മുംബൈ: ഡാറ്റാ സംഭരണ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നതിൽ വീഴ്ച വരുത്തിയ മാസ്റ്റർ കാർഡിന് പുതിയതായി ഉപഭോക്താക്കളെ ചേർക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വിലക്ക് ഏർപ്പെടുത്തിയെങ്കിലും നിലവിൽ മാസ്റ്റർ കാർഡ് ഉപയോഗിക്കുന്നവർക്ക് ലഭിക്കുന്ന സേവനങ്ങൾ തുടർന്നും ലഭ്യമാകും.

ആവശ്യത്തിന് സമയം അനുവദിച്ചിട്ടും റിസർവ് ബാങ്ക് നൽകിയ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയതെന്ന് ആർ.ബി.ഐ പ്രസ്താവനയിൽ പറഞ്ഞു. മുൻപ് സമാനമായ രീതിയിൽ അമേരിക്കൻ എക്സ്പ്രെസ് ബാങ്കിങ് കോർപ്, ഡൈനഴ്സ് ക്ലബ്ബ് ഇന്റർനാഷണൽ എന്നിവരുടെ കാർഡുകളും ആർ.ബി.ഐ. വിലക്കിയിരുന്നു.

2018ൽ പുറത്തിറക്കിയ ഒരു സർക്കുലറിൽ എല്ലാ കാർഡ് ദാതാക്കളോടും പേയ്മെന്റ് സംവിധാനവുമായി ബന്ധപ്പെട്ട ഡാറ്റ ഇന്ത്യയിലുള്ള സിസ്റ്റത്തിൽ ശേഖരിച്ച് രേഖപ്പെടുത്തണമെന്ന് നിർദ്ദേശിച്ചിരുന്നു. ആറ് മാസത്തെ സമയപരിധിയാണ് ഇതിനായി നൽകിയത്. സർക്കുലർ പാലിക്കാത്തതിനെ തുടർന്നാണ് ഇപ്പോൾ നടപടിയെടുത്തത്.