കണ്ണൂർ: കാട്ടാനയിറങ്ങി ഭീതിപരത്തുന്നതിനാൽ റാണിപുരം വിനോദസഞ്ചാര സഞ്ചാരികൾക്ക് താൽക്കാലികമായി പ്രവേശനം വനം വകുപ്പ് പ്രവേശനം നിരോധിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി വടക്കൻ കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്തും മാനിപുറത്തും പരിസരപ്രദേശത്തും കാട്ടാനക്കൂട്ടം തമ്പടിക്കുകയാണ്. വിവരം അന്വേഷിക്കാൻ പോയ വാച്ചറെ ആന ഓടിച്ചപ്പോൾ വീണ് പരിക്കേറ്റു. എങ്കാപ്പു (46)വിനാണ് പരിക്കേറ്റത്.

ഇതോടെയാണ് മൺസൂൺ ടൂറിസത്തിന്റെ ഭാഗമായി ഇവിടെയെത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചത്. സഞ്ചാരികൾ പോകുന്ന ട്രക്കിങ് പാതയിൽ കഴിഞ്ഞദിവസം ആനകൾ കൂട്ടത്തോടെയെത്തി തമ്പടിച്ചിട്ടുണ്ട്. വനപാലകരുടെ നേതൃത്വത്തിൽ ഇവയെകാട്ടിലേക്ക് ഓടിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും ആനകൾ മാനിപുറം വിട്ടുപോകുന്നില്ല.

കൂടുതൽ വനപാലകരെത്തി ആനയെ ഉൾവനത്തിലേക്ക് വിടാനുള്ള ശ്രമത്തിലാണ്. റാണിപുരത്തെ എസ് മധുസൂദനന്റെ കൃഷി ഇടത്തിലും സ്റ്റീഫൻ എന്നിവരുടെ കൃഷിയിടത്തിലും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. മൺസൂൺ ടൂറിസത്തിനായി നിരവധിയാളുകളാണ് റാണിപുരത്ത് എത്തുന്നത്.