ബംഗളൂരു: കഗദാസപുരയിൽ പുതുതായി ആരംഭിക്കുന്ന സെന്റ് മേരീസ് സീറോ മലബാർ ദിവ്യകാരുണ്യ കേന്ദ്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും താത്കാലിക ചാപ്പലിന്റെ വെഞ്ചരിപ്പുകർമവും പ്രഥമ ദിവ്യബലിയും മാണ്ഡ്യയുടെ പുതിയ മെത്രാൻ മാർ ആന്റണി കരിയിൽ സിഎംഐക്ക് സ്വീകരണവും  പത്തിന് വൈകുന്നേരം 4.30 ന് ബസവനഗറിലെ ചെമ്മണ്ണൂർ എൻക്ലേവിനുള്ളിലെ ഹാളിൽ നടക്കും. വൈകുന്നേരം 4.45 ന് ആരംഭിക്കുന്ന തിരുക്കർമങ്ങൾക്ക് മാർ ആന്റണി കരിയിൽ മുഖ്യകാർമികത്വം വഹിക്കും. വികാരി ജനറാൾ റവ.ഡോ. മാത്യു കോയിക്കര സിഎംഐ, ധർമാരാം റെക്ടർ റവ.ഡോ. തോമസ് ഐക്കര സിഎംഐ, മുൻ മുഖ്യാധികാരി ഫാ. സെബാസ്റ്റ്യൻ എടത്തിക്കാവിൽ സിഎംഐ, സെന്റ് ജൂഡ് ചർച്ച് വികാരി ഫാ. ജോയ് അറയ്ക്കൽ സിഎംഐ, ഫാ. മോൺസി നെല്ലിക്കുന്നേൽ എസ്ഡിബി എന്നിവർ സഹകാർമികത്വം വഹിക്കും.

മാറത്തഹള്ളി സെന്റ് ആൻസ് ദേവാലയം, ഉദയനഗർ സെന്റ് ജൂഡ് ദേവാലയം, ഇന്ദിരാനഗർ റിസറക്ഷൻ ദേവാലയം, എച്ച്എഎൽ സെന്റ് തോമസ് ദേവാലയം എന്നീ ഇടവകാതിർത്തി പ്രദേശങ്ങളിലുള്ള സീറോ മലബാർ വിശ്വാസികൾക്കു വേണ്ടി ഒരു ഇടവക രൂപീകരിക്കുന്നതിന്റെ പ്രാരംഭ നടപടിയാണിത്. റവ.ഡോ. ഡേവിസ് പാണാടൻ സിഎംഐയാണ് പ്രീസ്റ്റ് ഇൻ ചാർജ്.