മുംബയ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃപാടവത്തെ പുകഴ്‌ത്തി ടാറ്റാ ഗ്രൂപ്പ് ചെയർമാൻ രത്തൻ ടാറ്റ. അസോസിയേറ്റഡ് ചേംബേഴ്സ് ആൻഡ് ഇൻഡസ്ട്രി ഒഫ് ഇന്ത്യ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മോദിയെ പുകഴ്‌ത്തി രത്തൻ ടാറ്റരം​ഗത്തെത്തിയത്. കോവിഡ് മഹാമാരിയുടെ സമയത്ത് മോദി രാജ്യത്തെ മുന്നിൽ നിന്ന് നയിച്ചെന്നും അദ്ദേഹത്തിന്റെ പ്രവർത്തനം വെറും പ്രദർശനങ്ങൾ മാത്രമായിരുന്നില്ലെന്നും രത്തൻ ടാറ്റ പറഞ്ഞു. മോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ വ്യവസായ മേഖല തിരിച്ചുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏറെ ദുഷ്‌‌കരമായ ഈ കാലഘട്ടത്തിൽ രാജ്യത്തെ നയിക്കുന്നതിന് മോദിയോട് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു എന്നും രത്തൻ ടാറ്റ പറഞ്ഞു.

'മഹാമാരിയുടെ ഈ കാലഘട്ടിത്തിൽ മുൻനിരയിൽ നിന്നുകൊണ്ട് നമ്മെ നയിച്ച പ്രധാനമന്ത്രിയെ ഏറെ ബഹുമാനപൂർവം മാത്രമേ എനിക്ക് ഓർക്കാൻ കഴിയൂ. നോതൃത്വവാഹകനായി താങ്കൾ നിലകൊണ്ടൂ. ആപത്തിൽ സംഭ്രാന്തനാവുകയോ ഓടിയൊളിക്കുകയോ അങ്ങ് ചെയ‌്തില്ല. ഈ രാജ്യത്തെ മുന്നിൽ നിന്നുതന്നെ നയിച്ചു'-പ്രധാനമന്ത്രിയോടായി രത്തൻ ടാറ്റ പറഞ്ഞു. മോദിയുടെ പ്രയത്നങ്ങൾ പ്രദർശന വൈദഗ്ദ്ധ്യത്തിനുള്ളതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിയുടെ പ്രവർത്തികളിൽ ഞങ്ങൾ ഏറെ കടപ്പെട്ടവരാണ്. ശരിയാണ്, നിങ്ങൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. നിങ്ങൾ കുറച്ചുനേരം രാജ്യത്തെ ലൈറ്റുകൾ ഓഫ് ചെയ്യാൻ ആഹ്വാനമേകി. പക്ഷേ അതൊന്നും തന്നെ പ്രകടനപരമായിരുന്നില്ല. അത് രാജ്യത്തെ ജനങ്ങളെ ഒരുമിപ്പിക്കുന്നതിനുള്ളതായിരുന്നുവെന്ന് രത്തൻ ടാറ്റ പറഞ്ഞു. മോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ വ്യവസായ മേഖല തിരിച്ചുവരികയാണ്. അതിന്റെ ഫലങ്ങൾ കണ്ടുതുടങ്ങിയിരിക്കുന്നു. ഏറെ ദുഷ്‌‌കരമായ ഈ കാലഘട്ടത്തിൽ രാജ്യത്തെ നയിക്കുന്നതിന് മോദിയോട് പ്രത്യേകം നന്ദി രേഖപ്പെടുത്താനും രത്തൻ ടാറ്റ മറന്നില്ല.റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും അടുത്തിടെ മോദിയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.