കണ്ണൂർ: രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എംപി. സ്ഥാനാർത്ഥിയെ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽ ചേർന്ന ചെറിയാൻ ഫിലിപ് സ്ഥാനാർത്ഥിയാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഏകപക്ഷീയമായ മത്സരം അനുവദിക്കാനാവില്ല. മത്സരിക്കുക എന്നത് രാഷ്ട്രീയ തീരുമാനമാണ്. ജയവും പരാജയവും നോക്കിയല്ല സ്ഥാനാർത്ഥിയെ നിർത്തുന്നത്. തെരഞ്ഞെടുപ്പിൽ ചെറിയാൻ ഫിലിപ് മത്സരിക്കുമോ എന്ന കാര്യം പിന്നീട് പറയാമെന്നും സുധാകരൻ പറഞ്ഞു.

കേരളത്തിലെ ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബർ 29ന് നടക്കും. കേരള കോൺഗ്രസ് നേതാവ് ജോസ് കെ.മാണി രാജിവച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണലും അതേ ദിവസമാണ്. നവംബർ 9ന് വിജ്ഞാപനം ഇറങ്ങും. നാമനിർദ്ദേശ പത്രികാ സമർപ്പണം നവംബർ 16നാണ്.

യു.ഡി.എഫിലായിരിക്കെ രാജ്യസഭാ സീറ്റ് ഇടഞ്ഞ് നിൽക്കുന്ന കേരളാ കോൺഗ്രസ് വിഭാഗത്തിന് നൽകിയത് അന്ന് കോൺഗ്രസ്സിലും മുന്നണിയിലും വലിയ വിവാദങ്ങളായിരുന്നു സൃഷ്ടിച്ചത്. പിന്നീട്, കേരള കോൺഗ്രസ് യു.ഡി.എഫ് വിട്ട് ഇടതു് മുന്നണിയിലെത്തിയതോടെയാണ് ജോസ് കെ. മാണി രാജ്യസഭാംഗത്വം രാജിവെച്ചത്.

കേരളാ കോൺഗ്രസ് എമ്മിനെ നിയമ പോരാട്ടത്തിലൂടെ ജോസ് കെ മാണി സ്വന്തമാക്കി കഴിഞ്ഞു. പാർട്ടിയെ കേഡറാക്കാനുള്ള നീക്കത്തിലാണ് ചെയർമാൻ. അതുകൊണ്ട് തന്നെ രാജ്യസഭയിലേക്ക് ജോസ് കെ മാണി മത്സരിക്കുമോ എന്നതിൽ ചില സംശയങ്ങളുണ്ട്. എംപി സ്ഥാനം മറ്റൊരാൾക്ക് നൽകി പാർട്ടിയെ ശക്തിപ്പെടുത്താനും ജോസ് കെ മാണി സമയം മാറ്റി വച്ചേക്കും. എന്നാൽ ജോസ് കെ മാണി തന്നെ രാജ്യസഭാ എംപിയാകണമെന്നതാണ് കേരളാ കോൺഗ്രസിലെ പൊതു വികാരം.

കഴിഞ്ഞ ജനുവരി 11നാണ് ജോസ് കെ.മാണി രാജിവച്ചത്. സീറ്റ് കേരള കോൺഗ്രസിനു ഇടതു മുന്നണി നൽകും. ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് തിരഞ്ഞെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് നിർദ്ദേശിക്കണം എന്നാവശ്യപ്പെട്ട് എംഎൽഎമാരായ കെ.എൻ.ഉണ്ണിക്കൃഷ്ണൻ, വി.ആർ.സുനിൽകുമാർ, ജോബ് മൈക്കിൾ എന്നിവർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിനിടെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

ഇടതു മുന്നണി ഔദ്യോഗിക യോഗം ചേർന്ന് താമസിയാതെ കേരളാ കോൺഗ്രസിന് സീറ്റ് നൽകും. അതിന് ശേഷം കേരളാ കോൺഗ്രസും ചർച്ചകളിലേക്ക് കടക്കും. സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയും ചെയ്യും. ജോസ് കെ മാണി മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചാൽ ആരും എതിർക്കില്ല. അല്ലാത്ത പക്ഷം മാത്രമേ മറ്റ് പേരുകൾ കേരളാ കോൺഗ്രസ് പരിഗണിക്കൂ.