ചെന്നൈ: തമിഴിലെ പ്രമുഖ യുവ നടൻ ധനുഷും ഭാര്യയും സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ മകളുമായ ഐശ്വര്യയും തമ്മിൽ വേർപിരിയുന്നു എന്ന വാർത്ത അടുത്തിടെ സിനിമാ പ്രേമികളെ ഞെട്ടിച്ചിരുന്നു. ധനുഷ് തന്നെയാണ് ഈ വാർത്ത പുറത്തുവിട്ടത്.

ജനുവരി 17നാണ് രജനീകാന്തിന്റെ മകളും സംവിധായകയുമായ ഐശ്വര്യയും നടൻ ധനുഷും വേർപിരിയുന്നതായി പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചുകൊണ്ടായിരുന്നു ഇരുവരും ഇക്കാര്യം ആരാധകരെ അറിയിച്ചത്. വേർപിരിയൽ പ്രഖ്യാപനം ആരാധകർക്ക് പുറമേ ഇരു കുടുംബങ്ങളെയും ഞെട്ടിച്ചിരുന്നു.

പങ്കാളികൾ എന്ന നിലയിൽ വേർപിരിയുന്നുവെന്നും വ്യക്തികൾ എന്ന നിലയിൽ സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താൻ തീരുമാനിച്ചതായും ഇരുവരും സോഷ്യൽമീഡിയയിലൂടെ അറിയിക്കുകയായിരുന്നു. പിന്നീട് ധനുഷിന്റെയും ഐശ്വര്യയുടെയും ഭാഗത്തുനിന്നും പ്രതികരണങ്ങളൊന്നുമുണ്ടായില്ല.

എന്നാൽ, രജനീകാന്ത് ഇരുവരെയും അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണെന്നാണ് സൂചന. വിവാഹബന്ധം വേർപെടുത്താനുള്ള മകളുടെ തീരുമാനം രജനീകാന്തിനെ ഏറെ വേദനിപ്പിച്ചുവെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. തീരുമാനത്തിൽ നിന്നും പിന്തിരിയണമെന്ന് രജനീകാന്ത് മകളോട് നിരന്തരം ആവശ്യപ്പെടുകയാണെന്നാണ് റിപ്പോർട്ടുകൾ.

വേർപിരിയൽ താത്കാലികം മാത്രമാണ് എന്നാണ് രജനീകാന്ത് കണക്കാക്കുന്നതെന്നും മകളും മരുമകനുമായി ഇക്കാര്യത്തെ സംബന്ധിച്ച് തുടർച്ചയായി സംസാരിക്കുകയാണെന്നുമാണ് അടുത്ത വൃത്തം വെളിപ്പെടുത്തിയത്. അതേസമയം, ഇരുവരും ഇതുവരെ ഡിവോഴ്‌സ് ഫയൽ ചെയ്തിട്ടില്ലെന്നും ഭാര്യാഭർത്താക്കന്മാർക്കിടയിലെ വഴക്ക് മാത്രമാണിതെന്നുമാണ് ധനുഷിന്റെ പിതാവും സംവിധായകനുമായ കസ്തൂരി രാജ വെളിപ്പെടുത്തിയത്.

പ്രശ്‌നപരിഹാരത്തിനായി ഇരുവരോടും സംസാരിക്കുകയാണെന്നും കസ്തൂരി രാജ പറഞ്ഞു.പതിനെട്ട് വർഷത്തെ വിവാഹജീവിതമാണ് ഇരുവരും അവസാനിപ്പിച്ചത്. ഇരുവർക്കും യാത്ര, ലിംഗ എന്ന പേരിൽ രണ്ട് ആൺമക്കളുമുണ്ട്. വേർപിരിയൽ പ്രഖ്യാപനത്തിന് ശേഷം ഇരുവരും തങ്ങളുടെ തിരക്കുകളിലേയ്ക്ക് മടങ്ങിയിരുന്നു. ഹൈദരാബാദിലാണ് ഇരുവരുമിപ്പോൾ. ഒരു പൊതു പ്രഖ്യാപനത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുമോയെന്ന കാത്തിരിപ്പിലാണ് ആരാധകർ.

2004ലാണ് ധനുഷും ഐശ്വര്യയും വിവാഹിതരാകുന്നത്. സഹോദരൻ സെൽവരാഘവൻ സംവിധാനം ചെയ്ത് 2003ൽ പുറത്തിറങ്ങിയ കാതൽ കൊണ്ടേൻ എന്ന ചിത്രത്തിന്റെ റിലീസിനിടെയാണ് ഐശ്വര്യയും ധനുഷും കണ്ടുമുട്ടുന്നത്. ഐശ്വര്യയുടെ ലാളിത്യമാണ് തന്നെ ആകർഷിച്ചതെന്ന് പിന്നീട് ധനുഷ് പറഞ്ഞിട്ടുണ്ട്. ആറു മാസത്തെ പ്രണയത്തിനു ശേഷം ഇരുവരും വിവാഹതിരാവുകയായിരുന്നു. പിന്നണി ഗായിക കൂടിയായ ഐശ്വര്യ ധനുഷും, ശ്രുതി ഹാസനും അഭിനയിച്ച 3 എന്ന ചിത്രത്തിന്റെ സംവിധായിക കൂടിയാണ്.