തിരുവനന്തപുരം: പാലാരിവട്ടം പാലം പഞ്ചവടി പാലമായി. അഴിമതി കേസിൽ മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലുമായി. എന്നാൽ ഈ പാലം നിർമ്മിച്ച ആർഡിഎസ് കമ്പനിക്കു വിവാദങ്ങൾക്കിടയിലും സർക്കാർ നൽകിയതു തലസ്ഥാനത്തെ പാളയം കണ്ണിമാറ മാർക്കറ്റ് നവീകരണം ഉൾപ്പെടെയുള്ള കരാറുകളാണ്. ആലപ്പുഴ ബൈപാസിന്റെയും കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയുടെയും നിർമ്മാണത്തിൽ ഇവർ പങ്കാളികളാണ്. അവരെ ഇതുവരെ ആരും കരിമ്പട്ടികയിൽ പെടുത്തിയില്ലെന്നതാണ് വസ്തുത.

കേരളത്തിലെ ഏറ്റവും നല്ല കരാറുകാരായിരുന്ന ആർഡിഎസിനെ അഴിമതിക്കാർ ബലിയാടാക്കി എന്നാണു മന്ത്രി ജി.സുധാകരൻ കഴിഞ്ഞ മാസം പ്രതികരിച്ചത്. അതായത് പാലം പണിതവർ നല്ലതും പണിയാൻ അനുമതി കൊടുത്തവർ മാത്രം അഴിമതിക്കാരും. ഇതും വ്യാപക ചർച്ചയാകുന്നുണ്ട്. ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിന് പിന്നിൽ രാഷ്ട്രീയമാണെന്ന് സമർത്ഥിക്കാൻ ഇതിലൂടെ പ്രതിപക്ഷം തയ്യാറെടുക്കുകയാണ്. മോശം പാലം നിർമ്മിച്ചവർ എങ്ങനെ സർക്കാരിന് പ്രിയപ്പെട്ടതാകുന്നുവെന്നതാണ് ഉയരുന്ന വാദം.

വിജിലൻസ് കേസിൽ ഒന്നാം പ്രതി കരാർ കമ്പനിയായ ആർഡിഎസിന്റെ എംഡി സുമീത് ഗോയലാണ്. രണ്ടാം പ്രതി റോഡ്‌സ് ആൻഡ് ബ്രിജസ് കോർപറേഷൻ മുൻ അഡീ. ജനറൽ മാനേജർ എം ടി. തങ്കച്ചനും മൂന്നാം പ്രതി കിറ്റ്കോ യുടെ ജോയിന്റ് ജനറൽ മാനേജർ ബെന്നി പോളുമാണ്. നാലാം പ്രതി മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജും. ഈ കേസിലാണ് മുന്മന്ത്രിയെ അറസ്റ്റ് ചെയ്തത്. എന്നിട്ടും ഒന്നാം പ്രതിക്ക് ഇപ്പോഴും വർക്കുകൾ വാരിക്കോരി കൊടുക്കുന്നു.

പാളയം മാർക്കറ്റ് പ്രവർത്തിക്കുന്ന ഒന്നേ മുക്കാൽ ഏക്കർ സ്ഥലത്ത് 118.22 കോടി രൂപ ചെലവഴിച്ച് 5 നില കെട്ടിടം പണിയുന്നതാണു നവീകരണ പദ്ധതി. കെഎസ്ടിപി രണ്ടാംഘട്ട പദ്ധതിയിലെ കോന്നി -പുനലൂർ ഭാഗത്തെ കരാറും ആർഡിഎസ് അടങ്ങിയ സംയുക്ത സംരംഭത്തിനാണു ലഭിച്ചത്. ആർഡിഎസ് ഉൾപ്പെട്ട സംയുക്ത സംരംഭത്തെ കെഎസ്ടിപി ടെൻഡറിൽ നിന്നൊഴിവാക്കി മറ്റൊരു കമ്പനിക്കു കരാർ നൽകിയതു മേയിൽ ഹൈക്കോടതി റദ്ദാക്കിയിരുന്നു. നടപടികൾക്കു ശേഷം വിലക്കാൻ തീരുമാനിച്ചാൽ വർക്ക് റീടെൻഡർ ചെയ്യണമെന്നും അല്ലാത്തപക്ഷം അവരുൾപ്പെട്ട സംയുക്ത സംരംഭത്തിനു കരാർ നൽകണമെന്നുമായിരുന്നു കോടതി ഉത്തരവ്.

പാലാരിവട്ടം പാലം നിർമ്മിച്ച ആർഡിഎസ് പ്രോജക്ട്സിനെ വിലക്കുപട്ടികയിൽപ്പെടുത്താൻ നടപടി ആരംഭിച്ചുവെന്ന് സർക്കാർ കഴിഞ്ഞ നവംബറിൽ ഹൈക്കോടതിയെ അറിയിച്ചെങ്കിലും തുടർനടപടി ഉണ്ടായിട്ടില്ല. ആർഡിഎസ് കരാറെടുത്ത സംസ്ഥാനത്തെ മറ്റു പ്രവർത്തനങ്ങൾ തടസ്സപ്പെടുമെന്ന സർക്കാരിന്റെ ആശങ്കയാണു കാരണമെന്ന് ആരോപണമുണ്ട്. കരാറുകാരായ ആർഡിഎസ് പ്രോജക്ട്സിന് 8.25 കോടി രൂപ പലിശയില്ലാതെ മുൻകൂർ അനുവദിക്കാനും കരാർ വ്യവസ്ഥകളിൽ ഇളവു നൽകാനും അന്നത്തെ പൊതുമരാമത്തുമന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് ഉത്തരവു നൽകിയതായി അന്നത്തെ മരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ് മൊഴി നൽകി. തുടർന്നാണ് കുഞ്ഞിനെ പ്രതിചേർത്തത്.

പാലാരിവട്ടം മേൽപാലം അഴിമതിക്കേസിലെ അഞ്ചാം പ്രതിയും മുൻ പൊതുമരാമത്ത് മന്ത്രിയുമായ കളമശേരി എംഎൽഎ വി.കെ. ഇബ്രാഹിംകുഞ്ഞിനെ ഇന്നലെ രാവിലെ 10.30ന് അദ്ദേഹം ചികിത്സയിൽ കഴിയുന്ന വിപിഎസ് ലേക്ഷോർ ആശുപത്രിയിലെത്തിയാണ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. വൈകിട്ട് 6ന് മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി ജോബിൻ സെബാസ്റ്റ്യൻ ആശുപത്രിയിലെത്തി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു; ചികിത്സയ്ക്കായി ആശുപത്രിയിൽ തുടരാൻ അനുവദിച്ചു. ചൊവ്വാഴ്ച വൈകിട്ട് എട്ടിനാണ് ഇബ്രാഹിംകുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പാലാരിവട്ടം കേസിൽ പ്രതിചേർക്കപ്പെട്ട് 8 മാസത്തിനു ശേഷമാണ് ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലാകുന്നത്. ഈ കേസിൽ അറസ്റ്റിലാകുന്ന അഞ്ചാമനാണ്, അഞ്ചാം പ്രതിയായ അദ്ദേഹം.