ന്യൂഡൽഹി: മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയടക്കം രാജ്യത്തെ 14 ബാങ്കുകൾക്ക് മുകളിൽ റിസർവ് ബാങ്ക് പിഴ ശിക്ഷ ചുമത്തി. ബാങ്ക് ഓഫ് ബറോഡ, ബന്ധൻ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ക്രെഡിറ്റ് സ്യുസെ എജി, ഇന്ത്യൻ ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, കർണാടക ബാങ്ക്, കരൂർ വൈശ്യ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ദി ജമ്മു ആൻഡ് കശ്മീർ ബാങ്ക്, ഉത്കർഷ് സ്‌മോൾ ഫിനാൻസ് ബാങ്ക് എന്നിവയ്ക്കാണ് പിഴ ചുമത്തിയിരിക്കുന്നത്.

ബാങ്കിങ് ഇതര ധനകാര്യ കമ്പനികൾക്ക് വായ്പ നൽകിയതിലും അഡ്വാൻസ് നൽകിയതിനും സ്റ്റാറ്റിയൂട്ടറി നിയന്ത്രണങ്ങൾ തെറ്റിച്ചെന്നാണ് കുറ്റം. ആകെ 14.50 കോടി രൂപയാണ് ബാങ്കുകൾക്ക് മേൽ ചുമത്തിയിരിക്കുന്ന പിഴ. ഇതിൽ ഏറ്റവും കൂടുതൽ പിഴയടക്കേണ്ടത് ബാങ്ക് ഓഫ് ബറോഡയാണ്, രണ്ട് കോടി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കാണ് ഏറ്റവും കുറവ് പിഴ, 50 ലക്ഷം.

ബാങ്കുകളുടെ ഭാഗത്ത് പിഴവ് കണ്ടെത്തിയതിനെ തുടർന്ന് കേന്ദ്ര ബാങ്ക് ഇവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിൽ വിശദീകരണം തേടിയിരുന്നെങ്കിലും തൃപ്തികരമല്ലാതിരുന്നതോടെയാണ് പിഴ ചുമത്തിയതെന്ന് ഇത് സംബന്ധിച്ച വാർത്താക്കുറിപ്പിൽ ആർബിഐ പറയുന്നു. റിസർവ് ബാങ്ക് ചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്നുള്ള പിഴ മാത്രമാണിതെന്നും ഉപഭോക്താക്കൾക്ക് മേൽ ഈ പിഴയുടെ ഭാരം ഉണ്ടാവില്ലെന്നും റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.