രണ്ടാമൂഴം നോവൽ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ എം ടി വാസുദേവൻ നായരും സംവിധായകൻ ശ്രീകുമാർ മേനോനും തമ്മിൽ ധാരണയായി. എം ടിക്ക് ശ്രീകുമാ‍ർ മേനോൻ തിരക്കഥ തിരിച്ചു നൽകും. ശ്രീകുമാ‍‍ർ മേനോന് എം ടി അഡ്വാൻസ് തുക 1.25 കോടി മടക്കി നൽകും. ഇതോടെ ജില്ലാ കോടതിയിലും സുപ്രീം കോടതിയിലും ഉള്ള കേസുകൾ ഇരു കൂട്ടരും പിൻവലിക്കും. കഥയ്ക്കും തിരക്കഥയ്ക്കും മേൽ എം ടിക്കായിരിക്കും പൂർണ അവകാശം. ശ്രീകുമാർ മേനോൻ രണ്ടാമൂഴം ആസ്പദമാക്കിയോ, ഭീമനെ കേന്ദ്ര കഥാപാത്രമാക്കിയോ സിനിമ എടുക്കരുതെന്നും ധാരണയായിട്ടുണ്ട്.

ഒത്തുതീർപ്പിന്റെ പശ്ചാത്തലത്തിൽ എം ടിക്കെതിരെ നൽകിയ ഹർജി പിൻവലിക്കാൻ ശ്രീകുമാർ മേനോൻ അപേക്ഷ നൽകി. തിങ്കളാഴ്ച അപേക്ഷ പരിഗണിക്കും. കോഴിക്കോട് മുൻസിഫ് കോടതിയിൽ എം ടി നൽകിയ ഹർജി കൂടി പിൻവലിക്കുന്നതോടെ ഒത്തുതീർപ്പ് കരാർ പ്രാബല്യത്തിൽ വരും. തന്റെ ആവശ്യം അംഗീകരിച്ചതിൽ സന്തോഷമെന്ന് എംടി പ്രതികരിച്ചു.

2014ലാണ് രണ്ടാമൂഴം നോവൽ സിനിമയാക്കാൻ എം ടി.യും ശ്രീകുമാറും കരാർ ഒപ്പ് വെച്ചത്. മൂന്നുവർഷത്തിനുള്ളിൽ സിനിമ ചെയ്യുമെന്നായിരുന്നു കരാർ. ഈ കാലാവധി കഴിഞ്ഞ് ഒരുവർഷം കൂടി നൽകിയിട്ടും സിനിമ യാഥാർഥ്യമായില്ല. തുടർന്നാണ് കരാർലംഘനമാരോപിച്ച് ശ്രീകുമാറിനെതിരേ എം ടി. കോടതിയെ സമീപിച്ചത്. വാങ്ങിയ പണം തിരികെനൽകാമെന്നും രണ്ടാമൂഴം സിനിമയാക്കുന്നത് തടയണമെന്നുമായിരുന്നു ആവശ്യം.