുടെ മനസിനെ നോവിച്ചുകൊണ്ട് ചർച്ചയാകുകയാണ്.

മാതാപിതാക്കളായ ഡോ: രാജ്കുമാറിന്റെയും പർവ്വതമ്മയുടെയുമൊക്കെ ഭൗതികദേഹം അടക്കം ചെയ്ത കണ്ഡീരവ സ്റ്റുഡിയോയിലാണ് പുനീതിന്റെ സംസ്‌കാര ചടങ്ങുകൾ നടക്കുക. കനത്ത പൊലീസ് സുരക്ഷാ വലയത്തിലാണ് ബംഗളൂരു നഗരവും വിശേഷിച്ച് കൺഡീരവ സ്റ്റേഡിയവും. കർണ്ണാടകയിൽ ഇന്ന് പൊതു അവധിയും പ്രഖ്യാപിച്ചിരുന്നു.

സ്വന്തം ജിംനേഷ്യത്തിൽ വ്യായാമം ചെയ്യുന്നതിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച പുനീതിനെ ആദ്യം അടുത്തുള്ള ആശുപത്രിയിലും പിന്നാലെ വിക്രം ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഐസിയുവിൽ പ്രവേശിപ്പിച്ച് അടിയന്തിര ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ച കഴിഞ്ഞ് 2.30 നാണ് മരണം സ്ഥിരീകരിച്ചത്.

ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞതു മുതൽ വിക്രം ആശുപത്രിക്കു മുന്നിലേക്ക് ജനപ്രവാഹം ആരംഭിച്ചിരുന്നു. മരണവാർത്ത പുറത്തുവന്നതോടെ ആരാധകരിൽ ചിലർ അക്രമാസക്തരായി. ബസ്സുകൾ തല്ലിത്തകർക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയതോടെ പ്രദേശം കനത്ത പൊലീസ് ബന്തവസ്സിലായി. അനിഷ്ട സംഭവങ്ങൾ തടയുന്നതിനായി 6000 പൊലീസ് ഉദ്യോഗസ്ഥരെയും 40 കെഎസ്ആർപി പ്ലാറ്റൂണുകളെയുമാണ് നിലവിൽ ബംഗളൂരു നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്. ഒപ്പം സിറ്റി ആംഡ് റിസർവ്വും ആർഎഎഫുമുണ്ട്.

പുനീതിന്റെ യുഎസിലുള്ള മകൾ വന്ദിത എത്തിയതിനു ശേഷമാവും സംസ്‌കാര ചടങ്ങുകൾ. വൈകിട്ട് ഏഴ് മണിയോടെയാവും പൂർണ്ണ സംസ്ഥാന ബഹുമതികളോടെയുള്ള സംസ്‌കാര ചടങ്ങുകൾ. വിക്രം ആശുപത്രിയിൽ നിന്ന് ഇന്നലെ രാത്രി തന്നെ മൃതദേഹം പൊതുദർശനത്തിനായി കണ്ഡീരവ സ്റ്റേഡിയത്തിലേക്ക് എത്തിച്ചിരുന്നു.

ആയിരങ്ങളാണ് ഇന്നലെ മുതൽ തങ്ങളുടെ പ്രിയതാരത്തെ അവസാനമായി ഒരു നോക്ക് കാണാനായി എത്തിച്ചേർന്നത്. കന്നഡ രാഷ്ട്രീയ, സിനിമാ മേഖലകളിലെ നിരവധി പ്രമുഖർ ഇന്നലെ രാത്രി തന്നെ എത്തി അന്ത്യാഞ്ജലി അർപ്പിച്ചിരുന്നു. ജൂനിയർ എൻടിആർ അടക്കമുള്ള തെലുങ്ക് സിനിമാതാരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു.