കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ലീഗ് നേതാവ് കെ എം ഷാജിക്ക് ആശ്വാസം. മുൻ അഴീക്കോട് എംഎ‍ൽഎ കൂടിയായ ഷാജിയുടെ ഭാര്യയുടെ സ്വത്ത് കണ്ട് കെട്ടിയ ഇ.ഡി ഉത്തരവിന് ഹൈക്കോടതി സ്റ്റേ. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള നടപടിക്കെതിരേ കെ.എം ഷാജി സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. എന്നാൽ ഇ.ഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോവാമെന്നും എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കാനും ഉത്തരവിട്ടുണ്ട്. ആശാ ഷാജിയുടെ പേരിലുള്ള കോഴിക്കോട് വേങ്ങേരി വില്ലേജിലെ 25 ലക്ഷം രൂപ വിലവരുന്ന വീടും സ്ഥലവുമായിരുന്നു കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇ.ഡി കണ്ടുകെട്ടിയത്.

വിജിലൻസ് റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ഏപ്രിൽ 18 നാണ് കള്ളപ്പണ വെളുപ്പിക്കൽ കേസിൽ ഇ.ഡി അന്വേഷണം ആരംഭിച്ചത്. എംഎ‍ൽഎ ആയിരുന്ന സമയത്ത് അഴീക്കോട് സ്‌കൂളിൽ ഒരു അദ്ധ്യാപകയ്ക്ക് സ്ഥിര നിയമനം നൽകാൻ അവരിൽ നിന്ന് 25 ലക്ഷം രൂപ കൈക്കൂലിയായി ഷാജി വാങ്ങിച്ചെന്ന പരാതിയിൽ 2016-ൽ വിജിലൻസ് ഷാജിക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ഭാര്യയുടെ പേരിൽ കോഴിക്കോട് വീടും സ്ഥലവും വാങ്ങാൻ ഈ പണം ഉപയോഗിച്ചതായി ഇ.ഡിയുടെ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ടെന്നും ഇ.ഡി ഇറക്കിയ വാർത്താ കുറിപ്പിൽ പറഞ്ഞിരുന്നു. എന്നാൽ തനിക്കെതിരെ ആരോപിക്കുന്ന കൈക്കൂലിക്കേസ് 2014 ൽ ഉള്ളതാണെന്നും അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളെ കള്ളപ്പണം വെളുപ്പിക്കുന്നതു തടയൽ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്നത് 2018 ജൂലായ് 26 മുതലാണെന്നുമായിരുന്നു ഷാജി നൽകിയ ഹരജിയിൽ പറയുന്നത്.