കൊച്ചി: ഡൽഹിയിൽ നടക്കുന്ന ദേശീയ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് പങ്കുചേർന്ന കർഷക പ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ കേരളത്തിൽ നിന്നുള്ള പ്രതിനിധികളെ പൊലീസ് അറസ്റ്റ് ചെയ്തു. ദേശീയ കോർഡിനേറ്റർ കെ.വി.ബിജുവിന്റെ േനതൃത്വത്തിലുള്ള കർഷകനേതാക്കളാണ് അറസ്റ്റ് വരിച്ചത്.

നീതിക്കായും നിലനിൽപ്പിനായും പോരാടുന്ന കർഷകരെ അടിച്ചമർത്താൻ നോക്കാതെ കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും നേതാക്കളെ വിട്ടയയ്ക്കണമെന്നും രാഷ്ട്രീയ കിസാൻ മഗസ്സംഖ് സംസഥാന ചെയർമാൻ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിൽ കൃഷി സംസ്ഥാന വിഷയമാണ്. അതിനാൽത്തന്നെ കേന്ദ്ര കാർഷിക നിയമത്തിന് ഭരണഘടനാപരമായ സാധുതയില്ല. കൃഷിയേയും ഫെഡറലിസത്തിനെയും സംരക്ഷിക്കുവാനാണ് കർഷകർ തെരുവിലിറങ്ങിയിരിക്കുന്നതെന്നും നാടിന്റെ രക്ഷയ്ക്കായി പൊതുസമൂഹമൊന്നാകെ കർഷകരെ പിന്തുണയ്ക്കണമെന്നും വിസി,സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.

കർഷകപ്രക്ഷോഭത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കർഷകർ പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ കൺവീനർ അഡ്വ.ബിനോയ് തോമസ്, കൺവീനർ ജോയി കണ്ണഞ്ചിറ, ഷുക്കൂർ കണാജെ, ബേബി സഖറിയാസ്, മാർട്ടിൻ തോമസ്, പി.ജെ.ജോൺ മാസ്റ്റർ, രാജ സേവ്യർ, ജെയിംസ് പന്ന്യമാക്കൽ എന്നിവർ ജില്ലാ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി. പ്രക്ഷോഭം തുടരുന്നപക്ഷം ജനറൽ കൺവീനർ അഡ്വ.ബിനോയ് തോമസ്, കൺവീനർ ജോയി കണ്ണഞ്ചിറ എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ടാം കർഷക പ്രതിനിധി സംഘം ഡൽഹിയിൽ പങ്കുചേരുമെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന വൈസ് ചെയർമാന്മാരായ ഡിജോ കാപ്പൻ, മുതലാംതോട് മണി എന്നിവർ അറിയിച്ചു.