കോതമംഗലം: കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി-20 പെരുന്നാൾ ആഘോഷത്തിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ഇക്കുറി വിശ്വാസികൾക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കുന്നുണ്ടെന്നും സംസ്ഥനത്തെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പെരുന്നാൾ ആഘോഷങ്ങൾ മികവുറ്റതാക്കാൻ കർമ്മപദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കി വരികയാണെന്നും പള്ളി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

പള്ളിയിൽ കബറടങ്ങിയിട്ടുള്ള യൽദോ മോർ ബസേലിയോസ് ബാവായുടെ സ്മരണ പുതാണ് കന്നി 20 പെരുന്നാൾ ആഘോഷം.ഈ വർഷം 338-ാമത് ഓർമ്മപ്പെരുന്നാളാണ് ആഘോഷിക്കുന്നത്. ഈ മാസം 25 -ന് കൊടിയേറുന്ന പെരുന്നാൾ ആഘോഷ പരിപാടികൾ ഒക്ടോബർ 4-നാണ് സമാപിക്കുക.ശ്രേഷ്ഠ കാതോലിക്കയും ഇടവക മെത്രാപ്പൊലീത്തായുമായ ഡോ. ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ മഹനീയ കാർമ്മികത്വത്തിലും സഭയിലെ മറ്റ് മെത്രപ്പൊലീത്തമാരുടെ സഹ കാർമ്മികത്വത്തിലുമാണ് ആഘോഷ പരിപാടികൾ നടക്കുക.

ഒക്ടോബർ 2,3 തീയതികളിൽ ആണ് പെരുന്നാളിനോടനുബന്ധിച്ചുള്ള പ്രധാന ചടങ്ങുകൾ നടക്കുന്നത്. ഈ ദിവസങ്ങളിൽ നാടിന്റെ നാനാഭാഗത്തുനിന്നമായി പള്ളിയിലേയ്ക്ക് വിശ്വാസികളുടെ പ്രവാഹം കനത്തതോതിൽ വർദ്ധിക്കും. ഒക്ടോബർ 2- ന് രാത്രി 10-ന് നഗരം ചുറ്റി നടക്കുന്ന പ്രദക്ഷിണത്തിൽ പള്ളിയിലെത്തുന്ന വിശ്വാസി സമൂഹം ഒന്നടങ്കം പങ്കാളികളാവും.പ്രദക്ഷിണം ഒരു പോയിന്റ് കടക്കാൻ മണിക്കൂറുകൾ തന്നെ വേണ്ടിവരും.പെരുന്നാൾ കൊടിയേറുന്നതോടെ നഗരം ആക്ഷരാർത്ഥത്തിൽ ഉത്സവ ലഹരിയാലാവും.

പെരുന്നാളിനോടനുബന്ധിച്ച് വ്യാപാരസ്ഥാപനങ്ങൾ നടത്തിപ്പുകാർ വൈദ്യുത ദീപങ്ങളാൽ അലങ്കരിക്കുക പതിവാണ്.ഇക്കുറി വ്യാപാരി സംഘടനകളുടെ സഹകരണത്തോടെ നഗരം മുഴുവൻ ദീപാലംങ്കൃതമാക്കുന്നതിന് പള്ളിയുടെ ഭാഗത്തുനിന്നും നീക്കം ആരംഭിച്ചിട്ടുണ്ട്.ഇതോടെ നഗരം വർണ്ണ വൈവധ്യങ്ങളുടെ സംഗമഭുമിയായി മാറും.

പെരുന്നാൾ ദിനങ്ങളിൽ നഗരവീഥികൾ വിശ്വാസികളെക്കൊണ്ട് നിറയും.വ്യാപാര മേഖല വലിയ പ്രതീക്ഷയിലാണ് ഇക്കൊല്ലത്തെ പെരുന്നാളിനെ നോക്കികാണുന്നത്. സംസ്ഥാന ഗവൺമെന്റ് നിർദ്ദേശപ്രകാരം ഗ്രീൻ പ്രൊട്ടോക്കോൾ കർശനമായി പാലിച്ചാണ് പെരുന്നാൾ ആഘോഷങ്ങൾ ക്രമീകരിച്ചിട്ടുള്ളതെന്നും വിശ്വാസികൾ പള്ളിയിലും പരിസരങ്ങളിലും പ്ലാസ്റ്റിക് നിർമ്മിത ഉല്പന്നങ്ങൾ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും പള്ളി ഭാരവാഹികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

പെരുന്നാളിനോട് അനുബന്ധിച്ച് തലശേരിയിൽ നിന്നും കോതമംഗലത്തേയ്ക്ക് ആരംഭിച്ച തീർത്ഥാടനം സ്്പീക്കർ എ എൻ ഷംസീർ ഫ്ലാഗ് ഓഫ് ചെയ്തു.