തിരുവനന്തപുരം: എംപ്ലോയ്‌മെന്റ് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം നൂറുക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് ലഭിക്കേണ്ടിയിരുന്ന തൊഴിലവസരം നഷ്ടപ്പെട്ടു എന്ന് വകുപ്പ് തല അന്വേഷണത്തിൽ കണ്ടെത്തിയിട്ടും കുറ്റക്കാരെ സംരക്ഷിക്കുന്നതായി പരാതി.

ജൂനിയർ എംപ്ലോയിമെന്റ് ഓഫീർസർമാരായിരുന്ന മാവേലിക്കര എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ റജി ടി.എസ്, കായംകുളം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ നൗഷാദ് പി.എസ് എന്നിവർക്കെതിരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടും ശിക്ഷാ നടപടികൾ കൈകൊള്ളാൻ അധികൃതർ മടിക്കുന്നത്. ഇരുവരും ഭരണാനുകൂല യൂണിയനായ എൻജിഒ യൂണിയന്റെ പ്രവർത്തകരായതുകൊണ്ടാണ് സംരക്ഷിക്കുന്നതെന്നാണ് ഉദ്യോഗാർത്ഥികളുടെ ആരോപണം. നൗഷാദ് 2020 മെയ് മാസം സർവ്വിസിൽ നിന്നും വിരമിച്ചിരുന്നു. വിരമിക്കുമ്പോൾ എൻജിഒ യൂണിയൻ ഏര്യാ സെക്രട്ടറിയായിരുന്നു നൗഷാദ്. റജിയാകട്ടെ നിലവിൽ പ്രമോഷൻ ലഭിച്ച് എംപ്ലായ്‌മെന്റ് ഓഫീസർ എന്ന തസ്തികയിൽ ജോലി ചെയ്യുന്നു. എൻജിഒ യൂണിയന്റെ സജീവപ്രവർത്തകനും സിപിഎം നേതാക്കളോടും മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളായിരുന്നവരോടും അടുത്ത ബന്ധം പുലർത്തുന്നയാളുമാണ്.

ആലപ്പുഴ ജില്ലയുടെ പരിധിയിൽ വരുന്ന മാവേലിക്കര, കായംകുളം എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച്കളിൽ ഉദ്യോഗാർത്ഥികളുടെ തൊഴിൽ അവസരം നഷ്ട്ടപ്പെടുന്നുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊതുപ്രവർത്തകനായ രാജേഷ് ഉണ്ണിച്ചേത്ത് നടത്തിയ വിവരാവകാശ പോരാട്ടങ്ങളിലൂടെയാണ് ഈ രണ്ട് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ നിന്നായി വിവിധ സർക്കാർ, അർദ്ധസർക്കാർ, പ്രൈവറ്റ് ഡിപ്പാർട്‌മെന്റ്കളിലേക്കു ഉദ്യോഗാർത്ഥികളുടെ പേര് വിവരങ്ങൾ അയച്ചുനൽകുന്നതിൽ കഴിഞ്ഞ അഞ്ച് വർഷമായി വീഴ്ചയുണ്ടായി എന്ന വസ്തുത പുറത്തു വരുന്നത്. ഇതിനെ തുടർന്ന് തിരുവനന്തപുരം റീജിയണൽ എംപ്ലോയിമെന്റ് ഡെപ്യൂട്ടി ഡയറക്ടർ എ. സുധീർ കുമാർ നടത്തിയ അന്വേഷണത്തിലാണ് നൗഷാദിനും റെജിക്കുമാണ് അഞ്ച് വർഷത്തിനിടയിൽ നൂറുക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്തമെന്ന് തെളിയുന്നത്.

വകുപ്പുതല അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ, മുഖ്യമന്ത്രി, തൊഴിൽവകുപ്പ് മന്ത്രി, ലേബർ സെക്രട്ടറി, എംപ്ലോയ്‌മെന്റ് ഡയറക്ടർ എന്നിവർക്ക് പരാതി നൽകിയെങ്കിലും നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും രാജേഷ് ഉണ്ണിച്ചേത്ത് പറയുന്നു.

