തിരുവനന്തപുരം: 24 ഇനം നിത്യോപയോഗ സാധനങ്ങൾ റേഷൻ കടകൾ വഴി വിതരണം ചെയ്യാനുള്ള തീരുമാനവുമായി പൊതുവിതരണ വകുപ്പ് സബ്‌സിഡി നിരക്കിൽ സപ്ലൈകോ ഔട്ട്‌ലറ്റുകളിലൂടെ വിതരണം ചെയ്തുകൊണ്ടിരിക്കുന്ന നിത്യോപയോഗ സാധനങ്ങൾ റേഷൻ കടകളിലേക്കു മാറ്റാനാണ് തീരുമാനം. പദ്ധതിക്കു നാളെ തുടക്കമിടാനാണു ധാരണ. അരിയും പഞ്ചസാരയും വെളിച്ചെണ്ണയും മുളകും പയറും ഉൾപ്പെടെ റേഷൻ കാർഡ് ഹാജരാക്കിയാൽ റേഷൻ കടകളിൽ നിന്നു വാങ്ങാനാകും.

മാവേലി സ്റ്റോറുകൾ ഉൾപ്പെടെ സപ്ലൈകോ നടത്തുന്ന വിൽപനശാലകൾ വഴിയാണു സബ്‌സിഡി ഭക്ഷ്യ സാധനങ്ങൾ ഇപ്പോൾ വിതരണം ചെയ്തുകൊണ്ടിരിക്കുന്നത്. റേഷൻ കടകളിലേക്ക് ഇവയുടെ വിതരണം മാറ്റാൻ പൊതുവിതരണ ഡയറക്ടറുടെ ശുപാർശ 3 മാസം മുൻപു സർക്കാരിനു ലഭിച്ചിരുന്നു. ഇതു നടപ്പാകുന്നതോടെ റേഷൻ കടകളുടെ മുഖം മാറും. ന്യായമായ വിലയിൽ നിത്യോപയോഗ സാധനങ്ങളെല്ലാം ഒന്നിച്ചു ലഭിക്കുന്ന സൂപ്പർ മാർക്കറ്റുകളുടെ നിലയിലേക്കു റേഷൻ കടകളുയരും.

റേഷൻ കടയിലേക്കും സപ്ലൈകോ വിൽപനശാലയിലേക്കും പലവട്ടം യാത്ര ചെയ്യേണ്ട ഗതികേടിൽ നിന്നു റേഷൻ കാർഡുടമകൾക്കും മോചനം ലഭിക്കും. മാവേലി സ്റ്റോർ, സപ്ലൈകോ സൂപ്പർ മാർക്കറ്റ്, പീപ്പിൾ ബസാർ, ഹൈപ്പർ മാർക്കറ്റ് എന്നിവയുടെ എണ്ണം കുറവായതിനാൽ ജനം കൂട്ടത്തോടെ തിക്കിത്തിരക്കേണ്ട അവസ്ഥ മാറും. റേഷൻ ഡിപ്പോകളിൽ ഭിന്നശേഷിക്കാരെയും മുതിർന്ന പൗരന്മാരെയും വരി നിർത്തുന്നത് ഒഴിവാക്കണമെന്നും ഇവർക്കു മുൻഗണന നൽകണമെന്നും സർക്കാർ നിർദേശമുണ്ട്.