മസ്‌കത്ത്: ഒമാനിൽ വിദേശികളുടെ തൊഴിൽ കരാറുകൾ ഇനി ഓൺലൈനിൽ രജിസ്റ്റർ ചെയ്യണം. തൊഴിലുടമകൾക്ക് വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാൻ സാധിക്കുന്ന ഇലക്‌ട്രോണിക്ക് സേവനത്തിന് ബുധനാഴ്ച മുതൽ തുടക്കമായതായി തൊഴിൽമന്ത്രാലയം അറിയിച്ചു. വിദേശ തൊഴിലാളി ഒമാനിലെത്തി റെസിഡന്റ് കാർഡ് ലഭിച്ച ശേഷം തൊഴിൽ ഉടമക്ക് രജിസ്‌ട്രേഷൻ നടത്താവുന്നതാണ്.

കരാർ പിന്നീട് പുനരവലോകനം ചെയ്യുന്ന പക്ഷം ഓൺലൈനിൽ തന്നെ ഭേദഗതി ചെയ്യാനും സാധിക്കുമെന്നും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. തൊഴിലുടമയുടെ വിവരങ്ങളിലും മാറ്റങ്ങൾ വരുത്താം. തൊഴിൽ കരാറിന്റെ കൃത്യതയും കാലാവധിയും ഉറപ്പുവരുത്തുന്നതിനായി വിദേശ തൊഴിലാളി അത് പരിശോധിച്ച് സമ്മതമറിയിക്കുകയും വേണമെന്ന് മന്ത്രാലയം അറിയിച്ചു.

തൊഴിൽ പെർമിറ്റ് പുതുക്കി റസിഡന്റ് കാർഡ് ലഭിച്ച ശേഷവും രജിസ്‌ട്രേഷൻ നടത്താം. പ്രൊഫഷനിൽ ഔദ്യോഗികമായി മാറ്റം വരുത്തിയാലോ കാലാവധി കഴിയുകയോ ചെയ്താലും രജിസ്‌ട്രേഷൻ നടത്തണം. തൊഴിലാളി കരാറിന് സമ്മതം അറിയിച്ച ശേഷമാണ് തൊഴിലുടമ കരാറിന്റെ സേവന ഫീസ് അടക്കേണ്ടത്. ഇതിന് ശേഷമാണ് കരാർ തൊഴിൽമന്ത്രാലയം അംഗീകരിക്കുക.