തിരുവനന്തപുരം: ജിവിച്ചിരിക്കുമ്പോൾ തന്നെ തങ്ങളുടെ പേരിൽ മറ്റുവല്ലതും ഇ ഭൂമിയിൽ അറിയപ്പെടുക എന്നത് അപൂർവ്വം ചിലർക്ക് മാത്രം ലഭിക്കുന്ന ബഹുമതിയാണ്.അത്തരത്തിൽ ഒരു ബഹുമതിക്ക് അർഹനായിട്ടുണ്ട് ഇന്ന് അന്തരിച്ച വൈദ്യകുലപതി പി കെ വാര്യർ.
അദ്ദേഹത്തോടുള്ള ആദരസൂചകമായി ഒരു സസ്യത്തിന് അദ്ദേഹത്തിന്റെ പേര് നൽകി ആദരിക്കുകയുണ്ടായി കേരളം.കണ്ണൂർ ജില്ലയിലെ ആറളം വനപ്രദേശത്തു കണ്ടെത്തിയ പുതിയ ഇനം സസ്യത്തിനാണ പി.കെ വാര്യരുടെ പേര് നൽകിയത്. ജിംനോസ്റ്റാക്കിയം വാരിയരാനം എന്നാണ് ഈ സസ്യത്തിന്റെ പേര്.

കേരളത്തിന്റെ ആയുർവേദ സംസകാരത്തെ ആഗോളതലത്തിൽ അടയാളപ്പെടുത്തിയ പി.കെ. വാര്യർ നൽകിയ സംഭാവനകൾ മാനിച്ചും ആറ് ദശാബ്ദക്കാലത്തെ നിസ്തുല സേവനത്തിന് അംഗീകാരമായുമാണ് ഒരു ഔഷധ സസ്യത്തിന് അദ്ദേഹത്തിന്റെ പേര് നൽകി ആദരിച്ചത്.വംശനാശം നേരിടുന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയ ഈ ചെടി കോട്ടക്കൽ ആര്യവൈദ്യശാലയിലെ ഔഷധ സസ്യ ഉദ്യാനത്തിൽ പരിപാലിക്കുന്നുണ്ട്.

2015 സെപ്റ്റംബറിൽ കണ്ണൂരിലെ ആറളം വന്യജീവിസങ്കേതത്തിൽ നിന്നാണ് സസ്യത്തെ ആദ്യമായി തിരിച്ചറിഞ്ഞത്. കോട്ടക്കൽ ആര്യവൈദ്യശാലയുടെ ഔഷധസസ്യ ഗവേഷണകേന്ദ്രത്തിലെ സസ്യവർഗീകരണ വിഭാഗം ശാസ്ത്രജ്ഞനായ ഡോക്ടർ കെ.എം. പ്രഭുകുമാറിന്റെയും ഡോ. ഇന്ദിരാ ബാലചന്ദ്രന്റെയും നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് സസ്യത്തെ കണ്ടെത്തിയത്.70 സെ.മീ നീളത്തിൽ വളരുന്ന ഈ സസ്യം നവംബറിനും മാർച്ച് മാസത്തിനും ഇടയിലാണ് പുഷ്പിക്കുന്നത്. പർപ്പിൾ നിറത്തിലുള്ള പുഷ്പങ്ങളാണ് ഇതിലുണ്ടാകുക. സസ്യകുടുംബമായ അക്കാന്തേസിയയിലെ ജിംനോസ്റ്റാക്കിയം ജനുസ്സിൽപ്പെട്ടതാണ് ഇത്.

ഇന്ത്യയിൽ ഈ ഇനത്തിൽപ്പെട്ട 14 സസ്യങ്ങൾ കാണുന്നുണ്ട്. എന്നാൽ കേരളത്തിൽ വെറും ഏഴെണ്ണം മാത്രമാണുള്ളത്.ഇംഗ്ലണ്ടിൽ നിന്നുള്ള അന്താരാഷട്ര സസ്യവർഗീകരണ ജേർണലായ ക്യൂ ബുള്ളറ്റിനിൽ (ഗലം ആൗഹഹലശേി) ഇതിന്റെ കണ്ടെത്തൽ സംബന്ധിച്ച വിവരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.