പാലക്കാട് : റേഷൻ കാർഡ് തിരുത്തലുമായി ബന്ധപ്പെട്ട ഓരോ സേവനത്തിനും സിവിൽ സപ്ലൈസ് വകുപ്പ് 50 രൂപ ഈടാക്കുന്നു. പുതുതായി പേരു ചേർക്കൽ, ഒഴിവാക്കൽ, പുതിയ സ്ഥലത്തു ചേർക്കൽ, താലൂക്ക് മാറ്റം, വിലാസം മാറ്റം ഉൾപ്പെടെയുള്ള സേവനങ്ങൾക്കാണു ഫീസ് ഏർപ്പെടുത്തിയത്.പുസ്തക രൂപത്തിലുള്ള കാർഡുകൾ ഇ കാർഡുകളാക്കുന്നതിന്റെ ഭാഗമായാണു സേവനങ്ങൾക്കു നിരക്കു നിശ്ചയിച്ചതെന്നു വകുപ്പു പറയുന്നു.

ഓരോ സേവനത്തിനും പ്രത്യേകം പണം വാങ്ങുന്നുണ്ട്. അതായത്, നിലവിലെ കാർഡിൽ നിന്ന് ഒരാളെ ഒഴിവാക്കി മറ്റൊരു സ്ഥലത്തു ചേർക്കുന്നതു 2 സേവനമായി കണക്കാക്കി 100 രൂപ അടയ്ക്കണം. ഒരിക്കൽ ഫീസ് അടച്ച് അപേക്ഷിച്ച സേവനം ലഭിച്ചില്ലെങ്കിൽ അടച്ച പണം നഷ്ടമാകും. വീണ്ടും അപേക്ഷിക്കാൻ ഫീസ് നൽകണം.

ഈ ഫീസിനു പുറമേ ഓരോ റേഷൻ കാർഡിനും 25 രൂപ പ്രിന്റിങ് ചാർജും സർവീസ് ചാർജും അക്ഷയ ഉൾപ്പെടെയുള്ള സേവനകേന്ദ്രങ്ങൾക്കു നൽകുന്നുണ്ട്.