തിരുവനന്തപുരം: ചാക്കോ വന്നതുകൊണ്ടും മാത്രം ഇന്നും ജീവിക്കുന്ന ഒരാളുണ്ട്..ഭക്തവത്സലൻ നായരെന്ന രാമചന്ദ്രൻപിള്ള. കുറുപ്പിന് ചാക്കോയെ കിട്ടിയില്ലായിരുന്നെങ്കിൽ കരുവാറ്റ കൽപ്പകവാടിയിലെ വെയിറ്റർ ഏവൂർ മന്ദാരത്തിൽ ഭക്തവത്സലൻ ആയേനെ കുറിപ്പിന്റെ ഇര. ആ രാത്രി കുറുപ്പ് പറഞ്ഞ വാചകവും അന്നത്തെ സംഭവവും ഒരു ഞെട്ടലോടെയല്ലാതെ രാമചന്ദ്രൻ പിള്ളയ്ക്ക് ഓർക്കാൻ കഴിയില്ല.

ചാക്കോ കൊല്ലപ്പെടുന്നതിനു മണിക്കൂറുകൾക്കുമുൻപ് സുകുമാരക്കുറുപ്പും അളിയൻ ഭാസ്‌കരപിള്ളയും ഡ്രൈവർ പൊന്നപ്പനും സഹായി ഷാഹുവും കൽപ്പകവാടിയിൽ ഒത്തുകൂടിയിരുന്നു.ഭക്ഷണം വിളമ്പിയത് സുകുമാരക്കുറുപ്പിനെ പരിചയമുള്ള രാമചന്ദ്രനും. ഇടയ്ക്കു സുകുമാരക്കുറുപ്പ് രാമചന്ദ്രനെ ചേർത്തുപിടിച്ചു. 'എന്റെ അതേ ഉയരം. കണ്ടാൽ എന്നെപ്പോലെ തന്നെയുണ്ട്. താൻ ആളുകൊള്ളാമല്ലോ രാമചന്ദ്രാ' എന്നും പറഞ്ഞു.ആ സംസാരത്തിന് പിന്നിൽ ഇത്രയും വലിയ ചതി ഒളിഞ്ഞിരിപ്പുണ്ടെന്ന് രാമചന്ദ്രൻ പിള്ള അറിഞ്ഞിരുന്നില്ല.

കുറുപ്പിന്റെ കെണിയിൽ അകപ്പെട്ട രാമചന്ദ്രൻ പിള്ള രക്ഷപ്പെട്ടതും ഭാഗ്യം ഒന്ന് കൊണ്ട് മാത്രമാണ്.അത് രക്ഷപ്പെടൽ രാമചന്ദ്രൻ പിള്ള ഓർത്തെടുക്കുന്നത് ഇങ്ങനെ..തങ്ങൾ കായംകുളം ഭാഗത്തേക്കാണു പോകുന്നത്. വേണമെങ്കിൽ ചേപ്പാട്ടുള്ള വീട്ടിൽ കൊണ്ടുവിടാമെന്നു സുകുമാരക്കുറുപ്പ് പറഞ്ഞു. രാത്രിജോലിക്കുശേഷം പുലർച്ചേയാണ് രാമചന്ദ്രൻപിള്ളയ്ക്കു വണ്ടി കിട്ടുക.നേരത്തേ വീട്ടിലെത്താമെന്ന സന്തോഷത്തിൽ അദ്ദേഹം വാഗ്ദാനം സ്വീകരിച്ചു.പുറപ്പെടാൻ തുടങ്ങിയപ്പോൾ കൊല്ലത്തുനിന്നുള്ള ഒരു കുടുംബം ഹോട്ടലിലെത്തി.

