മുംബൈ: ബോളിവുഡ് താരം ആമിർ ഖാനും സംവിധായികയായ കിരൺ റാവുവും വിവാഹമോചിതരാവുന്നു എന്ന വാർത്തക്ക് പിറകെ നിരവധി പേരാണ് അഭിപ്രായപ്രകടനവുമായി രംഗത്ത് എത്തിയത്. ഇതിൽ വ്യത്യസ്തമായ അഭിപ്രായം രേഖപ്പെടുത്തിയത് സംവിധായകൻ രാംഗോപാൽ വർമയാണ്. രണ്ടുപേർക്കും നിറമുള്ള ജീവിതം ആശംസിച്ചുകൊണ്ട് രാംഗോപാൽ വർമ ട്വീറ്റ് ചെയ്തു.

മണ്ടത്തരത്തിന്റെയും അറിവില്ലായ്മയുടെയും ഫലമായാണ് പലപ്പോഴും വിവാഹങ്ങൾ നടക്കുന്നതെന്നും എന്നാൽ വിവാഹമോചനങ്ങൾ നടക്കുന്നത് പകത്വതയുടെയും വിവേകത്തിന്റെയും വെളിച്ചത്തിലാണെന്നും ട്വിറ്ററിലെഴുതിയ കുറിപ്പിൽ അദ്ദേഹം പറയുന്നു.

'ആമിർ ഖാനും കിരൺ റാവുവിനും കുറച്ച് കൂടെ നിറമുള്ള ജീവിതം ആശംസിക്കുന്നു. എന്റെ അഭിപ്രായത്തിൽ വിവാഹത്തേക്കാൾ വിവാഹമോചനമാണ് ആഘോഷിക്കപ്പെടേണ്ടത്. മണ്ടത്തരത്തിന്റെയും അറിവില്ലായ്മയുടെയും ഫലമായാണ് പലപ്പോഴും വിവാഹങ്ങൾ നടക്കുന്നത്. എന്നാൽ വിവാഹമോചനങ്ങൾ നടക്കുന്നത് പകത്വതയുടെയും വിവേകത്തിന്റെയും വെളിച്ചത്തിലാണ്', രാം ഗോപാൽ വർമ്മ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ആമീർ ഖാനും കിരൺ റാവുവും വിവാഹമോചിതരാകുന്നുവെന്ന് ഇരുവരും ചേർന്ന് സംയുക്ത പ്രസ്താവന ഇറക്കിയത്. വിവാഹബന്ധം വേർപെടുത്തുന്നുവെങ്കിലും മകന്റെ രക്ഷിതാക്കൾ എന്ന നിലയിൽ ഒരുമിച്ച് നിൽക്കുമെന്ന് ഇരുവരും അറിയിച്ചു.