ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ ഉയര്‍ത്തി കമ്പനികള്‍. പുതുക്കിയ നിരക്കിന് മേയ് ഒന്നുമുതല്‍ പ്രാബല്യമുണ്ടാവും. ജൂലൈയില്‍ നഗരവാസികള്‍ക്ക് ഇതുപ്രകാരമുള്ള ബില്ല് ലഭിച്ചുതുടങ്ങി.

ബി.എസ്.ഇ.എസ് രാജധാനി പവര്‍ ലിമിറ്റഡ് (ബി.ആര്‍.പി.എല്‍), ബി.എസ്.ഇ.എസ് യമുന പവര്‍ ലിമിറ്റഡ് (ബി.വൈ.പി.എല്‍) എന്നീ കമ്പനികളാണ് നിലവില്‍ വൈദ്യുത നിരക്ക് വര്‍ധിപ്പിച്ചത്. കിഴക്കന്‍, മധ്യ ഡല്‍ഹി പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം നടത്തുന്ന ബി.വൈ.പി.എല്‍ 6.15 ശതമാനവും ദക്ഷിണ, പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ വൈദ്യുതി വിതരണം നടത്തുന്ന ബി.ആര്‍.പി.എല്‍ 8.75 ശതമാനവുമാണ് വര്‍ധിപ്പിച്ചത്.

പവര്‍ പര്‍ച്ചേസ് അഡ്ജസ്റ്റ്മെന്റ് കോസ്റ്റ് (പി.പി.എസി) പ്രകാരമാണ് നിരക്ക് വര്‍ധനയെന്ന് കമ്പനികള്‍ അറിയിച്ചു. ഉല്‍പ്പാദകരില്‍ നിന്ന് വൈദ്യുതി വാങ്ങി വിതരണത്തിനെത്തിക്കുമ്പോള്‍ ചിലവിലുണ്ടാകുന്ന വ്യത്യാസമാണ് ഇത്തരത്തില്‍ ക്രമപ്പെടുത്തുന്നതെന്നും കമ്പനി പ്രതിനിധികള്‍ അറിയിച്ചു. മറ്റൊരു വിതരണക്കമ്പനിയായ ടാറ്റ പവര്‍ ഡല്‍ഹി ഡിസ്ട്രിബ്യൂഷന്‍ ലിമിറ്റഡ് നിരക്ക് വര്‍ധിപ്പിച്ചിട്ടില്ല.