ചെന്നൈ: ചെസ്സബിൾ മാസ്റ്റേഴ്സ് ഓൺലൈൻ ടൂർണമെന്റിന്റെ ഫൈനലിൽ തോറ്റെങ്കിലും പ്രജ്ഞാനന്ദ ഇന്ത്യക്ക് നൽകിയത് പുതിയ പ്രതീക്ഷകൾ തന്നെയാണ്. ഇന്ത്യയുടെ അടുത്ത വിശ്വനാഥൻ ആനന്ദാണെന്നാണ് ചെസ് പ്രേമികളുടെ വിലയിരുത്തൽ. സ്‌കൂൾ പഠനകാലഘട്ടത്തിൽ തന്നെ ഇത്രയും മികച്ച വിജയങ്ങൾ സ്വന്തമാക്കാനായത് പ്രജ്ഞാനന്ദയുടെ കഴിവ് അടയാളപ്പെടുത്തുകയാണ്.16 വയസ് മാത്രമുള്ള ഇവൻ പാരാജയപ്പെടുത്തിയത് നിസാരക്കാരയല്ല. ലോക ചെസ് ചാംപ്യനായ മാഗനസ് കാൾസണെ വരെ മുട്ടുകുത്തിച്ചിട്ടുണ്ട്. എയർതിങ്‌സ് മാസ്റ്റേഴ്‌സ് ഓൺലൈൻ ചെസ് ടൂർണമെന്റിന്റെ എട്ടാം റൗണ്ടിലാണ് പ്രജ്ഞാനന്ദ അഞ്ചുതവണ ലോകചാമ്പ്യനായ നോർവീജിയൻ താരം കാൾസണെ അട്ടിമറിച്ച് ലോകശ്രദ്ധ നേടിയത്. കാൾസണെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും മൂന്നാമത്തെ ഇന്ത്യൻ താരവുമാണ് പ്രജ്ഞാനന്ദ.

ഒരു ദിവസം ചെസിനോട് കമ്പം തോന്നി ചതുരംഗക്കളത്തിലെത്തിയതല്ല പ്രജ്ഞാനന്ദ. മൂത്ത സഹോദരിയായ വൈശാലിയാണ് പ്രജ്ഞാനന്ദയെ ചെസ്സ് ലോകത്തേക്ക് കൈപിടിച്ചുനടത്തിയത്. ചെന്നൈ സ്വദേശികളായ രമേശ് ബാബുവിന്റെയും നാഗലക്ഷ്മിയുടെയും മകനായ പ്രജ്ഞാനന്ദ 2005 ഓഗസ്റ്റ് 10 നാണ് ജനിച്ചത്. ഗ്രാൻഡ്മാസ്റ്റർ പദവിയുള്ള വൈശാലിയുടെ ചതുരംഗക്കളത്തിലെ നീക്കങ്ങൾ കുട്ടിക്കാലം തൊട്ട് കണ്ടുവളർന്ന പ്രജ്ഞാനന്ദ വൈകാതെ ചതുരംഗക്കളത്തിലെ മാസ്മരിക ലോകത്തേക്ക് പ്രവേശിച്ചു.

ചേച്ചിയിൽ നിന്ന് ചെസ്സിന്റെ ബാലപാഠങ്ങൾ പഠിച്ച പ്രജ്ഞാനന്ദ പിന്നീട് ആർ.ബി.രമേശിന് കീഴിൽ പരിശീലനം ആരംഭിച്ചു. വളരെ ചെറുപ്പത്തിൽ തന്നെ അസാമാന്യമായ കഴിവ് പ്രകടിപ്പിച്ച പ്രജ്ഞാനന്ദ പരിശീലകൻ രമേശിനെ പലവട്ടം തോൽപ്പിച്ച് അത്ഭുതമായി മാറി. വൈകാതെ ദേശീയ ശ്രദ്ധയും നേടി. ഏഴ് വയസ് മാത്രം പ്രായമുള്ളപ്പോൾ ലോകചെസ് കിരീടം നേടി പ്രജ്ഞാനന്ദ ലോകത്തെ ഞെട്ടിച്ചു. 2013-ൽ നടന്ന ലോക യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ പ്രജ്ഞാനന്ദ കിരീടം നേടി. ഇതോടെ ഏഴാം വയസ്സിൽ ഫിഡെ മാസ്റ്റർ പദവിയും താരം സ്വന്തമാക്കി.

