ഗുരുവായൂർ: പ്രമുഖ വ്യവസായിയും പത്മശ്രീ പുരസ്‌കാര ജേതാവുമായ രവിപിള്ളയുടെ മകൻ ഗണേശിന്റെ വിവാഹം നാളെ ഗുരുവായൂരിൽ നടക്കാനിരിക്കെ ആചാര-മര്യാദകൾ ലംഘിച്ചതിന് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഗുരുവായൂർ ക്ഷേത്രനടപ്പന്തൽ തുറന്ന് കൊടുത്ത നടപടിയിലാണ് കേസ്. വിവാഹം കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന പരാതി ജില്ലാ കളക്ടർക്ക് നേരത്തെ കിട്ടിയിരുന്നു. വിവാഹത്തിന് മുന്നോടിയായി ഗംഭീരമായ അലങ്കാരങ്ങളാണ് ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയിലടക്കം ഒരുക്കിയിരിക്കുന്നത്. പൂക്കൾ കൊണ്ടുള്ള അലങ്കാരങ്ങളും കമാനങ്ങളുമാണ് ഏറെയും. രാഷ്ട്രീയ -സിനിമ സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

ക്ഷേത്രം ഭരണസമിതിക്കെതിരെ പ്രതിഷേധങ്ങൾ ഉയർന്നതോടെ അടുത്ത ദിവസം തന്നെ നടപ്പന്തലിലെ കട്ടൗട്ടുകളും കമാനങ്ങളും ഉൾപ്പെടെയുള്ള മുഴുവൻ അലങ്കാരങ്ങളും പൊളിച്ചു മാറ്റിയിരുന്നു. എന്നാൽ ഗുരുവായൂർ ദേവസ്വം ബോർഡിന് കീഴിൽ നടന്ന ഇത്തരത്തിലുള്ള ആചാരലംഘനങ്ങൾക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ കോടതി ഇടപെടുകയായിരുന്നു. ജസ്റ്റിസ് അനിൽ.കെ.നരേന്ദ്രൻ, ജസ്റ്റിസ് കെ.ബാബു എന്നിവരടങ്ങുന്ന ബെഞ്ചാണ് ഗുരുവായൂർ ദേവസ്വം ബോർഡ് അഡ്‌മിനിസ്ട്രേറ്റീവ് ഭാരവാഹികൾക്കെതിരെ സ്വമേധയാ കേസെടുത്തിരിക്കുന്നത്.

വിവാഹച്ചടങ്ങിന് താലി കെട്ടാൻ നടപ്പന്തൽ ഉപയോഗിക്കാമെങ്കിലും അലങ്കാരം നടത്താൻ ഇവിടെ അനുവാദമില്ല. വിവാഹത്തിന് ശേഷമുള്ള ചടങ്ങുകൾക്ക് ക്ഷേത്രത്തിന് സമീപമുള്ള ഓഡിറ്റോറിയമാണ് ആവശ്യക്കാർ ഉപയോഗപ്പെടുത്തുന്നത്. ആചാരങ്ങളുടെ ഭാഗമായി ഭഗവാന്റെ ചടങ്ങുകൾക്ക് മാത്രമാണ് ക്ഷേത്രനടപ്പന്തൽ അലങ്കരിക്കുക. ഇത്തരം നിയമങ്ങൾ നിലനിൽക്കെയാണ് ക്ഷേത്രം ഭരണ സമിതി നിയമ ലംഘനത്തിന് കൂട്ട് നിന്നത്.

നിലവിൽ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് വധൂവരന്മാർ ഉൾപ്പെടെ 14 പേർക്ക് മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പാടുള്ളൂ. അതിനാൽ വിവാഹദിവസം ഇക്കാര്യങ്ങൾ ബോർഡ് ഭരണസമിതി ഉറപ്പ് വരുത്തണമെന്നും കോടതി ഉത്തരവിൽ പറയുന്നുണ്ട്. ഈ മാസം 14 ന് കേസ് പരിഗണിക്കും.

ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ തൂണുകൾ വരെ അലങ്കരിക്കാൻ അനുവാദം നൽകിക്കൊണ്ടാണ് ആയിരത്തിലേറെ ആളുകളെ ക്ഷണിച്ച ഈ വിവാഹം കോവിഡ് കാലത്ത് നടത്തുന്നത് എന്നാണ് കളക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നത്. സർക്കാർ കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണിതെന്ന് കാണിച്ച് ഗുരുവായൂർ ക്ഷേത്രരക്ഷാ സമിതി ജില്ലാ കലക്ടർക്ക് പരാതി നൽകി. നാട്ടുകാരും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ദേവസ്വം അഡ്‌മിനിസ്ട്രേറ്റർക്കും പരാതികൾ നൽകിയിട്ടുണ്ട്.

ഗുരുവായൂർ മുനിസിപ്പാലിറ്റി പ്രദേശത്ത് കോവിഡ് വ്യാപകമായുള്ള സമയത്താണ് എല്ലാ സർക്കാർ മാനദണ്ഡങ്ങളും ലംഘിച്ച് ഇത്രയേറെ ആളുകളെ വിളിച്ച് കല്യാണം സംഘടിപ്പിക്കുന്നത്. പൂന്താനം ഓഡിറ്റോറിയം അഞ്ച് ദിവസത്തേക്ക് വാടകക്കെടുത്താണ് ചടങ്ങുകൾ നടത്തുന്നത്. കേരളത്തിനകത്തു നിന്നും പുറത്തു നിന്നും നിരവധി പ്രമുഖർ കല്യാണത്തിന് എത്തിയേക്കും.

രവി പിള്ളയുടെ മകന്റെ വിവാഹം നടത്താൻ വേണ്ടി മാത്രം പ്രത്യേക മണ്ഡപം പണിയാൻ അനുവദിക്കണം എന്ന ആവശ്യവുമായി ചിലർ ദേവസ്വത്തെ സമീപിച്ചിരുന്നതായും വാർത്തകളുണ്ട്. കല്യാണ മണ്ഡപത്തിന്റെ തൊട്ടടുത്തുള്ള സ്ഥലം വൃന്ദാവനം മാതൃകയിൽ സെറ്റിടുകയും ചെയ്തു. ഇതിനെതിരെയും വലിയ പരാതി ഉയർന്നിരുന്നു.

കോവിഡ് പടരുന്ന സാഹചര്യത്തിൽ ഇത്തരമൊരു പരിപാടി നടത്താൻ അനുവാദം നൽകരുതെന്ന് കാണിച്ചാണ് ക്ഷേത്രരക്ഷാ സമിതി ജില്ലാ കലക്ടർക്ക് പരാതി നൽകിയത്. ഗുരുവായൂർ ദേവസ്വത്തിൽ തന്നെ ധാരാളം പേർ അടുത്തിടെ പോസിറ്റീവായി ചികിത്സയിലാണ്. ഈ വിവാഹത്തിൽ ഗുരുവായൂർ ദേവസ്വത്തിലെ കൂടുതൽ ജീവനക്കാർ പങ്കെടുക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ രോഗ വ്യാപനത്തിന് സാധ്യതയുണ്ടെന്നാണ് ഗുരുവായൂർ ക്ഷേത്രരക്ഷാ സമിതിയുടെ പരാതിയിൽ പറയുന്നത്.