തിരുവനന്തപുരം: ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിച്ചതിനെ തുടർന്ന് പരസ്യ വിമർശനമുന്നയിക്കുന്ന ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. ഹൈക്കമാന്റിന്റെ തീരുമാനങ്ങളെ എതിർത്ത് പാർട്ടിയുടെ സംഘടനാ സംവിധാനം ഇല്ലാതാക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ടെലിവിഷൻ ചാനലിനോട് ആയിരുന്നു പ്രതികരണം.

കോൺഗ്രസ്സിന്റെ ചരിത്രത്തിൽ എല്ലാവരേയും തൃപ്തിപ്പെടുത്തിക്കൊണ്ട് ഒരു പട്ടികയും ഇതുവരെ വന്നിട്ടില്ലെന്നും എല്ലായ്‌പ്പോഴും പട്ടിക പുറത്ത് വരുമ്പോൾ അസംതൃപ്തിയും അസ്വാരസ്യങ്ങളും ഉണ്ടായിട്ടുണ്ടെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കോൺഗ്രസിന്റെ ഉന്നതരായ നേതാക്കളാണ്. എന്നാൽ ഹൈക്കമാന്റിനെ ദുർബലപ്പെടുത്താൻ ശ്രമിച്ചാൽ അതിലൂടെ തകരുന്നത് കോൺഗ്രസാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ പിൻബലമില്ലെങ്കിൽ താനും ചെന്നിത്തലയുമൊക്കെ ഒന്നുമല്ലെന്നും അദ്ദേഹം പറഞ്ഞു. ചുമരുണ്ടെങ്കിലേ ചിത്രം വരയ്ക്കാൻ കഴിയൂ എന്ന് ഓർക്കണമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.

'ഹൈക്കമാന്റ് തീരുമാനങ്ങളെ അംഗീകരിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ, അവർക്ക് അത്രയും സ്വാധീന ശക്തിയുണ്ടെങ്കിൽ കേരള കോൺഗ്രസ് രൂപീകരിച്ച പോലെ അവർ പുതിയ പാർട്ടി ഉണ്ടാക്കട്ടെ. എന്നിട്ട് കോൺഗ്രസുമായി സഹകരിച്ച് മുന്നണിയിൽ നിൽക്കട്ടെ. കോൺഗ്രസിൽ പ്രവർത്തിക്കുമ്പോൾ ഹൈക്കമാന്റിനെ അനുസരിച്ച് മാത്രം പ്രവർത്തിക്കണം,' രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.