ലണ്ടൻ: ഒഴിവുകാലയാത്രകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇരുട്ടടിയായി ബ്രിട്ടന്റെ പുതിയ തീരുമാനം. ടാഫിക് സിഗ്‌നൽ മാതൃകയിൽ രാജ്യങ്ങളെ മൂന്നു വിഭാഗങ്ങളായി വേർതിരിച്ച്, സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ ക്വാറന്റൈൻ നിശ്ചയിക്കപ്പെടുന്ന രീതി പുനഃപരിശോധന നടത്തിയ സർക്കാർ ഗ്രീൻ ലിസ്റ്റിലും ആംബർ ലിസ്റ്റിലും പുതിയ വിനോദശഞ്ചാര കേന്ദ്രങ്ങൾ ഒന്നും ചേർത്തിട്ടില്ല. നിലവിൽ റെഡ് ലിസ്റ്റിലുള്ള ടർക്കിയെ ആംബർ ലിസ്റ്റിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതും ഉണ്ടായില്ല. മാലിദ്വീപിനും പാക്കിസ്ഥാനും ഒപ്പം ടർക്കിയും റെഡ് ലിസ്റ്റിൽ തുടരുകയാണ്.

അതേസമയം തായ്ലാൻഡും മോണ്ടെനെഗ്രോയും പുതിയതായി റെഡ് ലിസ്റ്റിൽ ഇടം പിടിച്ചു. അതായത് ഇപ്പോൾ അവിടെയുള്ള ബ്രിട്ടീഷ് പൗരന്മാരും റെസിഡന്റ് പെർമിറ്റ് ഉള്ളവരും ബ്രിട്ടനിൽ തിരിച്ചെത്തിയാൽ സ്വന്തം പോക്കറ്റിൽ നിന്നും 2,285 പൗണ്ട് മുടക്കി 11 ദിവസത്തെ ഹോട്ടൽ ക്വാറന്റൈന് വിധേയരാകണം. വരുന്ന തിങ്കളാഴ്‌ച്ച വെളുപ്പിന് 4 മണിക്ക് മുൻപ് ബ്രിട്ടനിലെത്തിയാൽ ക്വാറന്റൈൻ ആവശ്യമായി വരികയില്ല. അതിനുശേഷം മാത്രമായിരിക്കും ഈ മാറ്റം പ്രാബല്യത്തിൽ വരിക. ഏറ്റവും പുതിയ കോവിഡ് ഡാറ്റ വിശകലനം ചെയ്തതിനു ശേഷമാണ് ഈ തീരുമാനത്തിൽ എത്തിയത്. ഇന്ത്യ ആംബർ ലിസ്റ്റിൽ തന്നെ തുടരും.

വാക്സിൻ പദ്ധതിയുടെ വിജയത്തെ തകർക്കുന്ന തീരുമാനമായിപ്പോയി ഇതെന്നാണ് ട്രാവൽ-ടൂറിസം രംഗത്തുള്ളവർ പറയുന്നത്. വരുന്ന് ശരത്ക്കാലത്ത് കൂടുതൽ തൊഴിൽ നഷ്ടങ്ങൾക്ക് ഇത് വഴിയൊരുക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ, ആംബർ ലിസ്റ്റിൽ നിന്നും കാനഡ, ഡെന്മാർക്ക്, ഫിൻലാൻഡ്, ലൈക്കെൻസ്റ്റീൻ, ലിത്വാനിയ, സ്വിറ്റ്സർലാൻഡ്, അസോറസ് എന്നീ രാജ്യങ്ങൾ ഗ്രീൻ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. ഇപ്പോൾ തന്നെ വിമാനയാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ മാസത്തേക്കാൾ 87 ശതമാനം കുറവാനെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

അധിക കരുതൽ എടുക്കുന്ന സർക്കാർ സമീപനം സാമ്പത്തിക പ്രതിസന്ധിയിൽ നിന്നുള്ള ഉയർത്തെഴുന്നേൽപ് താമസിപ്പിക്കുമെന്ന് ഈ രംഗത്തെ വിദഗ്ദർ പറയുന്നു. വാക്സിനേഷന്റെ കാര്യത്തിൽ ബ്രിട്ടനേക്കാൾ ഏറെ പുറകിലുള്ള മറ്റു പല യൂറോപ്യൻ രാജ്യങ്ങളും ധീരമായി മുന്നോട്ട് പോവുകയാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. 77 ശതമാനത്തിലധികം ജനത വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചു കഴിഞ്ഞിട്ടും അനാവശ്യ നിയന്ത്രണങ്ങൾ നിലനിർത്തുന്നത് ശുദ്ധ മണ്ടത്തരമാണെന്നും ഇവർ പറയുന്നു. മാത്രമല്ല, വിദേശ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തുന്ന ബ്രിട്ടീഷുകാരിൽ ആയിരത്തിൽ നാലു പേർക്ക് എന്ന നിരക്കിൽ മാത്രമാണ് കോവിഡ് സ്ഥിരീകരിക്കുന്നത് എന്നും ഇവർ പറയുന്നു.

കൊറോണയുടെ പുതിയ വകഭേദങ്ങളൊന്നും യൂറോപ്പിൽ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എന്നിട്ടും അമേരിക്കയുടെയും യൂറോപ്യൻ യുണിയന്റെയും ഗ്രീൻ ലിസ്റ്റിനേക്കാൾ തീരെ ചെറുതാണ് ബ്രിട്ടന്റെ ഗ്രീൻ ലിസ്റ്റ് എന്നത് ഒരു യാഥർത്ഥ്യം തന്നെയാണ്. കർശനമായ നിയന്ത്രണങ്ങളും നിയമങ്ങളും ബ്രിട്ടീഷുകാരുടെ വിദേശയാത്ര ചെലവേറിയതാക്കിയിരിക്കുകയാണ്.

പല യൂറോപ്പ്യൻ രാജ്യങ്ങളിലും വാക്സിന്റെ രണ്ടു ഡോസുകളും എടുത്തവരെയും അതുപോലെ കാര്യമായ കോവിഡ് ഭീതിയില്ലാത്ത രാജ്യങ്ങളിൽ നിന്നെത്തുന്നവരെയും കോവിഡ് പരിശോധനയിൽ നിന്നും ഒഴിവാക്കിയപ്പോൾ, ബ്രിട്ടനിൽ വിദേശത്തുനിന്നെത്തുന്ന എല്ലാവരും സ്വന്തം ചെലവിൽ കോവിഡ് പരിശൊധന നടത്തേണ്ടതുണ്ട്.