ലക്നൗ : രാമക്ഷേത്രത്തിലേക്കുള്ള ശിലയുമായി അയോദ്ധ്യയിലെ രാമജന്മഭൂമിയിൽ എത്തി ശ്രീലങ്കൻ പ്രതിനിധി സംഘം. അശോകവാടികയിൽ നിന്നുമുള്ള ശില കൈമാറുന്നതിനാണ് പ്രതിനിധി സംഘം രാമജന്മഭൂമി സന്ദർശിച്ചത്. പ്രതിനിധി സംഘത്തെ ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ സ്വാഗതം ചെയ്തു.

ഇന്ത്യയിലെ ശ്രീലങ്കൻ അംബാസിഡർ, ഡെപ്യൂട്ടി അംബാസിഡർ, രണ്ട് മന്ത്രിമാർ എന്നിവരുടെ സംഘമാണ് രാമജന്മഭൂമിയിൽ എത്തിയത്. ലങ്കാധിപനായ രാവണൻ സീതാ ദേവിയെ തട്ടിക്കൊണ്ടു പോയി ഒളിവിൽ പാർപ്പിച്ചത് അശോകവാടികയിലാണ്. ഇതിന്റെ സ്മരണയ്ക്കായി വാടികയിൽ ശിലകളും മറ്റും സ്ഥാപിച്ചിരുന്നു. ഇതിൽ ഒന്നാണ് രാമക്ഷേത്രത്തിന് നൽകിയത്. രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്ക്കാണ് ശ്രീലങ്കൻ പ്രതിനിധികൾ ശില കൈമാറിയത്.

ശ്രീലങ്കൻ അംബാസിഡർക്ക് അദ്ദേഹം ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിശദമാക്കി. ട്രസ്റ്റിലെ മറ്റ് അംഗങ്ങളായ ഡോ അനിൽ മിശ്ര, രാജ വിമലേന്ദ്ര മോഹൻ പ്രതാപ് മിശ്ര എന്നിവർ ചേർന്നാണ് ശിലയുമായെത്തിയ സംഘത്തെ സ്വാഗതം ചെയ്തത്. ക്ഷേത്രത്തിലെ പൂജകളിൽ പങ്കെടുത്താണ് പ്രതിനിധി സംഘം മടങ്ങിയത്.