തിരുവനന്തപുരം റേഷൻകാർഡിലെ തെറ്റുകൾ തിരുത്തുന്നതിനും ആധാർ നമ്പർ ലിങ്ക് ചെയ്യുന്നതിനുമുള്ള 'തെളിമ' പദ്ധതിയിൽ 15 വരെ അപേക്ഷ നൽകാം. തിരുത്തലിനുള്ള അപേക്ഷകൾ റേഷൻകടകൾക്ക് മുമ്പിൽ സ്ഥാപിച്ചിട്ടുള്ള തെളിമ ബോക്സുകളിൽ ഇടാം.

കാർഡ് പുതുക്കലുമായി ബന്ധപ്പെട്ട് ഡാറ്റാ എൻട്രിയിൽ ഉണ്ടായ തെറ്റുകൾ തിരുത്താൻ പദ്ധതിയിലൂടെ സാധിക്കും. അംഗങ്ങളുടെ പേര്, ഇനിഷ്യൽ, മേൽവിലാസം, തൊഴിൽ, കാർഡ് ഉടമയുമായുള്ള ബന്ധം തുടങ്ങിയ വിവരങ്ങളിലെ തെറ്റുകളും എൽപിജി വിവരങ്ങളിലെ തെറ്റുകളും തിരുത്താം. റേഷൻ ഡിപ്പോയിൽനിന്ന് ലഭിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരം, അളവ് തടങ്ങിയ വിവരങ്ങളും ലൈസൻസി, സെയിൽസ്മാൻ എന്നിവരുടെ പെരുമാറ്റം സംബന്ധിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും പൊതുജനങ്ങൾക്ക് അറിയിക്കാം.

എന്നാൽ റേഷൻ കാർഡ് തരംമാറ്റൽ, കാർഡിൽ രേഖപ്പെടുത്തിയിട്ടുള്ള വരുമാനം, വീടിന്റെ വിസ്തീർണം, വാഹനങ്ങളുടെ വിവരം എന്നിവയിൽ മാറ്റം വരുത്താനുള്ള അപേക്ഷകൾ തെളിമ പദ്ധതിയുടെ ഭാഗമായി സ്വീകരിക്കില്ല. അക്ഷയ കേന്ദ്രങ്ങൾ മുഖേനയും പൊതുവിതരണ വകുപ്പിന്റെ വെബ്‌സൈറ്റായ https://ecitizen.civilsupplieskerala.gov.in/ വഴിയും കാർഡ് പുതുക്കാനുള്ള അപേക്ഷകൾ നൽകാം.