രാമചന്ദ്രൻ പിള്ളയുമായി അടുത്തബന്ധം പുലർത്തിയിരുന്നവരായിരുന്നു അവർ. താൻ വീട്ടിൽ പോകുകയാണെന്നു പറഞ്ഞതോടെ കൊല്ലത്തുകാർ മടങ്ങിപ്പോകാൻ തുടങ്ങി.അപ്പോഴാണ് ഹോട്ടലുടമ ചെറിയാൻ കൽപ്പകവാടി സ്ഥലത്തെത്തുന്നത്. പതിവുകാർക്കു ഭക്ഷണം നൽകിയിട്ടു പോയാൽ മതിയെന്നു ചെറിയാൻ പറഞ്ഞു. ഇതോടെ രാമചന്ദ്രൻ പിള്ള ധർമസങ്കടത്തിലായി. മുതലാളിയെ ധിക്കരിക്കാൻ വയ്യ. കുറുപ്പിന്റെ വാഗ്ദാനം നിരസിക്കാനും തോന്നുന്നില്ല.

ഒടുവിൽ കുറുപ്പു തന്നെ ഒരു പരിഹാരം നിർദേശിച്ചു തങ്ങൾ അമ്പലപ്പുഴവരെ പോയിട്ട് ഒരു മണിക്കൂറിനകം മടങ്ങിയെത്താം.അതിനുള്ളിൽ ജോലി തീർത്ത് നിന്നാൽ മതി.കൊല്ലത്തുനിന്നുള്ള കുടുംബത്തിനു ഭക്ഷണം നൽകി രാമചന്ദ്രൻപിള്ള ഹോട്ടലിനുപുറത്ത് ദേശീയപാതയിൽ കാത്തുനിന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും അവർ വന്നില്ല.

ഇതിനിടെയാണ് സുകുമാരക്കുറുപ്പും സംഘവും കരുവാറ്റയിൽ റോഡരികിൽനിന്ന ചാക്കോയെ കണ്ടെത്തുന്നതും കാറിൽ കയറ്റികൊണ്ടുപോയി കൊല്ലുന്നതും.സുകുമാരക്കുറുപ്പ് നേരത്തേ പലപ്രാവശ്യം രാമചന്ദ്രൻ നായരെ രാത്രി വൈകി വീട്ടിലെത്തിച്ചിട്ടുണ്ട്. ഇതിനാൽ അന്നത്തെ രാത്രിയിലെ വാഗ്ദാനത്തിൽ രാമചന്ദ്രൻ നായർക്കു സംശയം തോന്നിയിരുന്നില്ലെന്ന് ചേപ്പാട്ട് വീട്ടിൽ ഇപ്പോൾ താമസിക്കുന്ന മകൾ നിത്യ പറഞ്ഞു.

10 വർഷം മുൻപ് രാമചന്ദ്രൻപിള്ള കൽപ്പകവാടിയിലെ ജോലി മതിയാക്കി. ഇപ്പോൾ നാലുവർഷമായി ഡൽഹിയിൽ മകൻ നിഖിലിനൊപ്പമാണ്. നാട്ടിൽ 'കുറുപ്പ്' സിനിമ ഹിറ്റായതും തന്റെ കഥ സാമൂഹികമാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്നതെല്ലാം 70 പിന്നിട്ട അദ്ദേഹം അറിയുന്നുണ്ട്.

സുകുമാരക്കുറുപ്പിന്റെ കെണിയിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട വിവരം അന്ന് കൽപ്പകവാടിയിൽ പതിവായി എത്തിയിരുന്ന നടൻ മുകേഷിനോടു രാമചന്ദ്രൻപിള്ള പറഞ്ഞിരുന്നു. കുറുപ്പ് സിനിമയുടെ പശ്ചാത്തലത്തിൽ മുകേഷ് ഈ വിവരം യു ട്യൂബ് ചാനലിലൂടെ പങ്കുവെച്ചിട്ടുണ്ട്. സംഭവം ലാൽസലാം സിനിമയുടെ തിരക്കഥാകൃത്തായ ചെറിയാൻ കൽപ്പകവാടിയും സ്ഥിരീകരിച്ചു.