ന്യൂഡൽഹി: അലോപ്പതി ചികിത്സയ്ക്കും കോവിഡ് വാക്‌സിനുമെതിരെ വീണ്ടും വിവാദ പരാമർശങ്ങളുമായി യോഗ ഗുരു ബാബ രാംദേവ്. കോവിഡ് വാക്സിനുകളെ വീണ്ടും ചോദ്യം ചെയ്ത രാംദേവ് കോവിഡ് മരണങ്ങൾ തടയാൻ അലോപ്പതി നൂറ് ശതമാനം ഫലപ്രദമല്ലെന്ന് തെളിഞ്ഞതായും പറഞ്ഞു.

വർഷങ്ങളായി യോഗയുടേയും ആയുർവേദത്തിന്റേയും ഇരട്ട സംരക്ഷണം ആസ്വദിക്കുന്നതിനാൽ താൻ വാക്സിൻ എടുക്കില്ലെന്നും രാംദേവ് വ്യക്തമാക്കി.

'പതിറ്റാണ്ടുകളായി ഞാൻ യോഗ-ആയുർവേദ ഡോസുകൾ പരിശീലിക്കുന്നു. അതുകൊണ്ട് തന്നെ ഒരു പ്രതിരോധ കുത്തിവെപ്പ് നടത്തേണ്ട ആവശ്യകത എനിക്കുണ്ടായിട്ടില്ല. ഇന്ത്യയിലേയും വിദേശരാജ്യങ്ങളിലേയും നൂറുകോടിയിലധികം ആളുകൾ ഈ പുരാതന ചികിത്സാ രീതിയിലേക്ക് എത്തിച്ചേരുന്നു. വരുംകാലങ്ങളിൽ ആയുർവേദം ആഗോളതലത്തിൽ സ്വീകരിക്കപ്പെടും. സമൂഹത്തിലെ ഒരു വിഭാഗം ഇത് മനഃപൂർവ്വം അവഗണിക്കുകയോ തരംതാഴ്ന്നതാണെന്ന് കരുതുകയോ ചെയ്യുന്നു' ബാബ രാംദേവ് പറഞ്ഞു.

അലപ്പോതിയുടെ ഫലപ്രാപ്തിയെ ചോദ്യം ചെയ്ത് രാംദേവ് അടുത്തിടെ നടത്തിയ പ്രസ്താവനക്കെതിരെ ഐഎംഎ ഉത്തരാഖണ്ഡ് യൂണിറ്റ് ആയിരം കോടിയുടെ അപകീർത്തി നോട്ടീസ് അദ്ദേഹത്തിന് അയച്ചിരുന്നു.