ഓരോ തസ്തികയ്ക്കും യോഗ്യരായ അതാത് എംപ്ലോയ്‌മെന്റ് എക്‌സചേഞ്ചുകളിലെ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുത്ത് അയക്കുവാൻ ചുമതലയുള്ളവരായിരുന്നു ഈ ജൂനിയർ എംപ്ലോയിമെന്റ് ഓഫീർസർമാർ. ആലപ്പുഴ ജില്ലയിൽ ചേർത്തല, ആലപ്പുഴ, കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിങ്ങനെ നിലവിൽ ആറ് എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച്കളാണ് ഉള്ളത്. ഈ ഓഫീസുകളിലേയ്ക്ക് സംസ്ഥാനത്തെയും ആലപ്പുഴ ജില്ലയിലെയും സർക്കാർ, അർദ്ധസർക്കാർ, പ്രൈവറ്റ് ഡിപ്പാർട്‌മെന്റുകളിൽ നിന്നും സ്ഥിര- താത്കാലിക തൊഴിൽ അവസര ഒഴിവുകൾ അറിയിച്ചുകൊണ്ട് കത്തുകൾ അയയ്ക്കുകയാണ് ചെയ്യാറ്. ഇങ്ങനെ വരുന്ന കത്തുകളിൽ ഒരു നിശ്ചിത തിയതി രേഖപ്പെടുത്തി അതാത് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസുകൾ ആ ജില്ലയിലുള്ള മറ്റ് സബ് എംപ്ലോയിമെന്റ് ഓഫീസുകൾക്ക് തസ്തികകൾ കൃത്യമായി വീതിച്ച് നൽകുന്നതാണ് നടപടിക്രമം. അതിലെ രണ്ട് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ നിന്നും അർഹരായവരുടെ ലിസ്റ്റ് നിശ്ചിത തീയതിക്കുള്ളിൽ ലഭിക്കാതിരുന്നാൽ അത് ഒഴിവാക്കി മറ്റുള്ളവ മാത്രം ഒഴിവറിയിച്ച വകുപ്പുകളിലേയ്ക്ക് അയയ്ക്കും. അതുപ്രകാരം ജില്ലയിലെ ആറ് എംപ്ലോയ്‌മെന്റുകളിൽ നാലിടങ്ങളിൽ നിന്നും ലഭിച്ച ഉദ്യോഗാർത്ഥികളുടെ തൊഴിൽ അവസര ലിസ്റ്റുകൾ മാത്രം പരിഗണിച്ച് ഒഴിവറിയിച്ച ഡിപ്പാർമെന്റുകൾ ഉദ്യോഗാർത്ഥികളെ രേഖാമൂലം കത്തുകൾ അയച്ച് കൂടിക്കാഴ്ച നടത്തി ആവശ്യമായ ഒഴിവുകൾ ഇതിലൂടെ നികത്തുന്നു. അതായത് ലിസ്റ്റുകൾ ലഭിക്കാത്ത എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലെ ഉദ്യോഗാർത്ഥികളുടെ തൊഴിൽ അവസരങ്ങൾ അവർ പോലും അറിയാതെ ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ കൃത്യവിലോപവും. ഉത്തരവാദിത്വം ഇല്ലായ്മയും മൂലം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. ഇതിൽ വിധവകൾ, വികലാംഗർ മറ്റു പരിഗണനാ വിഭാഗങ്ങൾ എന്നിവയിൽ ഉള്ളവരും ഉൾപ്പെടുന്നു.

കുറ്റക്കാരെന്ന് കണ്ടെത്തിയ നൗഷാദ് വിരമിച്ചതിനാൽ ശിക്ഷാനടപടികൾ കൈകൊള്ളാൻ സാധിക്കില്ലെന്ന നിലപാടാണ് വകുപ്പിനുള്ളത്. റെജിയാകട്ടെ അന്വേഷണറിപ്പോർട്ട് പുറത്തുവന്ന ശേഷവും ഒരു വർഷത്തോളം മാവേലിക്കര എംപ്ലോയ്‌മെന്റ് എക്‌സചേഞ്ചിൽ തന്നെ തുടരുകയും പിന്നെ ഇത്ര ഗുരുതരമായ കൃത്യവിലോപം കാണിച്ച ഉദ്യോഗസ്ഥനെ സ്ഥാനകയറ്റത്തോടെ ഇരിങ്ങാലക്കുട എംപ്ലോയിമെന്റിലേക്ക് പ്രൊമോഷൻ ട്രാൻസ്ഫർ നൽകുകയുമാണ് ചെയ്തത്. അദ്ദേഹത്തിന്റെ സഞ്ചിതഫലത്തോടുകൂടിയല്ലാതെ രണ്ട് വർഷത്തെ വാർഷിക ഇൻക്രിമെന്റ് ബാർ ചെയ്തു എന്നത് മാത്രമാണ് നാമമാത്രമായ നടപടി. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ തന്നെ പാർട്ടി അനുകൂല ഉദ്യോഗസ്ഥ സംഘടനയിലെ രണ്ട് ഉദ്യോഗസ്ഥന്മാർക്ക് ഇതൊന്നും വലിയ കാര്യമല്ല. കാലങ്ങളായി ഒരു തൊഴിലിനായി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ജോലി കൊടുത്തില്ലെങ്കിലും തങ്ങൾക്കുള്ള ശമ്പളം മാസം തോറും മുടങ്ങാതെ കിട്ടും എന്ന ധാരണയാണ് അവർക്ക്. ഈ വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് ലോക്ക്ഡൗൺ കഴിഞ്ഞാലുടൻ കോടതിയെ സമീപിക്കാനിരിക്കുകയാണ് രാജേഷ് ഉണ്ണിച്ചേത്ത്.