ലക്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഭൂരിഭാഗവും പൂർത്തിയായി. നിർമ്മാണ പ്രവർത്തനങ്ങൾ സമയപരിധിക്കുള്ളിൽ പൂർത്തിയാക്കുമെന്നും 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് ക്ഷേത്രം വിശ്വാസികൾക്കായി തുറന്നുകൊടുക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീർത്ഥ് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.

അടിത്തറ നിർമ്മാണത്തിനുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. നിർമ്മാണം വേഗത്തിലാക്കുമെന്നും 2024ന് മുൻപ് ക്ഷേത്രം ഭക്തർക്കായി തുറന്നു നൽകുമെന്നും ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായി അറിയിച്ചു.

50 അടി താഴ്ചയിലും, 400 അടി നീളത്തിലും, 300 അടി വീതിയിലുമാണ് അടിത്തറ നിർമ്മിച്ചിരിക്കുന്നത്. ഇതുവരെ 47 പാളി അടിത്തറയിട്ടിട്ടുണ്ട്. പാളികൾ ഓരോന്നിനും ഒരടി ഉയരമുണ്ട്. തൂണിന് 60 അടി ഉയരമുണ്ടാകുമെന്നും പ്രൊജക്ട് മാനേജർ ബിനോദ് മേത്ത പറഞ്ഞു. ശ്രീകോവിലിന് മുകളിൽ 161 അടി ഉയരമുള്ള ഗോപുരത്തിനായി രാജസ്ഥാനിൽ നിന്നുള്ള നാല് ലക്ഷം ക്യുബിക് അടി കല്ലും മാർബിളുമാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടര ഏക്കറിലാണ് ക്ഷേത്ര നിർമ്മാണം പുരോഗമിക്കുന്നത്. ക്ഷേത്ര സമുച്ചയത്തിൽ തീർത്ഥാടന സൗകര്യ കേന്ദ്രം, മ്യൂസിയം, ഗവേഷണ കേന്ദ്രം, ഓഡിറ്റോറിയം, ആചാരാനുഷ്ടാനങ്ങൾക്കുള്ള സ്ഥലം, കന്നുകാലികൾക്കായി പ്രത്യേകം ഷെഡ് തുടങ്ങിയവ ഉൾപ്പെടും. ക്ഷേത്രത്തിന് ചുറ്റും മതിൽ നിർമ്മിക്കും. വെള്ളപ്പൊക്കമുണ്ടായാൽ ആഘാതം ചെറുക്കാൻ കഴിയുന്ന വിധത്തിലായിരിക്കും നിർമ്മാണം.

കഴിഞ്ഞ വർഷം ഓഗസ്റ്റ് അഞ്ചിനാണ് ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. ഭൂമി പൂജയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ശിലാന്യാസം നിർവ്വഹിച്ചത്.. കൊറോണയ്ക്കിടയിലും നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ നടത്തുന്നുണ്ട്. വിദഗ്ധരുടെ മേൽ നോട്ടത്തിലാണ് ക്ഷേത്ര നിർമ്മാണം പുരോഗമിക്കുന്നത്.

2023 ഡിസംബറോടെ നിർമ്മാണം പൂർത്തിയാകുമെന്നാണ് കരുതുന്നത്. മൂന്നുനിലയായി നിർമ്മിക്കുന്ന ക്ഷേത്രത്തിന്റെ അടിത്തറയ്ക്ക് ബലം ഉറപ്പാക്കാൻ 47 അട്ടി കോൺക്രീറ്റ് ഇട്ടിട്ടുണ്ടെന്ന് നിർമ്മാണച്ചുമതല വഹിക്കുന്നവർ പറഞ്ഞു.



ശിലാസ്ഥാപന ചടങ്ങിനു ശേഷം, ഇളകിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യാൻ നാൽപ്പതടി ആഴത്തിൽ കുഴിച്ചെന്നും നിലം ഉറപ്പിച്ചതിനു ശേഷമാണ് കോൺക്രീറ്റ് ഇട്ടതെന്ന് എൽ ആൻഡ് ടി പ്രോജക്ട് മാനേജർ ബിനോദ് മെഹ്ത വ്യക്തമാക്കി. ഒരടി ഉയരത്തിലാണ് കോൺക്രീറ്റിന്റെ ഓരോ അട്ടിയും ഇട്ടിരിക്കുന്നത്. അസ്ഥിവാരത്തിന് അറുപതടി ഉയരമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏകദേശം നാലുലക്ഷം ഘനയടി കല്ലും രാജസ്ഥാനിൽനിന്നുള്ള മാർബിളുമാണ് ക്ഷേത്ര നിർമ്മാണത്തിന് ഉപയോഗിക്കുക. 161 അടിയാണ് ക്ഷേത്രത്തിന് ഉയരമുണ്ടാവുക. 360ഃ235 അടി വലിപ്പമുള്ള ക്ഷേത്രത്തിന്റെ ഗ്രൗണ്ട് ഫ്ളോറിൽ 160 സ്തൂപങ്ങളുണ്ടാകും. ഒന്നാംനിലയിൽ 132 സ്തൂപങ്ങളും രണ്ടാംനിലയിൽ 74 സ്തൂപങ്ങളുമുണ്ടാകും. അഞ്ച് മണ്ഡപങ്ങളും ക്ഷേത്രത്തിലുണ്ടാകും.