തിരുവനന്തപുരം: ഗ്രാമത്തെ രക്ഷിക്കുന്നവരെയും ദുരന്തത്തിൽ അകപ്പെട്ടുപോകുന്നവരെ സ്വമേധന സാഹസികമായി രക്ഷിക്കുന്നവരെയുമൊക്കെ നമ്മൾ സിനിമകളിൽ കണ്ടിട്ടുണ്ട്. എന്നാൽ സിനിമകൾക്കപ്പുറം യാഥാർത്ഥ ജീവിതത്തിലും അത്തരമൊരു രക്ഷകനുണ്ട്. ആരും വിളിക്കാതെ തന്നെ ജീവൻ പണയംവച്ച് ദുരന്തമുഖങ്ങളിലെല്ലാം ജീവന്റെ തുടിപ്പുകൾ തേടിയെത്തുന്ന ആ രക്ഷകൻ തിരുവനന്തപുരത്തുകാരനാണ്. തിരുവനന്തപുരം വിതുര ഗോകിൽ എസ്റ്റേറ്റിൽ ജോർജ് ജോസഫ്-ഐവ ജോർജ് ദമ്പതികളുടെ മകൻ രഞ്ജിത്ത് ഇസ്രയേൽ (33).

ഇന്ത്യയിലെവിടെ ദുരന്തങ്ങളുണ്ടായാലും അവിടെ രക്ഷാപ്രവർത്തനത്തിൽ രഞ്ജിത്തിന്റെ സാന്നിദ്ധ്യവും ഉണ്ടാകും.എട്ട് വർഷത്തിനിടെയുണ്ടായ അഞ്ച് ദേശീയ ദുരന്തങ്ങളിലും രക്ഷാപ്രവർത്തകനായി ദുരന്ത പ്രതികരണസേനയ്‌ക്കൊപ്പം രഞ്ജിത്ത് ഉണ്ടായിരുന്നു. എൻഡിആർഎഫ് (നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ്) സംഘം ദുരന്തഭൂമിയിലെത്തുമ്പോൾ രക്ഷാദൗത്യവുമായി അവിടെ ആദ്യമെത്തുന്ന സിവിലിയൻ രഞ്ജിത്താണ്. 2013ൽ ഉത്തരാഖണ്ഡിൽ നടന്ന മേഘ വിസ്‌ഫോടനം, 2018ൽ കേരളത്തെ നടുക്കിയ പ്രളയദുരന്തം, 2019ലെ കവളപ്പാറ ഉരുൾപൊട്ടൽ, 2020ലെ ഇടുക്കി പെട്ടിമുടി ഉരുൾപൊട്ടൽ, രണ്ടു മാസം മുമ്പ് ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ തപോവൻ ടണൽ ദുരന്തം ഇവിടെയൊക്കെ രക്ഷാപ്രവർത്തകനായി രഞ്ജിത്ത് മുന്നിലുണ്ടായിരുന്നു. കുട്ടാനാട്ടിലെ വെള്ളപ്പൊക്കത്തിലും രക്ഷപ്രവർത്തനത്തിനായി രഞ്ജിത്ത് എത്തി. പ്രതിഫലം ഒന്നുമില്ലാത്ത രാഷ്ട്രസേവനം. പെട്ടിമുടിയിലെ രക്ഷാപ്രവർത്തനത്തിൽ ഒരാളെപോലും ജീവനോടെ രക്ഷിക്കാനാകാത്തത് രഞ്ജിത്തിനെ ഏറെ നിരാശയും ദുഃഖവും സമ്മാനിച്ചിരുന്നു.

സൈന്യത്തിൽ കമാൻഡോ ആകാനായിരുന്നു രഞ്ജിത്തിന്റെ എറ്റവും വലിയ മോഹം. അതിനായി കുട്ടിക്കാലം മുതൽ കായികരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. പഞ്ചഗുസ്തി, ബോഡി ബിൽഡിങ്, നീന്തൽ എന്നിവയിലൊക്കെ പ്രതിഭ തെളിയിച്ചു. മൂന്നു തവണ ജൂനിയർ മിസ്റ്റർ ട്രിവാൻഡ്രമായി. 2005ൽ ജൂനിയർ മിസ്റ്റർ ഇന്ത്യക്കായി മധ്യപ്രദേശിൽ നടന്ന ദേശീയ ബോഡി ബിൽഡിങ് മത്സരത്തിൽ കേരളത്തെ പ്രതിനിധാനം ചെയ്ത രഞ്ജിത്ത് ആദ്യ പത്തിലെത്തി. രഞ്ജിത്തിന്റെ സൈനിക സ്വപ്നങ്ങൾ തകർത്തത് 21-ാം വയസിൽ തലച്ചോറിനെ ബാധിച്ച ഗുരുതര രോഗമായിരുന്നു. നീണ്ട നാളത്തെ ചികിത്സകൾക്ക് ശേഷം രോഗം ഭേദമായി. അപ്പോഴേക്കും സൈന്യത്തിൽ ചേരാനുള്ള പ്രായം അതിക്രമിച്ചു.

സൈന്യത്തിൽ ചേരാനായില്ലെങ്കിലും ദുരന്തങ്ങൾ നടക്കുന്നിടത്ത് രക്ഷകനായി ഓടിയെത്താൻ രഞ്ജിത്ത് തീരുമാനിച്ചു. അതിനായി ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ലൈഫ് സേവിങ് ടെക്‌നിക്‌സ്, പർവതാരോഹണം, ഫോറസ്റ്റ് സർവൈവിങ് ടെക്‌നിക്‌സ്, പവർബോട്ട് ഓപ്പറേഷൻസ് എന്നിവയിലൊക്കെ പരിശീലനം നേടി. തുടർന്ന് സൗജന്യ സേവനവുമായി ദുരന്തമുഖങ്ങളിലേക്ക്.

മികവാർന്ന സേവനത്തിന് അതതു ജില്ലകളിലെ കളക്ടർമാർ നൽകിയിട്ടുള്ള അനുമോദന സർട്ടിഫിക്കറ്റുകൾ മാത്രമാണ് രഞ്ജിത്തിന് ആകെയുള്ള സമ്പാദ്യം. അടിക്കടി ദുരന്തങ്ങളുണ്ടാവുന്ന നാടാണ് കേരളം. എന്നാൽ രക്ഷാപ്രവർത്തനങ്ങളിൽ അനുഭവസമ്പത്തും സാങ്കേതിക പരിജ്ഞാനവുമുള്ള രഞ്ജിത്തിന്റെ അറിവുകൾ പ്രയോജനപ്പെടുത്താൻ സംസ്ഥാന സർക്കാരിന് ഇതേവരെ സാധിച്ചിട്ടില്ല. മറ്റ് സംസ്ഥാനങ്ങൾ രഞ്ജിത്തിനെ ആദരിക്കുമ്പോൾ അദ്ദേഹത്തെ വേണ്ടവിധം ഉപയോഗിക്കുക പോലും ചെയ്യാതെ പൂർണമായും അവഗണനിക്കുകയാണ് കേരളം.