ആലപ്പുഴ: വിദേശത്തും സ്വദേശത്തുമുള്ള ഓഫീസുകളിലേക്ക് ഫർണിച്ചർ നൽകാമോയെന്ന റിലയൻസിന്റെ അന്വേഷണം കേട്ടു ഞെട്ടിയിരിക്കുകയാണ് ഫർണിച്ചർ ഉത്പാദകരുടെ സംഘടന. ഫർണിച്ചർ മാനുഫാക്ചറേഴ്‌സ് ആൻഡ് മർച്ചന്റ്‌സ് അസോസിയേഷനായ ഫുമ്മയുടെ നേതൃത്വത്തിൽ നടക്കുന്ന അന്തർദേശീയ വെർച്വൽ മേളയിലൂടെയാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർ.ഐ.എൽ.) അന്വേഷണമെത്തിയത്.200 കോടിയോളം രൂപയുടെ ഓർഡറാണ് വന്നിരിക്കുന്നത്.

അന്വേഷണം വന്നപ്പോൾ തന്നെ ഫുമ്മ പ്രസിഡന്റ് ടോമി പുലിക്കാട്ടിൽ അത് പെരുമ്പാവൂർ ഹൈഫൺ മാനേജിങ് ഡയറക്ടർ അനിൽ ഹൈഫണിന് കൈമാറി. കേരളത്തിലെ ഏറ്റവും വലിയ ഫർണിച്ചർ നിർമ്മാണകമ്പനിയാണ് ഹൈഫൺ.ഒറ്റയടിക്ക് ഇത്രയും സംഘടിപ്പിക്കാനുള്ള തത്രപ്പാടിലാണ് സംഘടന.ഹൈഫണിനൊപ്പം മറ്റു ഫർണിച്ചർ ഉത്പാദകരും ചേർന്ന് ഓർഡർ നൽകാനാകുമോയെന്ന ആലോചനയിലാണിപ്പോൾ.

റിലയൻസിന്റെ രാജ്യത്താകെയും വിദേശത്തുമുള്ള ഓഫീസുകളിലേക്കും ഗസ്റ്റ്ഹൗസുകളിലേക്കുമായാണ് ഫർണിച്ചർ വേണ്ടത്. പ്രീമിയം സോഫ, ഡൈനിങ് സെറ്റ്, അലമാരകൾ, കട്ടിലുകൾ, ക്യാബിനറ്റ് എന്നിവയെല്ലാമാണ് വീടുകളിലേക്കും വി.ഐ.പി. ഗസ്റ്റ് ഹൗസുകളിലേക്കുമായി ആവശ്യപ്പെട്ടത്. ഓഫീസുകളിലേക്കായി മേശ, കസേര, ക്യാബിനറ്റ് എന്നിവയാണ് വേണ്ടത്.

മറ്റു ഫർണിച്ചർ നിർമ്മാതാക്കളുമായി ചേർന്ന് ഓർഡർ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ഹൈഫൺ. ആദ്യമായി നടത്തുന്ന വെർച്വൽമീറ്റിൽ ഇതിനകം 22 രാജ്യങ്ങളിൽ നിന്നുള്ള അന്വേഷണങ്ങളും ഓർഡറും ലഭിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും വ്യാപാരികൾ മേളയിലൂടെ ലോക വിപണിയിലേക്കു കടന്നിരിക്കുകയാണ് ഇതിലൂടെ.