2015-ലും ലോക ചെസ് കിരീടം നേടി ചരിത്രം കുറിച്ച പ്രജ്ഞാനന്ദ അതേവർഷം ഗ്രാൻഡ്മാസ്റ്റർ പദവിയും സ്വന്തമാക്കി. ഗ്രാൻഡ്മാസ്റ്റർ പദവി നേടുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന അപൂർവ റെക്കോഡ് പ്രജ്ഞാനന്ദയുടെ പേരിലാണ്. ഗ്രാൻഡ്മാസ്റ്റർ പദവി നേടുമ്പോൾ വെറും 12 വയസ്സും 10 മാസവും 19 ദിവസവും മാത്രമാണ് പ്രജ്ഞാനന്ദയുടെ പ്രായം.

ഗ്രാൻഡ്മാസ്റ്ററായ ശേഷം 2017-ലാണ് പ്രജ്ഞാനന്ദ ആദ്യമായി ലോകകിരീടത്തിൽ മുത്തമിടുന്നത്. 2017 നവംബറിൽ നടന്ന ലോക ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പിൽ പ്രജ്ഞാനന്ദ കിരീടം നേടി. റാപ്പിഡ് ചെസാണ് പ്രജ്ഞാനന്ദയുടെ പ്രധാന ശക്തികേന്ദ്രം. അതിവേഗ നീക്കങ്ങളിലൂടെ എതിരാളികളെ സമർഥമായി കീഴടക്കുന്ന ഈ യുവതാരത്തിന്റെ നീക്കങ്ങളുടെ ചൂട് ഒടുവിൽ സാക്ഷാൽ കാൾസണും അറിഞ്ഞു.

തന്നേക്കാൾ ഇരട്ടി പ്രായമുള്ള, വർഷങ്ങളുടെ പരിചയസമ്പത്തുള്ള താരങ്ങളെ വരെ അട്ടിമറിച്ചുകൊണ്ട് ഈ ബാലൻ തേരോട്ടം തുടർന്നു. ടെയ്മർ റാഡ്യാബോവ്, യാൻ ക്രൈസോഫ് ഡ്യൂഡ, സെർജി കര്യാക്കിൻ, യോഹാൻ സെബാസ്റ്റ്യൻ ക്രിസ്റ്റിയൻസെൻ തുടങ്ങിയവരെയെല്ലാം അട്ടിമറിയിലൂടെ പല ടൂർണമെന്റുകളിലായി പ്രജ്ഞാനന്ദ കീഴടക്കിയിട്ടുണ്ട്. മുൻപ് ഒരു തവണ കാൾസണെ സമനിലയിൽ തളയ്ക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.

ചെസ്സബിൾ മാസ്റ്റേഴ്സ് ഓൺലൈൻ ടൂർണമെന്റിന്റെ ഫൈനലിൽ ചൈനയുടെ ലോക രണ്ടാം നമ്പർ താരം ഡിങ് ലിറെനോട് ടൈ ബ്രേക്കറിലായിരുന്നു 16-കാരനായ പ്രജ്ഞാനന്ദയുടെ തോൽവി. ആദ്യ സെറ്റ് തോറ്റ് ശേഷം രണ്ടാം സെറ്റ് സ്വന്തമാക്കി പ്രജ്ഞാനന്ദ തിരിച്ചുവരവ് നടത്തിയിരുന്നു. എന്നാൽ തുടർന്ന് നടന്ന ടൈ ബ്രേക്കറിൽ രണ്ട് ഗെയിം നഷ്ടപ്പെടുത്തിയതോടെ പ്രജ്ഞാനന്ദ തോൽവി വഴങ്ങുകയായിരു സെമിയിൽ നെതർലൻഡ്സിന്റെ അനിഷ് ഗിരിയെ പരാജയപ്പെടുത്തിയാണ് പ്രജ്ഞാനന്ദ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്.

ടൂർണമെന്റിൽ ഒരു മത്സരം പോലും തോൽക്കാതെ വന്ന അനിഷിനെ പ്രജ്ഞാനന്ദ മുട്ടുകുത്തിച്ചു. പ്ലസ് വൺ വിദ്യാർത്ഥിയായ പ്രജ്ഞാനന്ദ സ്‌കൂൾ പരീക്ഷയ്ക്കിടയിലൂടെയാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ചെന്നൈ സ്വദേശികളായ രമേശ് ബാബുവും നാഗലക്ഷ്മിയുമാണ് മാതാപിതാക്കൾ.